Connect with us

National

മികച്ച രീതിയില്‍ ഇടപെട്ടില്ലെങ്കില്‍ തന്ത്രപരമായ സ്വാധീനം നഷ്ടപ്പെടും, ബംഗ്ലാദേശിലെ നിലവിലെ സാഹചര്യം ഇന്ത്യക്ക് വലിയ വെല്ലുവിളി; ശശി തരൂര്‍ സമിതി റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ്

1971-ല്‍ ഒരു പുതിയ രാഷ്ട്രത്തിന്റെ ജനനമായിരുന്നു വെല്ലുവിളിയെങ്കില്‍, ഇന്ന് ബംഗ്ലാദേശിലെ രാഷ്ട്രീയ മാറ്റം ഇന്ത്യയില്‍ നിന്ന് അകന്നുകൊണ്ടുള്ള ഒരു തന്ത്രപരമായ പുനര്‍ക്രമീകരണത്തിന് കാരണമായേക്കാം

Published

|

Last Updated

ന്യൂഡല്‍ഹി  | ബംഗ്ലാദേശിലെ നിലവിലെ സാഹചര്യം 1971 ലെ വിമോചന യുദ്ധത്തിന് ശേഷം ഇന്ത്യ നേരിടുന്ന തന്ത്രപരമായ വലിയ വെല്ലുവിളിയെന്ന് ശശി തരൂര്‍ എംപി അധ്യക്ഷനായ പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട്. ബംഗ്ലാദേശില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥ അരാജകത്വത്തിലേക്ക് നീങ്ങില്ലെങ്കിലും ഇന്ത്യ അതീവ ജാഗ്രത പാലിക്കണമെന്ന് സമിതി മുന്നറിയിപ്പ് നല്‍കുന്നു.

1971-ല്‍ ഒരു പുതിയ രാഷ്ട്രത്തിന്റെ ജനനമായിരുന്നു വെല്ലുവിളിയെങ്കില്‍, ഇന്ന് ബംഗ്ലാദേശിലെ രാഷ്ട്രീയ മാറ്റം ഇന്ത്യയില്‍ നിന്ന് അകന്നുകൊണ്ടുള്ള ഒരു തന്ത്രപരമായ പുനര്‍ക്രമീകരണത്തിന് കാരണമായേക്കാം ബംഗ്ലാദേശില്‍ ചൈനയുടെയും പാകിസ്ഥാന്റെയും സ്വാധീനം വര്‍ദ്ധിക്കുന്നത് ഇന്ത്യക്ക് ആശങ്കക്ക് വകയുണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

മോംഗ്ല തുറമുഖ വികസനം, ലാല്‍മോണിര്‍ഹട്ട് എയര്‍ബേസ്, പെക്കുവയിലെ അന്തര്‍വാഹിനി താവളം തുടങ്ങിയ പദ്ധതികളില്‍ ചൈനയുടെ സാന്നിധ്യം സമിതി ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗങ്ങളുമായും ചൈന ബന്ധം സ്ഥാപിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു

നിലവിലെ സാഹചര്യത്തില്‍ രാജ്യതാല്‍പര്യം സംരക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങളും സമതി മുന്നോട്ട് വെച്ചിട്ടുണ്ട്. അതിലൊന്ന് വിദേശ സൈനിക സാന്നിധ്യം സംബന്ധിച്ചാണ്. വിദേശ ശക്തികള്‍ ബംഗ്ലാദേശില്‍ സൈനിക താവളങ്ങള്‍ ഉറപ്പിക്കാതിരിക്കാന്‍ ഇന്ത്യ കര്‍ശന നിരീക്ഷണം നടത്തണം. കണക്റ്റിവിറ്റി, തുറമുഖ വികസനം തുടങ്ങിയ മേഖലകളില്‍ മറ്റ് രാജ്യങ്ങളെക്കാള്‍ മെച്ചപ്പെട്ട സഹായങ്ങള്‍ ബംഗ്ലാദേശിന് നല്‍കാന്‍ ഇന്ത്യ തയ്യാറാകണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

മുന്‍പ് നിരോധിക്കപ്പെട്ടിരുന്ന ജമാഅത്തെ ഇസ്ലാമിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്‍കിയതും, എന്നാല്‍ അവാമി ലീഗിന് നിരോധനം ഏര്‍പ്പെടുത്തിയതും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ സുതാര്യതയെ ബാധിക്കുമെന്ന് സമിതി വിലയിരുത്തി.

ഈ നിമിഷത്തില്‍ ഇന്ത്യ ശരിയായ രീതിയില്‍ ഇടപെട്ടില്ലെങ്കില്‍, യുദ്ധം കൊണ്ടല്ല മറിച്ച് അപ്രസക്തമാകുന്നതിലൂടെ ബംഗ്ലാദേശിലെ ഇന്ത്യയുടെ തന്ത്രപരമായ സ്വാധീനം നഷ്ടപ്പെട്ടേക്കാമെന്നും സമതി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

 

---- facebook comment plugin here -----

Latest