Kerala
ജയിക്കുന്നതിന് മുമ്പേ എംഎല്‍എ ഓഫീസ് തുറന്നയാളാണ്; അതിവേഗ റെയില്‍പാതയില്‍ ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി
ബിജെപിയെ പിന്തുണയ്ക്കാത്തതിന്റെ പക കേരളത്തിലെ ജനങ്ങളോട് തീര്‍ക്കുകയാണ് കേന്ദ്രമെന്നും മുഖ്യമന്ത്രി
തൃശൂര്‍ | അതിവേഗ റെയില്‍ പാത വിഷയത്തില്‍ മെട്രോമാന്‍ ഇ ശ്രീധരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ജയിക്കുന്നതിന് മുമ്പേ എം എല്‍ എ ഓഫീസ് തുറന്ന ആളാണ് ശ്രീധരനെന്നും, താന്‍ മുഖ്യമന്ത്രിയാകുമെന്ന് വരെ അദ്ദേഹം അന്ന് സ്വയം പ്രഖ്യാപിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിവേഗ റെയില്‍പാതക്കായി ശ്രീധരന്‍ ഓഫീസ് തുറന്നതിനെ പരിഹസിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. കെ റെയില്‍ പദ്ധതിക്കായി സംസ്ഥാനം ഒരുപാട് പരിശ്രമിച്ചിരുന്നു. കെ റെയില്‍ അല്ലെങ്കിലും കുഴപ്പമില്ല, ജനങ്ങള്‍ക്ക് വേഗത്തില്‍ യാത്ര ചെയ്യാന്‍ ഒരു സംവിധാനം അല്ലെങ്കില്‍ അതിവേഗ ട്രെയിന്‍ വേണമെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
റെയില്‍വേ വികസനത്തില്‍ കേരളത്തോടുള്ള കേന്ദ്രത്തിന്റെ നിലപാട് ശത്രുതാപരമാണ്. കേരളത്തിലെ ജനങ്ങള്‍ പഴയ വേഗതയില്‍ തന്നെ യാത്ര ചെയ്താല്‍ മതി എന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. രാജ്യത്ത് അഞ്ച് അതിവേഗ റെയിലുകള്‍ പ്രഖ്യാപിച്ചപ്പോഴും കേരളത്തെ തഴഞ്ഞു. കെ വി തോമസ് ഉള്‍പ്പെടെയുള്ളവര്‍ റെയില്‍വേ മന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയിട്ടും മറുപടി നല്‍കിയില്ല. അതിവേഗ പാതക്കായി ഇ ശ്രീധരന്‍ സമര്‍പ്പിച്ച രൂപരേഖ താന്‍ നേരിട്ട് റെയില്‍വേ മന്ത്രിക്ക് നല്‍കിയിട്ടും അനുകൂല നടപടിയുണ്ടായില്ല. ബിജെപിയെ പിന്തുണയ്ക്കാത്തതിന്റെ പക കേരളത്തിലെ ജനങ്ങളോട് തീര്‍ക്കുകയാണ് കേന്ദ്രമെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ദീര്‍ഘകാലമായി സംസ്ഥാനം ഉന്നയിക്കുന്ന എയിംസ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഇത്തവണയും പരിഗണിച്ചില്ല. ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വേയില്‍ കേരളത്തിന്റെ നേട്ടങ്ങളെ പ്രശംസിച്ച കേന്ദ്രം, ബജറ്റ് വന്നപ്പോള്‍ കേരളം എന്ന പേര് പോലും പരാമര്‍ശിച്ചില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പല സംസ്ഥാനങ്ങള്‍ക്കും ഒന്നിലധികം എയിംസ് അനുവദിക്കുമ്പോഴും കേരളത്തോടുള്ള ഈ വിവേചനം തുടരുകയാണെന്നും, അഞ്ച് പുതിയ മെഡിക്കല്‍ കേന്ദ്രങ്ങളുടെ പട്ടികയിലും കേരളമില്ലെന്നത് പ്രതിഷേധാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.



