From the print
ഇന്ത്യ- ഒമാന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെച്ചു
99.38 ശതമാനം ഉത്പന്നങ്ങള്‍ക്കും തീരുവ ഒഴിവാകും.
മസ്‌കത്ത് | ഇന്ത്യയും ഒമാനും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചു. കരാര്‍ പ്രകാരം, ഒമാനിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്ന 99.38 ശതമാനം ഉത്പന്നങ്ങള്‍ക്കും തീരുവ ഒഴിവാക്കും. ഇന്ത്യന്‍ വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്ന ഒമാനി ഉത്പന്നങ്ങളുടെ 97.4 ശതമാനത്തിനും കസ്റ്റംസ് തീരുവ കുറക്കുകയോ ഒഴിവാക്കുകയോ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെയും സാന്നിധ്യത്തില്‍ ഒമാന്‍ വാണിജ്യ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫ്, കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.
2024- 25 കാലയളവില്‍ 4.06 ബില്യണ്‍ യു എസ് ഡോളറിന്റെ ഉത്പന്നങ്ങളാണ് ഒമാനിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്തത്; ഇത് ആ വര്‍ഷത്തെ ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 0.93 ശതമാനമാണ്. ഒമാനില്‍ നിന്നുള്ള ഇറക്കുമതി 6.5 ബില്യണ്‍ ഡോളറിന്റെതായിരുന്നു. ഇന്ത്യയുടെ ആകെ ഇറക്കുമതിയുടെ 0.91 ശതമാനമാണിത്.
ഒമാനുമായുള്ള ഇന്ത്യയുടെ സാമ്പത്തിക- നയതന്ത്ര ബന്ധം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന് 21ാം നൂറ്റാണ്ടില്‍ പുതിയ വിശ്വാസവും ഊര്‍ജവും പകരാന്‍ കരാര്‍ സഹായിക്കുമെന്നും ഇന്ത്യ- ഒമാന്‍ ബിസിനസ്സ് ഫോറത്തില്‍ സംസാരിക്കവെ നരേന്ദ്ര മോദി പറഞ്ഞു. ഒമാനുമായുള്ള വ്യാപാര കരാര്‍ ജി സി സി മേഖലയിലേക്കും കിഴക്കന്‍ യൂറോപ്പ്, മധ്യേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്കുമുള്ള ഇന്ത്യയുടെ പ്രവേശന കവാടമായി വര്‍ത്തിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയലും ചൂണ്ടിക്കാട്ടി.
രത്‌നങ്ങള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, തുകല്‍, പാദരക്ഷകള്‍, ഫര്‍ണിച്ചര്‍, കാര്‍ഷിക ഉത്പന്നങ്ങള്‍, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഓട്ടോമൊബൈല്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കയറ്റുമതികളുടെ ഭൂരിഭാഗം ഉത്പന്നങ്ങള്‍ക്കും ഒമാനിലേക്ക് നികുതിരഹിത പ്രവേശനം കരാറിലൂടെ ഉറപ്പാകും. പാല്‍ ഉത്പന്നങ്ങള്‍, ചായ, കാപ്പി, റബ്ബര്‍, പുകയില തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങള്‍, പാദരക്ഷകള്‍, കായിക ഉത്പന്നങ്ങള്‍ എന്നിവയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഒമാനിലേക്കുള്ള കയറ്റുമതിയില്‍ 35.1 ശതമാനവും പെട്രോളിയം ഉത്പന്നങ്ങളാണ്. സംസ്‌കരിച്ച ധാതുക്കള്‍ (9.2%), വിമാനങ്ങള്‍, ബഹിരാകാശ വാഹന ഭാഗങ്ങള്‍ (4.3%), ബസുമതി അരി (3.6%) എന്നിവയാണ് മറ്റ് പ്രധാന കയറ്റുമതി ഇനങ്ങള്‍. ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ 38 ശതമാനവും ക്രൂഡ് ഓയിലും പെട്രോളിയം ഗ്യാസുമാണ്. രാസവളം (16.3%), അമോണിയ (5.8%) എന്നിവയാണ് മറ്റ് പ്രധാന ഇറക്കുമതി ഉത്പന്നങ്ങള്‍.


