National
ബംഗാളില്‍ എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
കരട് പട്ടിക പുറത്തുവന്നതോടെ ബംഗാളില്‍ എസ്ഐആറിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കാന്‍ സാധ്യതയുണ്ട്.
കൊല്‍ക്കത്ത| പശ്ചിമ ബംഗാളില്‍ എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 58 ലക്ഷം പേരെ ഒഴിവാക്കിയാണ് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. 24 ലക്ഷം പേര്‍ മരിച്ചു, 19 ലക്ഷം പേര്‍ താമസം മാറി, 12 ലക്ഷം പേരെ കാണാനില്ല, 1.3 ലക്ഷം പേര്‍ ഇരട്ടവോട്ടുകള്‍ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കരട് പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്റെ ആദ്യ ഘട്ടം അവസാനിക്കുന്നു. കരട് പട്ടികയില്‍ നിന്ന് അന്യായമായി പേരുകള്‍ ഒഴിവാക്കപ്പെട്ടവര്‍ക്ക് എതിര്‍പ്പ് ഉന്നയിക്കാം. ഈ അപേക്ഷകളില്‍ തീരുമാനമായ ശേഷം 2026 ഫെബ്രുവരിയില്‍ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. ശേഷം പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കും.
കരട് പട്ടിക പുറത്തുവന്നതോടെ ബംഗാളില്‍ എസ്ഐആറിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കാന്‍ സാധ്യതയുണ്ട്. മുഖ്യമന്ത്രി മമത ബാനര്‍ജി തുടക്കം മുതല്‍ എസ്‌ഐആറിന് എതിരാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ പേരുകള്‍ എസ്ഐആറിലൂടെ വെട്ടിമാറ്റാന്‍ കേന്ദ്രസര്‍ക്കാറും തെരഞ്ഞെടുപ്പ് കമ്മീഷനും ശ്രമിക്കുകയാണെന്ന് മമത ബാനര്‍ജി ആരോപിക്കുന്നു. അതേസമയം അനധികൃത കുടിയേറ്റക്കാര്‍ ഉള്‍പ്പെടെയുള്ള വോട്ട് ബേങ്ക് സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് മമത ബാനര്‍ജി എസ്‌ഐആറിനെ എതിര്‍ക്കുന്നതെന്ന് ബിജെപി ആരോപിച്ചു. 2002 ലാണ് ബംഗാളില്‍ ഏറ്റവും ഒടുവില്‍ എസ്ഐആര്‍ നടത്തിയത്.

