First Gear
സ്വർണവില ചരിത്രക്കുതിപ്പിന് ശേഷം കൂപ്പുകുത്തി; പവന് 1,120 രൂപ കുറഞ്ഞു
18 കാരറ്റ് സ്വർണത്തിന്റെ വിലയും ഇറങ്ങി. ഗ്രാമിന് 115 രൂപ കുറഞ്ഞ് ഇത് 10,090 രൂപയിലെത്തി.
കൊച്ചി | സംസ്ഥാനത്ത് സ്വർണവില ഇന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയതിന് ശേഷം കുറഞ്ഞു. ഇന്ന് ഒരു ഗ്രാമിന് 140 രൂപയും ഒരു പവന് 1,120 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ, ഇന്ന് സ്വര്‍ണവില ഗ്രാമിന് 12,270 രൂപയിലും പവന് 98,160 രൂപയിലും എത്തിയിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഇറങ്ങി. ഗ്രാമിന് 115 രൂപ കുറഞ്ഞ് ഇത് 10,090 രൂപയിലെത്തി.
തിങ്കളാഴ്ച, സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു. 99,280 രൂപയായിരുന്നു ഇന്നലെ വില.
കഴിഞ്ഞ ഒക്ടോബർ 17ന് ഗ്രാമിന് 12,170 രൂപയും പവന് 97,360 രൂപയുമെന്ന നിലവിലുണ്ടായിരുന്ന റിക്കാർഡ് ആണ് രണ്ടുമാസത്തിനു ശേഷം ഭേദിക്കപ്പെട്ടത്.
ഡിസംബർ മാസം സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് രേഖപ്പെടുത്തിയത്. മാസത്തിന്റെ ആദ്യ ദിവസങ്ങളിലെ വൻകുതിപ്പിന് ശേഷം വില താഴ്ന്നിറങ്ങുകയും ഉയരുകയും ചെയ്തു. ഡിസംബർ 12ന് ഒറ്റയടിക്ക് 1,400 രൂപ വർധിച്ചതോടെ വീണ്ടും 97,000 കടന്ന് കുതിപ്പുയർന്നു. തുടർന്ന്, ഡിസംബർ 15ന് വില 99,000 കടന്ന് ഒരു പുതിയ നാഴികക്കല്ലിൽ എത്തിയതിനു ശേഷമാണ് ഇന്നു വീണ്ടും താഴ്ന്നിറങ്ങിയിരിക്കുന്നത്.
സ്വർണവിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകരെയും ഉപഭോക്താക്കളെയും ഒരുപോലെ ആകാംക്ഷയിലാഴ്ത്തുന്നതാണ്.



