Kerala
പിഎസ്എല്‍വിയുടെ തുടര്‍പരാജയങ്ങള്‍; അജിത് ഡോവല്‍ തിരുവനന്തപുരത്തെത്തി വിവരശേഖരം നടത്തിയതായി റിപ്പോര്‍ട്ടുകള്‍
പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അജിത് ഡോവല്‍ എത്തിയതെന്നാണ് വിവരം
തിരുവനന്തപുരം | പിഎസ്എല്‍വിയുടെ തുടര്‍പരാജയങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തിരുവനന്തപുരത്ത് എത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അജിത് ഡോവല്‍ എത്തിയതെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിന് മുന്‍പായിരുന്നു ഡോവലിന്റെ സന്ദര്‍ശനം.
തുമ്പയിലെ വിഎസ്എസ്എസിയിലെത്തി അദ്ദേഹം ശാസ്ത്രജ്ഞരെയടക്കം കണ്ട് വിവരശേഖരണം നടത്തി. തുടര്‍ന്ന് ഡോവല്‍ അന്വേഷണ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്കു സമര്‍പ്പിച്ചതായാണ റിപ്പോര്‍ട്ടുകള്‍. എന്നാണ് ഡോവല്‍ തിരുവനന്തപുരത്ത് എത്തിയതെന്നതില്‍ വ്യക്തതയില്ല. അജിത് ഡോവല്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ബഹിരാകാശ വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ് പിഎസ്എല്‍വി ദൗത്യം പരാജയപ്പെടാന്‍ കാരണം അട്ടിമറിയല്ല എന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നു
ഐഎസ്ആര്‍ഒയുടെ വിക്ഷേപണ വാഹനമായ പിഎസ്എല്‍വി തുടര്‍ച്ചയായി രണ്ടാം തവണയും പരാജയപ്പെട്ടത് കേന്ദ്ര സര്‍ക്കാരിനെ ആശങ്കയിലാക്കിയിരുന്നു. ജനുവരി 12ന് നടന്ന രണ്ടാം വിക്ഷേപണവും പരാജയമായിരുന്നു. വിദേശത്തു നിന്നുള്ളവ ഉള്‍പ്പെടെ 16 ഉപഗ്രഹങ്ങള്‍ വഹിച്ച പിഎസ്എല്‍വി-സി62 ദൗത്യം ലക്ഷ്യം കാണാതെ തകരുകയായിരുന്നു. ഇന്ത്യന്‍ ഭൗമ നിരീക്ഷണ ഉപഗ്രഹമായ അന്വേഷയും റോക്കറ്റിലുണ്ടായിരുന്നു.ഇതോടെ ഐഎസ്ആര്‍ഒ ഒരു പ്രത്യക പരാജയ പഠന സംവിധാനം രൂപീകരിച്ചിരുന്നു.





