First Gear
അന്താരാഷ്ട്ര ചലച്ചിത്ര മേള: കേന്ദ്രം വിലക്കിയ 19 ചിത്രങ്ങളും പ്രദർശിപ്പിക്കും; ഉറച്ച നിലപാടെടുത്ത് സംസ്ഥാന സർക്കാർ
ഫലസ്തീൻ സംഘർഷമടക്കം വിഷയങ്ങൾ പ്രമേയമാകുന്ന സിനിമകൾക്കാണ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വിലക്കേർപ്പെടുത്തിയത്
തിരുവനന്തപുരം | രാജ്യാന്തര ചലച്ചിത്ര മേളയിൽ കേന്ദ്ര സർക്കാർ പ്രദർശന വിലക്കേർപ്പെടുത്തിയ 19 ചിത്രങ്ങളും പ്രദർശിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഫലസ്തീൻ സംഘർഷമടക്കം വിഷയങ്ങൾ പ്രമേയമാകുന്ന സിനിമകൾക്കാണ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വിലക്കേർപ്പെടുത്തിയത്. ഫിലിം അക്കാദമി അപേക്ഷ സമർപ്പിക്കാൻ വൈകിയെന്ന് കാണിച്ചായിരുന്നു നടപടി.
വിലക്ക് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയതോടെ, സ്പാനിഷ് ചിത്രം ബീഫ് ഉൾപ്പെടെ നാല് സിനിമകൾ പ്രദർശിപ്പിക്കാൻ മന്ത്രാലയം പിന്നീട് അനുമതി നൽകി. എന്നാൽ, എല്ലാ 19 ചിത്രങ്ങളും പ്രദർശിപ്പിക്കും എന്ന ശക്തമായ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. കൊൽക്കത്ത ചലച്ചിത്ര മേളയിൽ സമാനമായ ഒരു സാഹചര്യം ഉടലെടുത്തപ്പോൾ, ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്ന് മമത ബാനർജി നിലപാടെടുത്തത് ഈ വിഷയത്തിൽ ശ്രദ്ധേയമാണ്.
ഇന്ത്യയിലെ ജാതീയത, പോലീസ് അതിക്രമങ്ങൾ, കമ്യൂണിസ്റ്റുകാർക്കെതിരായ കൂട്ടക്കൊലകൾ, ലോകബാങ്ക്-ഐഎംഎഫ് നയങ്ങളോടുള്ള വിമർശനം, വിവിധ രാജ്യങ്ങളിലെ അശാന്തമായ രാഷ്ട്രീയ പരിസരം എന്നിവയെല്ലാം പ്രമേയമാകുന്ന സിനിമകൾക്കാണ് കേന്ദ്രം വിലക്കേർപ്പെടുത്തിയത്. ഫലസ്തീൻ 36, എ പോയറ്റ് അൺകൺസീൽഡ് പോയട്രി, ഓൾ ദാറ്റ്സ് ലെഫ്റ്റ് ഫോർ യു, ബമാക്കോ, ബാറ്റിൽഷിപ് പൊട്ടംകിൻ, ബീഫ്, ക്ലാഷ്, ഈഗിൾസ് ഓഫ് ദ് റിപ്പബ്ലിക്, വൺസ് അപോൺ എ ടൈം ഇൻ ഗസ്സ, റിവർസ്റ്റോൺ തുടങ്ങിയ ചിത്രങ്ങളാണ് കേന്ദ്രം തടഞ്ഞത്.



