Kerala
താത്ക്കാലിക ഹെലിപാഡ് നിര്‍മാണത്തിന് 20.7 ലക്ഷം; പത്തനംതിട്ട ജില്ലാ കലക്ടറോട് റിപോര്‍ട്ട് തേടി മുഖ്യമന്ത്രിയുടെ ഓഫീസ്
മൂന്ന് താത്കാലിക ഹെലിപാഡുകള്‍ നിര്‍മ്മിച്ചതിന് 20.7 ലക്ഷം രൂപ ചെലവായതില്‍ വിവരാവകാശ പ്രവര്‍ത്തകന്‍ റഷീദ് ആനപ്പാറ പരാതി നല്‍കിയിരുന്നു.
പത്തനംതിട്ട | രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനത്തിനായി പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ താത്ക്കാലിക ഹെലിപ്പാഡ് നിര്‍മ്മാണം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് പത്തനംതിട്ട ജില്ലാ കലക്ടറോട് റിപോര്‍ട്ട് തേടി. മൂന്ന് താത്കാലിക ഹെലിപാഡുകള്‍ നിര്‍മ്മിച്ചതിന് 20.7 ലക്ഷം രൂപ ചെലവായതായി വിവരാവകാശ പ്രവര്‍ത്തകന്‍ റഷീദ് ആനപ്പാറയുടെ ചോദ്യത്തിന് മറുപടി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രപതിക്കും കേരളാ മുഖ്യമന്ത്രി, റവന്യൂ മന്ത്രി, സംസ്ഥാന വിജിലന്‍സ് മേധാവി എന്നിവര്‍ക്ക് റഷീദ് ആനപ്പാറ പരാതി നല്‍കിയിരുന്നു.
മുഖ്യമന്ത്രി ജില്ലാ കലക്ടറോട് റിപോര്‍ട്ട് തേടിയതിനു പിന്നാലെ ഹെലിപാഡുകള്‍ പൊളിച്ച് നീക്കിയതില്‍ ദുരൂഹതയുണ്ടെന്നും റഷീദ് ആനപ്പാറ ആരോപിച്ചു. ഒക്ടോബര്‍ മാസം 22നാണ് ശബരിമല സന്ദര്‍ശനത്തിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു പത്തനംതിട്ടയിലെത്തിയത്.
ആദ്യം രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ നിലക്കലിലെ ഹെലിപാഡില്‍ ഇറക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും, സുരക്ഷാ കാരണങ്ങളാല്‍ പ്രമാടത്തെ താത്ക്കാലിക ഹെലിപാഡില്‍ ഇറക്കുകയായിരുന്നു. രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിന്റെ ചക്രങ്ങള്‍ താത്ക്കാലിക ഹെലിപാഡിന്റെ കോണ്‍ക്രീറ്റില്‍ പുതഞ്ഞത് അന്ന് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

