Connect with us

Ongoing News

അണ്ടര്‍-19 ഏഷ്യാകപ്പ്: ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

എട്ട് വിക്കറ്റിനാണ് വിജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു. ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

Published

|

Last Updated

ദുബൈ | അണ്ടര്‍-19 ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കയെ സെമിയില്‍ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. എട്ട് വിക്കറ്റിനാണ് വിജയം. മഴ കാരണം അഞ്ച് മണിക്കൂറോളം വൈകി തുടങ്ങിയ മത്സരം 20 ഓവറാക്കി ചുരുക്കിയിരുന്നു. രാവിലെ 10.30ന് ആരംഭിക്കേണ്ടിയിരുന്ന മത്സരം വൈകിട്ട് 3.30നാണ് തുടങ്ങാനായത്.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു. ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. രണ്ട് ഓവര്‍ ബാക്കി നില്‍ക്കെയായിരുന്നു ഇന്ത്യന്‍ വിജയം. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച മലയാളി താരം ആരോണ്‍ വര്‍ഗീസിന്റെയും വിഹാന്‍ മല്‍ഹോത്രയുടെയും അര്‍ധ ശതകങ്ങളാണ് ഇന്ത്യന്‍ ബാറ്റിങിന് അടിത്തറയായത്.

ബാറ്റിങിന്റെ തുടക്കത്തില്‍ ഇന്ത്യക്ക് തിരിച്ചടി നേരിട്ടു. ഏഴ് റണ്ണെടുത്ത് നില്‍ക്കുകയായിരുന്ന നായകന്‍ ആയുഷ് മാത്രെ പവലിയനിലേക്ക് മടങ്ങി. പിന്നീടെത്തിയ വെടിക്കെട്ട് ബാറ്റര്‍ വൈഭവ് സൂര്യവംശിയും പെട്ടെന്ന് പുറത്തായി. ഒമ്പത് റണ്‍സായിരുന്നു വൈഭവിന്റെ സമ്പാദ്യം. രണ്ട് വിക്കറ്റ് വീണപ്പോള്‍ 25 റണ്‍സ് മാത്രമായിരുന്നു ഇന്ത്യയുടെ സ്‌കോര്‍. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ആരോണ്‍ വര്‍ഗീസ് (49 പന്തില്‍ 58) വിഹാന്‍ മല്‍ഹോത്ര (45 പന്തില്‍ 61)യും ഒന്നിച്ചതോടെ ഇന്ത്യ വിജയത്തിലേക്ക് കുതിച്ചു. റാസിത് നിംസാരയാണ് ശ്രീലങ്കക്ക് വീഴ്ത്താനായ രണ്ട് വിക്കറ്റും സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ലങ്കക്ക് തുടക്കത്തില്‍ തന്നെ പ്രഹരമേറ്റു. 28 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റാണ് ടീം നഷ്ടപ്പെടുത്തിയത്. ദുല്‍നിത് സിഗേര (1), വിരാന്‍ ചാമുദിത(19), കാവിജ ഗാമേജ്(2) എന്നിവരാണ് പെട്ടെന്ന് കൂടാരം കയറിയത്. നായകന്‍ വിമത് ദിന്‍സാര (29 പന്തില്‍ 32), ചാമിക ഹിനാറ്റിഗാല (38ല്‍ 42), സെത്മിക സെനെവിരത്‌നെ (22ല്‍ 30) എന്നിവരുടെ ബാറ്റിങാണ് ലങ്കയെ പൊരുതാവുന്ന സ്‌കോറില്‍ എത്തിച്ചത്. യും ചേര്‍ന്നാണ് ടീമിനെ അമ്പത് കടത്തിയത്. സ്‌കോര്‍ 73 ല്‍ നില്‍ക്കേ ദിന്‍സാര പുറത്തായി. 29 പന്തില്‍ നിന്ന് 32 റണ്‍സെടുത്താണ് താരം മടങ്ങിയത്. ഇന്ത്യക്കായി ഹെനില്‍ പട്ടേലും കനിഷ്‌ക് ചൗഹാനും രണ്ട് വീതം വിക്കറ്റെടുത്തു. കിഷന്‍ സിങ്, ദീപേഷ് ദേവേന്ദ്രന്‍, കിലന്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

 

 

Latest