Ongoing News
ഐ പി എൽ താരലേലം; 25.20 കോടി രൂപയ്ക്ക് കാമറൂൺ ഗ്രീനിനെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
ഐ പി എല്ലിലെ ഏറ്റവും മൂല്യമേറിയ കളിക്കാരിലൊരാളായി ഗ്രീൻ
അബുദാബി | ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ പി എൽ) താരലേലത്തിൽ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെ കെ ആർ) വൻതുകക്ക് സ്വന്തമാക്കി. അടിസ്ഥാന വിലയായ 2 കോടിയിൽ നിന്ന് ആരംഭിച്ച്, വാശിയേറിയ ലേലത്തിനൊടുവിൽ 25.20 കോടി രൂപയ്ക്കാണ് കെ കെ ആർ ഗ്രീനിനെ തങ്ങളുടെ പാളയത്തിൽ എത്തിച്ചത്.
ഗ്രീനിനു വേണ്ടി ആദ്യം ലേലത്തിൽ ഏറ്റുമുട്ടിയത് രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായിരുന്നു. വില 13.60 കോടിയിലെത്തിയപ്പോൾ രാജസ്ഥാൻ റോയൽസ് പിന്മാറി.
പിന്നീട്, ലേലപ്പോര് ചെന്നൈ സൂപ്പർ കിംഗ്‌സും കൊൽക്കത്തയും തമ്മിലായി. ഇരു ടീമുകളും മത്സരിച്ചതോടെ താരത്തിന്റെ മൂല്യം കുതിച്ചുയർന്നു. ഒടുവിൽ, ചെന്നൈ സൂപ്പർ കിംഗ്‌സ് പിന്മാറിയതോടെ ഐ പി എല്ലിലെ ഏറ്റവും മൂല്യമേറിയ കളിക്കാരിലൊരാളായി ഗ്രീൻ കെ കെ ആറിന് സ്വന്തമായി.



