Kerala
എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുന്നു; മുന്നണി മാറ്റം തള്ളി ജോസ് കെ മാണി
കേരള കോണ്‍ഗ്രസ് എമ്മിന്റെ യുഡിഎഫ് പ്രവേശന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
തിരുവനന്തപുരം| കേരള കോണ്‍ഗ്രസ് എം ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എമ്മിന്റെ യുഡിഎഫ് പ്രവേശന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റ നിലപാടാണ്. അത് ഇടതുപക്ഷത്തോടൊപ്പമാണെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ എപ്പോഴും ചര്‍ച്ച പാലയും തൊടുപുഴയുമാണ്. പാല മുനിസിപ്പാലിറ്റിയില്‍ കഴിഞ്ഞ തവണ പാര്‍ട്ടി ചിഹ്നത്തില്‍ പത്ത് സീറ്റുകളിലാണ് ജയിച്ചത്. ഇപ്രാവശ്യവും അങ്ങനെയാണ്.
പാല നിയോജമണ്ഡലത്തില്‍ 2198 വോട്ടിന്റെ ലീഡ് എല്‍ഡിഎഫിനാണ്. തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ 38 വാര്‍ഡുകളില്‍ ജോസഫ് ഗ്രൂപ്പ് മത്സരിച്ചു. എന്നാല്‍ രണ്ടിടത്താണ് വിജയിച്ചത്. ആരെയും ആക്ഷേപിക്കാനല്ല ഇത് പറയുന്നത്. പറഞ്ഞാല്‍ അതിന് മറുപടി പറയണം എന്നതുകൊണ്ടാണ് പറയുന്നതെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.
മുനിസിപ്പാലിറ്റി രൂപീകരിച്ചതിനുശേഷം കഴിഞ്ഞ മുപ്പതു വര്‍ഷമായി ജോസഫ് വിഭാഗം ഒരുപ്രാവശ്യം പോലും തൊടുപുഴയില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് വന്നിട്ടില്ല. എന്നാല്‍ മൂന്നു തവണ കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ വന്നു. പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിക്കുഞ്ഞിന്റെ അവസ്ഥയാണ് ജോസഫ് വിഭാഗത്തിന്റേത്. സംഘടനാപരമായി കേരള കോണ്‍ഗ്രസ് എമ്മിന് ലഭിക്കേണ്ട വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.
സംസ്ഥാനത്ത് ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ ചില വോട്ടുകള്‍ യുഡിഎഫിലേക്ക് പോയിട്ടുണ്ട്. പോരായ്മകളും വീഴ്ചകളുമുണ്ട്. അതെല്ലാം പരിശോധിക്കും. ജനവിധി വിനയത്തോടെ സ്വീകരിക്കുന്നുവെന്നും ജോസ് കെ മാണി പ്രതികരിച്ചു. ശബരിമല വിഷയം തദ്ദേശതെരഞ്ഞെടുപ്പിനെ ബാധിച്ചുവോ എന്നത് പരിശോധിക്കും. അതേകുറിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ സംസാരിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

