Connect with us

Kerala

'പോറ്റിയെ കേറ്റിയേ' എന്ന പാരഡി പാട്ടില്‍ കേസെടുത്തു

ശബരിമല തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയുടെ പരാതിയിലാണ് തിരുവനന്തപുരം സൈബര്‍ പോലീസ് കേസെടുത്തത്

Published

|

Last Updated

തിരുവനന്തപുരം | തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് പ്രചാരണത്തിന് ഉപയോഗിച്ച ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി പാട്ടില്‍ കേസെടുത്തു. ശബരിമല തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയുടെ പരാതിയിലാണ് തിരുവനന്തപുരം സൈബര്‍ പോലീസ് കേസെടുത്തത്.

ഗാനരചയിതാവും സംവിധായകനും പാട്ട് പ്രചരിപ്പിച്ചവരും കേസില്‍ പ്രതികളാകും. അയ്യപ്പഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധം പാരഡി ഗാനമുണ്ടാക്കിയെന്നാണ് എഫ് ഐ ആര്‍. മതവികാരം വ്രണപ്പെടുന്ന പ്രവൃത്തിയാണിതെന്നും എഫ് ഐആറിലുണ്ട്. അയ്യപ്പന്റെ പേര് ഉപയോഗിച്ചതില്‍ കേസെടുക്കാമെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി സൈബര്‍ ഓപ്പറേഷന്‍ എസ് പിയുടെ റിപ്പോര്‍ട്ടിന്റെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

പാട്ടിനെതിരെയല്ല തന്റെ പരാതിയെന്നും പാട്ടില്‍ ഉപയോഗിച്ചിരിക്കുന്ന ഏതാനും വാക്കുകള്‍ക്കെതിരെ മാത്രമാണെന്നും പരാതിക്കാരനായ പ്രസാദ് കുഴിക്കാല വിശദമാക്കിയിട്ടുണ്ട്. അയ്യപ്പന്‍, ശാസ്താവ് എന്നീ വാക്കുകള്‍ വികലമായി ഉപയോഗിച്ചിട്ടുണ്ട്. അത് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും തനിക്ക് ബന്ധമില്ലെന്നും അയ്യപ്പഭക്തനെന്ന നിലയില്‍ മാത്രമാണ് പരാതി നല്‍കിയതെന്നും അയ്യപ്പനെ വച്ച് പാരഡി പാട്ടുണ്ടാക്കുന്നത് ഇന്ന് അനുവദിച്ചാല്‍ നാളെ മറ്റു പലരും ഇതുപോലെ പാട്ടുമായി വരുമെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest