Connect with us

First Gear

സർക്കാറിന് ആശ്വാസം; കിഫ്ബി മസാല ബോണ്ട് കേസിൽ ഇ ഡി നടപടികൾ നാലു മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി

മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്‌ബിക്കും ഇനി അടിയന്തരമായി കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകേണ്ടി വരില്ല

Published

|

Last Updated

കൊച്ചി | കിഫ്‌ബി മസാല ബോണ്ട് ഇടപാടിൽ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) ലംഘനം കണ്ടെത്തിയതിനെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിലെ തുടർനടപടികൾ ഹൈക്കോടതി നാല് മാസത്തേക്ക് തടഞ്ഞു. സംസ്ഥാന സർക്കാരിനും കിഫ്‌ബിക്കും മുഖ്യമന്ത്രിക്കും വലിയ ആശ്വാസം നൽകുന്നതാണ് ജസ്റ്റിസ് വി.ജി. അരുണിൻ്റെ ഈ നിർണായക ഉത്തരവ്.

കിഫ്‌ബിയുടെ ഹർജിയിൽ കൂടുതൽ വിശദമായ വാദം കേൾക്കേണ്ട വിഷയങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസിൻ്റെ തുടർ നടപടികൾ താൽക്കാലികമായി നിർത്തിവെക്കാൻ കോടതി തീരുമാനിച്ചത്. ഫെമ നിയമ ലംഘനം കണ്ടെത്തിയതിനെത്തുടർന്ന്, ഇ ഡി തങ്ങളുടെ റിപ്പോർട്ട് അഡ്‌ജൂഡിക്കേറ്റിങ് അതോറിറ്റിക്ക് കൈമാറിയിരുന്നു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അതോറിറ്റി കിഫ്‌ബിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇപ്പോൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്, ഈ നോട്ടീസുമായി ബന്ധപ്പെട്ട തുടർന്നുള്ള നടപടികളാണ്.

ഇതോടെ, മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്‌ബിക്കും ഇനി അടിയന്തരമായി കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകേണ്ട ബാധ്യത തൽക്കാലം ഒഴിവാകും.

ഹർജി ഫയലിൽ സ്വീകരിച്ച കോടതി, കേസിൽ വിശദമായ വാദം കേൾക്കുന്നതിനായി ഇ ഡി ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഈ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷമായിരിക്കും ഹൈക്കോടതി കേസിൽ ഇനി വാദം കേട്ടു തുടങ്ങുക.

അതേസമയം, കേസിലെ എല്ലാ നടപടികളും തടഞ്ഞുകൊണ്ടുള്ള ഉത്തരവ് അഡ്‌ജൂഡിക്കേറ്റീവ് അതോറിറ്റിയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും സ്റ്റേ അനുവദിക്കരുതെന്നും കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വാദിച്ചു. എന്നാൽ, ഈ ആവശ്യം കോടതി തള്ളുകയായിരുന്നു.

---- facebook comment plugin here -----

Latest