National
ഇന്ത്യ - യുഎസ് വ്യാപാര കരാർ: കാർഷിക, ഡയറി മേഖലകൾ സുരക്ഷിതമാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ
കരാറിനെക്കുറിച്ച് പാർലമെന്റിൽ പ്രസ്താവന നടത്താനാണ് സർക്കാർ തീരുമാനിച്ചിരുന്നതെങ്കിലും പ്രതിപക്ഷത്തിന്റെ പ്രതിഷേധം കാരണം അത് സാധിച്ചില്ലെന്ന് പിയൂഷ് ഗോയൽ
ന്യൂഡൽഹി | ഇന്ത്യ-യു എസ് വ്യാപാര കരാറിൽ രാജ്യത്തെ കാർഷിക, ഡയറി മേഖലകൾ പൂർണ്ണമായും സുരക്ഷിതമാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ തന്ത്രപ്രധാനമായ ഈ രണ്ട് മേഖലകളുടെയും താത്പര്യങ്ങൾ സംരക്ഷിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കരാർ ഉറപ്പാക്കിയതെന്ന് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കരാറിലൂടെ അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾ കൂടുതൽ അളവിൽ ഇന്ത്യൻ വിപണിയിലെത്തുമെന്ന് യു എസ് കാർഷിക സെക്രട്ടറി ബ്രൂക്ക് റോളിൻസ് എക്സിൽ കുറിച്ചു. ഇത് അമേരിക്കൻ കർഷകർക്ക് ഗുണകരമാകുമെന്നും ഇന്ത്യയുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കാൻ സഹായിക്കുമെന്നും അവർ പറഞ്ഞു. എന്നാൽ, ഇന്ത്യൻ കർഷകരുടെ താൽപ്പര്യങ്ങൾ ബലികഴിച്ചുകൊണ്ടുള്ള നീക്കമുണ്ടാകില്ലെന്ന് ഗോയൽ ആവർത്തിച്ചു.
കരാറിനെക്കുറിച്ച് പാർലമെന്റിൽ പ്രസ്താവന നടത്താനാണ് സർക്കാർ തീരുമാനിച്ചിരുന്നതെങ്കിലും പ്രതിപക്ഷത്തിന്റെ പ്രതിഷേധം കാരണം അത് സാധിച്ചില്ലെന്ന് പിയൂഷ് ഗോയൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസും മറ്റ് സഖ്യകക്ഷികളും സ്പീക്കറെപ്പോലും അപമാനിക്കുന്ന രീതിയിൽ മോശമായാണ് പെരുമാറിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യൻ കയറ്റുമതിക്കാർക്കും സാങ്കേതിക മേഖലയ്ക്കും എം എസ് എം ഇകൾക്കും കരാർ വലിയ അവസരങ്ങൾ നൽകും. അമേരിക്കയിൽ നിന്നുള്ള നൂതന സാങ്കേതികവിദ്യകൾ ഇന്ത്യയിലെത്തുന്നതിനും ‘വികസിത് ഭാരത് 2047’ എന്ന ലക്ഷ്യം വേഗത്തിലാക്കാനും ഈ ചരിത്രപരമായ കരാർ സഹായിക്കുമെന്ന് ഗോയൽ കൂട്ടിച്ചേർത്തു. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ട്രംപിന് നന്ദി അറിയിച്ചു.




