From the print
എസ് ഐ ആര്‍ കരട് പട്ടിക 23ന്; 24.81 ലക്ഷം പേര്‍ പുറത്ത്
എന്യൂമറേഷന്‍ ഫോറം സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കുമ്പോള്‍ വോട്ടര്‍പ്പട്ടികയില്‍ നിന്ന് പുറത്താകുന്നത് 24.81 ലക്ഷം പേരാണ്.
തിരുവനന്തപുരം | സംസ്ഥാനത്ത് സമഗ്ര വോട്ടര്‍പ്പട്ടിക പരിഷ്‌കരണ (എസ് ഐ ആര്‍) നടപടിയുടെ ഭാഗമായി പൂരിപ്പിച്ച് കിട്ടിയ മുഴുവന്‍ എന്യൂമറേഷന്‍ ഫോമുകളുടെയും ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയായി. 23ന് കരട് പട്ടിക പ്രസിദ്ധീകരിക്കും. എന്യൂമറേഷന്‍ ഫോറം സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കുമ്പോള്‍ വോട്ടര്‍പ്പട്ടികയില്‍ നിന്ന് പുറത്താകുന്നത് 24.81 ലക്ഷം പേരാണ്. മരിച്ചവര്‍, ബി എല്‍ ഒമാര്‍ക്ക് കണ്ടെത്താനാകാത്തവര്‍, സ്ഥിരമായി താമസം മാറിയവര്‍, ഒന്നിലധികം ബൂത്തില്‍ പേരുള്ളവര്‍, ഫോറം പൂരിപ്പിച്ച് നല്‍കാത്തവര്‍ എന്നിവരെയാണ് ഒഴിവാക്കിയത്. ബൂത്ത് തിരിച്ചുള്ള പട്ടിക മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്തിമ പട്ടികയെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സൈബര്‍ പോലീസിനെ സമീപിക്കും.
അതേസമയം, ഒഴിവാകുന്നവരുടെ പട്ടികയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആശയക്കുഴപ്പമുണ്ട്. നഗര മണ്ഡലങ്ങളില്‍ ഒരു ബൂത്തില്‍ അഞ്ഞൂറിനും ആയിരത്തിനുമിടയില്‍ പേര്‍ പുറത്തുപോകും. ഇതില്‍ ഭൂരിഭാഗവും ബി എല്‍ ഒമാര്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത ഗണത്തിലുള്ളതാണ്. ഒരു മണ്ഡലത്തില്‍ ഇങ്ങനെ അര ലക്ഷത്തോളം പേര്‍ ഒഴിവാക്കപ്പെടുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നു. ഇത് പരിശോധിക്കാന്‍ സമയം നീട്ടിനല്‍കണമെന്നും ആവശ്യമുണ്ട്. കരട് പട്ടികക്കൊപ്പം ഒഴിവാക്കുന്നവരുടെ പട്ടികയും 23ന് പുറത്തിറക്കുന്നുണ്ട്.
ജനുവരി 22 വരെ ആക്ഷേപങ്ങളും പരാതികളും അറിയിക്കാന്‍ സമയമുണ്ടെന്നും അര്‍ഹരായവരെ ഒഴിവാക്കില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. അന്തിമ വോട്ടര്‍പ്പട്ടിക ഫെബ്രുവരി 21നാണ് പ്രസിദ്ധീകരിക്കുക. എസ് ഐ ആറിന് ശേഷം 5,034 പോളിംഗ് ബൂത്തുകള്‍ പുതുതായി വരുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
പട്ടിക പരിശോധന എങ്ങനെ?
https://www.ceo.kerala.gov.in/asdlist എന്ന ലിങ്കില്‍ പ്രവേശിക്കുക. ജില്ല, നിയമസഭാ മണ്ഡലം, പാര്‍ട്ട് (ബൂത്ത് നമ്പര്‍) എന്നിവ തിരഞ്ഞെടുക്കുക. ഡൗണ്‍ലോഡ് എ എസ് ഡി എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഡൗണ്‍ലോഡ് ചെയ്ത പട്ടികയില്‍ നിന്ന് വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ കണ്ടെത്താം.
ക്രമനമ്പര്‍, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, പേര്, ബന്ധുവിന്റെ പേര്, പുറത്താക്കാനുള്ള കാരണം എന്നിവയാണ് പട്ടികയിലുള്ളത്. മരിച്ചവര്‍, സ്ഥിരമായി സ്ഥലം മാറിപ്പോയവര്‍, കണ്ടെത്താന്‍ കഴിയാത്തവര്‍, രണ്ടോ അതില്‍ക്കൂടുതല്‍ തവണയോ പട്ടികയില്‍ പേരുള്ളവര്‍, ഫോം വാങ്ങുകയോ തിരിച്ചു നല്‍കുകയോ ചെയ്യാത്തവര്‍ എന്നിങ്ങനെ പുറത്താക്കപ്പെടാനുള്ള കാരണങ്ങളും രേഖപ്പെടുത്തിയിരിക്കും.


