From the print
തിരഞ്ഞെടുപ്പ് വിജയാഹ്ലാദം: മത സംസ്‌കാരങ്ങളെ അവഹേളിക്കുന്നത് അപലപനീയം: സമസ്ത
സ്ത്രീകള്‍ക്ക് അവരുടേതായ സമ്പൂര്‍ണ സ്വാതന്ത്ര്യവും മാന്യതയും ഇസ്‌ലാം നല്‍കിയിട്ടുണ്ട്. അതെല്ലാം അവഗണിച്ച് മാനുഷിക മൂല്യങ്ങള്‍ക്ക് പോലും വിലകല്‍പ്പിക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രതിഷേധാര്‍ഹമാണ്.
കോഴിക്കോട് | കക്ഷിരാഷ്ട്രീയത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും പേരില്‍ മത ചിഹ്നങ്ങളെ അവഹേളിക്കുന്നതും മത ആചാരങ്ങളെയും സംസ്‌കാരങ്ങളെയും അവമതിക്കുന്നതും അപലപനീയമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. മുസ്‌ലിം സമുദായത്തിന്റെ പേരില്‍ സംഘടിപ്പിക്കുന്ന രാഷ്ട്രീയ സംഘടനകളുടെ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ ഭാഗമായി അന്യ സ്ത്രീ- പുരുഷന്മാര്‍ കൂടിച്ചേര്‍ന്നും കെട്ടിപ്പിടിച്ചും പരസ്പരം കൈകൊട്ടിയും തെരുവിലിറങ്ങി പ്രകടനം നടത്തുന്നതും അഴിഞ്ഞാടുന്നതും മതം അനുവദിക്കാത്ത രീതിയിലുള്ള ആഭാസങ്ങള്‍ നടത്തുന്നതും അംഗീകരിക്കാനാകില്ല.
സ്ത്രീകള്‍ക്ക് അവരുടേതായ സമ്പൂര്‍ണ സ്വാതന്ത്ര്യവും മാന്യതയും ഇസ്‌ലാം നല്‍കിയിട്ടുണ്ട്. അതെല്ലാം അവഗണിച്ച് മാനുഷിക മൂല്യങ്ങള്‍ക്ക് പോലും വിലകല്‍പ്പിക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. ഇത്തരം പ്രവണതകള്‍ ഉണ്ടാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത കാണിക്കണമെന്നും മത ചിഹ്നങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും സംസ്‌കാരങ്ങളെയും വിലമതിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ നേതാക്കളില്‍ നിന്ന് ഉണ്ടാകണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ഹൈന്ദവര്‍ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ശബരിമല പോലുള്ളതിനെ അവഹേളിക്കുന്നതും കക്ഷിരാഷ്ട്രീയത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്നതും ശരിയല്ലെന്നും മതങ്ങളെയും മതചിഹ്നങ്ങളെയും അധികാര രാഷ്ട്രീയത്തിന് വേണ്ടി ഉപയോഗപ്പെടുത്തുന്നതില്‍ നിന്ന് ബന്ധപ്പെട്ട എല്ലാവരും മാറിനില്‍ക്കണമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.


