Connect with us

Articles

ഇതാ ഇങ്ങനെയാണ് ചിരിക്കേണ്ടത്

സ്വയം ചിരിക്കുന്നത് പോലെ മറ്റുള്ളവരെ ചിരിപ്പിക്കുന്നതിലും ഇസ്‌ലാമിന് നിലപാടുകളുണ്ട്. മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ വേണ്ടി അവരോട് തമാശ പറയുകയും ചിരിപ്പിക്കുകയും ചെയ്യാം. അത് സുകൃതമാണ്. പ്രവാചകര്‍(സ) അനുചരന്മാരോട് തമാശകള്‍ പറയുകയും അവരെ ചിരിപ്പിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ അവയെല്ലാം സത്യസന്ധമായ കാര്യങ്ങള്‍ മാത്രമായിരുന്നു. ഒരിക്കലും തമാശക്ക് പോലും അവിടുന്ന് നുണ പറഞ്ഞിരുന്നില്ല.

Published

|

Last Updated

ചിരിപ്പിക്കല്‍ തൊഴിലായെടുത്ത ചിലരെക്കാണാം. ചില സദസ്സുകള്‍ സംഘടിപ്പിക്കുന്നത് തന്നെയും ചിരിപ്പിക്കാനാണ്. റീലുകളുടെ കാലമായപ്പോള്‍ ചിരിപ്പിക്കല്‍ ഒരു സാമൂഹിക ഉത്തരവാദിത്വമായി മാറി. അതിനു വേണ്ടി ദമ്പതികളും പ്രായമായവരുമെല്ലാം അരങ്ങിലെത്തിയിരിക്കുന്നു. കാണുന്നവരൊന്ന് ചിരിച്ചുകിട്ടിയാല്‍ മതി അതിന് എന്ത് അശ്ലീലം പറയാനും പ്രവര്‍ത്തിക്കാനും ഒരു ലജ്ജയുമില്ലാത്തവരായി റീലുകളുടെ സ്രഷ്ടാക്കള്‍ മാറി.

ചിരിയെ കുറിച്ച് ഇസ്‌ലാമിന് എന്താണ് പറയാനുള്ളത്? ചിരിയുടെ കാര്യത്തില്‍ നബി(സ)യുടെ നിലപാട് എന്തായിരുന്നു? ഇസ്‌ലാമിക കാഴ്ചപ്പാടില്‍ ചിരിയും തമാശയും അനുവദനീയമായ കാര്യങ്ങളാണ്. മനുഷ്യസഹജമായ വികാരങ്ങളൊന്നിനെയും നിരാകരിക്കാത്ത ഇസ്‌ലാം ചിരിയെയും അങ്ങനെത്തന്നെയാണ് കാണുന്നത്. എന്നാല്‍ എല്ലാറ്റിലും എന്ന പോലെ ചിരിക്കും ചില മര്യാദകളും അതിര്‍വരമ്പുകളും നിശ്ചയിച്ചിട്ടുണ്ട്. നബി(സ) എപ്പോഴും മന്ദസ്മിതം തൂകുന്ന മുഖത്തോടു കൂടിയായിരുന്നു ജനങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. അവിടുന്ന് തമാശകള്‍ പറയുകയും അനുചരരുടെ ചിരിയില്‍ പങ്കുചേരുകയും ചെയ്യുമായിരുന്നു. മാത്രമല്ല, പ്രസന്നമായ മുഖത്തോടെ ജനങ്ങളെ അഭിമുഖീകരിക്കുന്നത് ആരാധനയുടെ ഭാഗമാണെന്ന് അവിടുന്ന് പഠിപ്പിക്കുകയും ചെയ്യുന്നു. ഒരു ഹദീസ് കാണാം ‘നിന്റെ സഹോദരന്റെ മുഖത്തു നോക്കി പുഞ്ചിരിക്കുന്നത് സുകൃതമാണ്’.

എന്നാല്‍ നബി(സ)യുടെ ചിരി പുഞ്ചിരിയില്‍ അല്ലെങ്കില്‍ ചെറുചിരിയില്‍ ഒതുങ്ങിയിരുന്നു. ഉച്ചത്തിലുള്ളതും അമിതമായതുമായ ചിരി അവിടുത്തെ പതിവായിരുന്നില്ല. ആഇശ (റ) പറയുന്നു: ‘നബി(സ) അണ്ണാക്ക് കാണുന്ന തരത്തില്‍ വായ തുറന്ന് പൊട്ടിച്ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല; അവിടുന്ന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തിരുന്നത്.’ (ബുഖാരി). വളരെയധികം അത്ഭുതമോ സന്തോഷമോ തോന്നുമ്പോഴുള്ള നബി(സ)യുടെ ചിരിയുടെ സമയത്ത് മുന്‍പല്ലുകള്‍ പുറത്തു കാണാമായിരുന്നു. ഈ ചിരിയെ കുറിച്ചാണ് ഹദീസുകള്‍ ചെറുചിരി എന്ന് വിശേഷിപ്പിച്ചത്. ചുരുക്കത്തില്‍ നബി(സ)യുടെ ചിരി മറ്റുള്ളവരെ ആശ്വസിപ്പിക്കാനും സ്‌നേഹം പങ്കുവെക്കാനുമുള്ള മാര്‍ഗമായിരുന്നു. നമ്മുടെ ചിരിയും അര്‍ഥ പൂര്‍ണമാകണം. ചിരി ഉണ്ടാകേണ്ടതാണ്, ഉണ്ടാക്കേണ്ടതല്ല എന്ന് തിരിച്ചറിയണം.

മറ്റൊരാളെ വേദനിപ്പിച്ചുകൊണ്ടോ പരിഹസിച്ചുകൊണ്ടോ താഴ്ത്തിക്കെട്ടിക്കൊണ്ടോ ഉള്ള ചിരി ഇസ്‌ലാമില്‍ അനുവദനീയമല്ല. ശാരീരികമായ കുറവുകളെ കളിയാക്കുന്നതും ഗോത്രത്തെയോ വംശത്തെയോ അധിക്ഷേപിക്കുന്നതും വലിയ തെറ്റായാണ് നബി(സ)യുടെ സന്ദേശങ്ങളില്‍ പഠിപ്പിക്കപ്പെട്ടത്.

മാത്രമല്ല, ചിരിയേക്കാള്‍ കരയുകയാണ് ഒരു വിശ്വാസി ചെയ്യേണ്ടത്. ഇഹലോക ജീവിതത്തില്‍ വരുത്തിയ വീഴ്ചകളും പരലോകത്തെ കുറിച്ചുള്ള ആശങ്കകളും മനുഷ്യന് നിറുത്താതെ കരയാന്‍ മാത്രമുള്ള കാരണങ്ങളാണല്ലോ? നബി(സ) പറഞ്ഞു: ‘നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ കരയുക. ഇനി കരച്ചില്‍ വരുന്നില്ലെങ്കില്‍ കരയാന്‍ ശ്രമിക്കുക.’ (ഇബ്നുമാജ). ഈ ഹദീസിന്റെ സന്ദേശം, ഖുര്‍ആനിലെ താക്കീതുകളെയും അല്ലാഹുവിന്റെ മഹത്വത്തെയും കുറിച്ച് ചിന്തിക്കുമ്പോള്‍ മനസ്സ് അലിയിക്കണമെന്നും അതിന് സാധിക്കാത്ത വിധം ഹൃദയം കടുത്തുപോയിട്ടുണ്ടെങ്കില്‍ സങ്കടത്തോടെയെങ്കിലും അത് പാരായണം ചെയ്യാന്‍ ശ്രമിക്കണമെന്നുമാണ്. ഖുര്‍ആന്‍ പാരായണ സമയത്തല്ലെങ്കിലും ഇക്കാര്യങ്ങള്‍ ആലോചിക്കാനും സങ്കടപ്പെടാനും സാഹചര്യമുണ്ടല്ലോ? അങ്ങനെ കരഞ്ഞവരുടെ കഥകള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ യഥേഷ്ടം കാണാനും സാധിക്കും. അമിതമായ ചിരി ഹൃദയത്തെ നശിപ്പിക്കുമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. എപ്പോഴും തമാശകളില്‍ മാത്രം മുഴുകുന്നത് ഗൗരവതരമായ ജീവിത ലക്ഷ്യങ്ങളില്‍ നിന്ന് മനുഷ്യനെ അകറ്റും. അതുകൊണ്ട് തന്നെ ചിരിയിലും തമാശയിലും മിതത്വം പാലിക്കണം.

സ്വയം ചിരിക്കുന്നത് പോലെ മറ്റുള്ളവരെ ചിരിപ്പിക്കുന്നതിലും ഇസ്‌ലാമിന് നിലപാടുകളുണ്ട്. മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ വേണ്ടി അവരോട് തമാശ പറയുകയും ചിരിപ്പിക്കുകയും ചെയ്യാം. അത് സുകൃതമാണ്. പ്രവാചകര്‍(സ) അനുചരന്മാരോട് തമാശകള്‍ പറയുകയും അവരെ ചിരിപ്പിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ അവയെല്ലാം സത്യസന്ധമായ കാര്യങ്ങള്‍ മാത്രമായിരുന്നു. ഒരിക്കലും തമാശക്ക് പോലും അവിടുന്ന് നുണ പറഞ്ഞിരുന്നില്ല. ഒരാള്‍ നബി(സ)യോട് തനിക്ക് യാത്ര ചെയ്യാന്‍ ഒരു ഒട്ടകത്തെ വേണമെന്ന് ആവശ്യപ്പെട്ടു. നബി(സ) പറഞ്ഞു: ‘ഞാന്‍ നിനക്ക് ഒട്ടകക്കുട്ടിയെ തരാം.’ അയാള്‍ അത്ഭുതത്തോടെ ചോദിച്ചു: ‘ഒട്ടകക്കുട്ടിയെ കൊണ്ട് ഞാന്‍ എന്ത് ചെയ്യാനാണ്?’ നബി ചിരിച്ചുകൊണ്ട് മറുപടി നല്‍കി: ‘എല്ലാ ഒട്ടകങ്ങളും ഒട്ടകക്കുട്ടികളല്ലേ? ‘വൃദ്ധരായ സ്ത്രീകള്‍ സ്വര്‍ഗത്തില്‍ കടക്കില്ല’ എന്ന നബി(സ)യുടെ തമാശയും പ്രസിദ്ധമാണല്ലോ?

പുതിയ കാലത്ത് ചിരിപ്പിക്കല്‍ ചിലര്‍ക്ക് തൊഴിലും വരുമാന മാര്‍ഗവുമെല്ലാമാണ്. അതിന് വേണ്ടി സ്‌ക്രിപ്റ്റും കണ്ടെന്റുമെല്ലാം തയ്യാറാക്കുന്നു. കളവും അശ്ലീലവും പറയുന്നു. ചാനലുകളില്‍ കോമഡിക്ക് മാത്രം പ്രത്യേക പരിപാടികള്‍ നടക്കുന്നു. ഈ പ്രവണത ഇസ്‌ലാം നിരുത്സാഹപ്പെടുത്തുന്നു. ‘ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി കള്ളം പറയുന്നവന് നാശം’ എന്ന ഹദീസ് ഇങ്ങനെ വേഷം കെട്ടുന്നവരെല്ലാം ഓര്‍ത്തുവെക്കേണ്ടതാണ്. അതിനാല്‍ അത്തരം ആഭാസങ്ങള്‍ക്ക് ശ്രോതാക്കളാകുന്നതും അവസാനിപ്പിക്കണം. എന്നാല്‍ സന്തോഷം മാത്രമുള്ള ലോകത്ത് നമുക്ക് ചിരിക്കാനാകും.

 

 

Latest