Kerala
നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിച്ച് ജാമ്യത്തില്‍ വിടണം; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി രണ്ട് പ്രതികള്‍
കേസിലെ അഞ്ചും ആറും പ്രതികളായ വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് അപ്പീല്‍ നല്‍കിയത്.
കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളില്‍ രണ്ടുപേര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസിലെ അഞ്ചും ആറും പ്രതികളായ വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് അപ്പീല്‍ നല്‍കിയത്. ശിക്ഷ മരവിപ്പിച്ച് ജാമ്യത്തില്‍ വിടണമെന്നാണ് ഇവരുടെ ആവശ്യം.
കേസില്‍ ഗൂഢാലോചനയിലുള്‍പ്പെടെ തങ്ങള്‍ക്ക് പങ്കില്ലെന്നും ഇക്കാര്യം അതിജീവതയുടെ മൊഴിയിലുണ്ടെന്നും അതിനാല്‍ കുറ്റവിമുക്തരാക്കണമെന്നുമാണ് അപ്പീലില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രോസിക്യൂഷന്റെ കൈവശം പ്രാഥമിക തെളിവുകള്‍ പോലുമില്ലെന്നും അപ്പീലില്‍ സൂചിപ്പിച്ചിട്ടുണ്ട്.
കേസിലെ ഒന്ന് മുതല്‍ ആറുവരെ പ്രതികളെയാണ് കോടതി 20 വര്‍ഷം വീതം കഠിന തടവിന് ശിക്ഷിച്ചത്. ആറു പ്രതികള്‍ക്കും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം ഏഴു മുതല്‍ പത്തുവരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ഗൂഢാലോചനയടക്കം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയത്.




