Connect with us

Kerala

വാളയാര്‍ അട്ടപ്പള്ളത്ത് അതിഥി തൊഴിലാളിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

മര്‍ദനമേറ്റ് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാമനാരായണന്‍ ഭയ്യാര്‍ (31) ആണ് മരിച്ചത്.

Published

|

Last Updated

വാളയാര്‍ | പാലക്കാട്‌ വാളയാര്‍ അട്ടപ്പള്ളത്ത് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് അതിഥി തൊഴിലാളിയെ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. മര്‍ദനമേറ്റ് അവശനിലയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാമനാരായണന്‍ ഭയ്യാര്‍ (31) ആണ് മരിച്ചത്. സംഭവത്തില്‍ നാട്ടുകാരായ ഒമ്പതുപേരെ വാളയാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകീട്ട് ആറിന് കിഴക്കേ അട്ടപ്പള്ളത്ത് വച്ചാണ് അതിഥി തൊഴിലാളിക്ക് മര്‍ദനമേറ്റത്. വ്യാപാര സ്ഥാപനത്തിലും വീടുകള്‍ക്ക് സമീപവും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ രാമനാരായണന്‍ ഭയ്യാരെ ചോദ്യം ചെയ്യുന്നതിനിടെ ഒരുകൂട്ടം ആളുകള്‍ മര്‍ദിക്കുകയായിരുന്നു. മദ്യ ലഹരിയിലായിരുന്ന അതിഥി തൊഴിലാളി രക്തം ഛര്‍ദിച്ച് കുഴഞ്ഞുവീണു. പിന്നീട് നാട്ടുകാരും പോലീസും ചേര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചു. ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു.

സംഭവത്തില്‍ പോലീസ് കേസെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് ലഭ്യമായാലേ മരണ കാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്ന് വാളയാര്‍ ഇന്‍സ്പെക്ടര്‍ എന്‍ എസ് രാജീവ് പറഞ്ഞു. ഭയ്യാരുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ട്. ജില്ലാ ആശുപത്രിയില്‍ പോലീസ് സര്‍ജനില്ലാത്തതിനാല്‍ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.

ഒരുമാസം മുമ്പ് കഞ്ചിക്കോട് ബി പി സിഎല്ലില്‍ ജോലിക്കെത്തിയ ഭയ്യാറിനെ ഇതിന് മുമ്പും പല തവണ സമാനമായ സാഹചര്യത്തില്‍ വാളയാറിലെ പലയിടത്തും കണ്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. വ്യപാര സ്ഥാപനങ്ങളില്‍ സാധനസാമഗ്രികള്‍ മോഷ്ടിച്ചതിനും പ്രദേശവാസികള്‍ തന്നെ പിടികൂടിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് സംശയാസ്പദമായി അട്ടപ്പള്ളത്ത് വീടുകള്‍ക്ക് സമീപം എത്തിയ ഇയാള്‍ക്കെതിരെ നാട്ടുകാര്‍ വാളയാര്‍ പോലീസിന് പരാതി നല്‍കിയിരുന്നു.

Latest