International
സിഡ്‌നി ബോണ്ടി ബീച്ച് വെടിവെപ്പ്: അക്രമികളിൽ ഒരാൾ ഹൈദരാബാദ് സ്വദേശി; ഇന്ത്യൻ പാസ്പോർട്ടുള്ളയാൾ
സജിദ് അക്രം ഹൈദരാബാദ് സ്വദേശിയാണെന്നും 1998 നവംബറിൽ സ്റ്റുഡന്റ് വിസയിൽ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതാണെന്നും തെലങ്കാന ഡിജിപി
ന്യൂഡൽഹി | ഓസ്‌ട്രേലിയയിലെ സിഡ്‌നി ബോണ്ടി ബീച്ചിൽ ജൂതന്മാരുടെ ഹനുക്കാ ആഘോഷത്തിനിടെ ഞായറാഴ്ച നടന്ന കൂട്ടവെടിവെപ്പിന് പിന്നിൽ പ്രവർത്തിച്ച രണ്ട് പേരിൽ ഒരാൾ ഹൈദരാബാദ് സ്വദേശി. 15 പേർ കൊല്ലപ്പെട്ട ഈ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച 50-കാരനായ സജിദ് അക്രം എന്നയാൾ ഏതാണ്ട് മൂന്ന് പതിറ്റാണ്ട് മുമ്പ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയെങ്കിലും ഇയാളുടെ ഇന്ത്യൻ പാസ്പോർട്ട് റദ്ദാക്കിയിരുന്നില്ല.
ആക്രമണത്തിനിടെ പോലീസ് വെടിവെപ്പിൽ സജിദ് അക്രം കൊല്ലപ്പെട്ടു. ഇയാൾക്കൊപ്പം ആക്രമണത്തിൽ പങ്കുചേർന്ന 24-കാരനായ മകൻ നവീദ് അക്രം പരിക്കുകളോടെ പോലീസ് കാവലിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ ആക്രമണത്തെ ഐ എസ് ഭീകരരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഭീകരപ്രവർത്തനമായാണ് ഓസ്‌ട്രേലിയൻ അന്വേഷണ ഉദ്യോഗസ്ഥർ വിശേഷിപ്പിക്കുന്നത്.
സജിദ് അക്രം ഹൈദരാബാദ് സ്വദേശിയാണെന്നും 1998 നവംബറിൽ സ്റ്റുഡന്റ് വിസയിൽ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതാണെന്നും തെലങ്കാന ഡിജിപി അറിയിച്ചു. ഇന്ത്യ വിടുന്നതിന് മുമ്പ് ഹൈദരാബാദിൽ നിന്ന് കൊമേഴ്‌സിൽ ബിരുദം പൂർത്തിയാക്കിയ ഇയാൾ പിന്നീട് ജോലിക്കായി വിദേശത്തേക്ക് പോവുകയായിരുന്നു.
ഏകദേശം 27 വർഷമായി ഓസ്‌ട്രേലിയയിൽ താമസിക്കുന്ന സജിദ് അക്രമിന് ഹൈദരാബാദിലെ കുടുംബവുമായി പരിമിതമായ ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2022-ലാണ് അക്രം അവസാനമായി ഹൈദരാബാദ് സന്ദർശിച്ചത്. ഇയാൾ ഇന്ത്യൻ പാസ്‌പോർട്ട് നിലനിർത്തിയിരുന്നു. എന്നാൽ, മകൻ നവീദും മകളും ഓസ്‌ട്രേലിയയിൽ ജനിച്ചവരും ഓസ്‌ട്രേലിയൻ പൗരന്മാരുമാണ്.
കുടുംബപരമായ തർക്കങ്ങൾ കാരണം വർഷങ്ങൾക്ക് മുമ്പുതന്നെ ഹൈദരാബാദിലെ ബന്ധുക്കൾ ഇയാളുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. 2017-ൽ പിതാവ് മരിച്ചപ്പോൾ പോലും അക്രം മരണാനന്തര ചടങ്ങുകൾക്ക് പങ്കെടുത്തിരുന്നില്ലെന്ന് പോലീസ് പറയുന്നു.
ആക്രമണത്തിന് ഒരു മാസം മുമ്പ് പ്രതികൾ ഫിലിപ്പൈൻസിലേക്ക് നടത്തിയ യാത്രയെക്കുറിച്ചും ഓസ്‌ട്രേലിയൻ പോലീസ് അന്വേഷിക്കുന്നുണ്ട്. ഫിലിപ്പൈൻസ് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ സ്ഥിരീകരിച്ചതനുസരിച്ച് സജിദ് അക്രവും മകനും നവംബർ 1-ന് രാജ്യത്ത് പ്രവേശിക്കുകയും നവംബർ 28-ന് തിരിച്ചുപോവുകയും ചെയ്തു. സജിദ് ഇന്ത്യൻ പാസ്‌പോർട്ടും നവീദ് ഓസ്‌ട്രേലിയൻ പാസ്‌പോർട്ടുമാണ് ഇതിനായി ഉപയോഗിച്ചത്.
മിലിറ്റന്റ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്ന മിൻഡാനാവോ ദ്വീപിലെ ദാവോ നഗരമാണ് ഇരുവരും ലക്ഷ്യസ്ഥാനമായി പ്രഖ്യാപിച്ചത്. ഈ യാത്രയുടെ ഉദ്ദേശ്യവും സന്ദർശിച്ച സ്ഥലങ്ങളും ഇപ്പോഴും അന്വേഷണത്തിലാണ്.
ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ശേഷം സജിദ് യൂറോപ്യൻ വംശജയായ വെനേര ഗ്രോസ്സോയെ അക്രം വിവാഹം കഴിച്ചു. ഇവർക്ക് നവീദും ഒരു മകളുമുൾപ്പെടെ രണ്ട് കുട്ടികളുണ്ട്.
ഓസ്‌ട്രേലിയയിലെ പ്രധാന പൊതുസ്ഥലങ്ങളിൽ ഒന്നായ ബോണ്ടി ബീച്ചിൽ ഹനുക്കാ ആഘോഷത്തിനിടെ ഞായറാഴ്ചയാണ് കൂട്ടവെടിവെപ്പ് നടന്നത്. സംഭവത്തിൽ 15 പേർ കൊല്ലപ്പെട്ടു.




