Connect with us

articles

കേന്ദ്രത്തിന്റെ കോര്‍പറേറ്റ് പാദസേവകള്‍

നിര്‍ണായകമായ ആണവോര്‍ജ മേഖലയെയും കാര്‍ഷിക മേഖലയെയും വന്‍കിട കോര്‍പറേറ്റുകള്‍ക്ക് കൈമാറി ജനജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.

Published

|

Last Updated

കോര്‍പറേറ്റ് താത്പര്യങ്ങള്‍ക്ക് അനുകൂലമായ രണ്ട് പ്രധാന ബില്ലുകളാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കാനിരിക്കുന്നത്. വിത്തുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും വ്യാജ വിത്തുകളുടെ വ്യാപനം തടയാനും ലക്ഷ്യമിടുന്ന വിത്ത് ബില്ല് 2025, ആണവോര്‍ജ മേഖലയില്‍ സ്വകാര്യ പങ്കാളിത്തവും വിദേശ നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്ന സസ്റ്റയിനബിള്‍ ഹാര്‍നസിംഗ് ആന്‍ഡ് അഡ്വാന്‍സ്‌മെന്റ് ഓഫ് ന്യൂക്ലിയര്‍ എനര്‍ജി ഫോര്‍ ട്രാന്‍സ്‌ഫോര്‍മിംഗ് ഇന്ത്യ (ശാന്തി) ബില്ല് എന്നിവയാണ് കോര്‍പറേറ്റ് ആധിപത്യത്തിന് വഴിയൊരുക്കുന്ന രണ്ട് ബില്ലുകള്‍.

രാജ്യത്തിന്റെ നട്ടെല്ലായ കാര്‍ഷിക രംഗത്ത് സമൂലമായ മാറ്റത്തിന് വഴിയൊരുക്കുന്നതാണ് പുതിയ വിത്ത് ബില്ല്. 1966ലെ വിത്ത് നിയമവും 1983ലെ വിത്ത് നിയന്ത്രണ ഉത്തരവും സംയോജിപ്പിച്ച് ഒരു നിയമ നിര്‍മാണത്തിലേക്ക് കൊണ്ടുവരികയെന്നതാണ് വിത്ത് ബില്ല് 2025 ലക്ഷ്യമിടുന്നത്. 2004ലെ യു പി എ സര്‍ക്കാറും 2019ലെ എന്‍ ഡി എ സര്‍ക്കാറും വിത്ത് ബില്ല് അവതരിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കര്‍ഷക പ്രതിഷേധങ്ങളെത്തുടര്‍ന്ന് പിന്മാറുകയായിരുന്നു. പരമ്പരാഗത ഇനങ്ങളും കയറ്റുമതിക്ക് മാത്രമുള്ള വിത്തുകളുമൊഴികെയുള്ള എല്ലാ വിത്തിനങ്ങള്‍ക്കും രജിസ്‌ട്രേഷനും വിത്ത് കമ്പനികളുടെ അംഗീകാരത്തിനായി ദേശീയതലത്തില്‍ കേന്ദ്ര അക്രഡിറ്റേഷനും നിര്‍ബന്ധമാക്കുന്നതാണ് ബില്ല്.

വിത്തുകളുടെ അംഗീകാരത്തിന് മുമ്പ് ഒന്നിലധികം സ്ഥലങ്ങളില്‍ കൃഷി ചെയ്ത് ഗുണനിലവാരം പരിശോധിക്കണമെന്നും നിബന്ധനയുണ്ട്. വിത്തുകള്‍ വില്‍ക്കുന്നതിനോ ഇറക്കുമതി ചെയ്യുന്നതിനോ കയറ്റുമതി ചെയ്യുന്നതിനോ വിത്ത് ഡീലര്‍മാരും വിതരണക്കാരും സംസ്ഥാനം നല്‍കിയ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. എന്‍ഡ്-ടു-എന്‍ഡ് ട്രാക്കിംഗ് പ്രാപ്തമാക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ സീഡ് ട്രേസബിലിറ്റി പോര്‍ട്ടല്‍ വഴി സൃഷ്ടിച്ച ഒരു ക്യുആര്‍ കോഡ്, ബാച്ച് നമ്പറുകള്‍, ഉറവിടം, ലോട്ട് വിശദാംശങ്ങള്‍ എന്നിവ ഓരോ വിത്ത് കണ്ടെയ്‌നറിലും ഉണ്ടായിരിക്കണം. നിലവാരമില്ലാത്ത വിത്തുകള്‍ വില്‍ക്കുകയോ സാഥി പോര്‍ട്ടലില്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാതിരിക്കുകയോ പോലുള്ള ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പിഴ ഈടാക്കും. വ്യാജമായതോ രജിസ്റ്റര്‍ ചെയ്യാത്തതോ ആയ വിത്തുകള്‍ വില്‍ക്കുന്നത് ഉള്‍പ്പെടെയുള്ള പ്രധാന ലംഘനങ്ങള്‍ക്ക് 30 ലക്ഷം രൂപ വരെ പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കാം.

വിത്ത് ബില്ലിനെതിരെ കര്‍ഷക സമൂഹത്തില്‍ നിന്നടക്കം വ്യാപക പ്രതിഷേധമാണുയരുന്നത്. വിത്തുകളുടെ തനത് സവിശേഷതകളും വൈവിധ്യങ്ങളും അടിസ്ഥാനപ്പെടുത്തിയുള്ള രജിസ്‌ട്രേഷന്‍ 2001 മുതല്‍ നിലവിലുണ്ട്. കര്‍ഷക സൗഹൃദമായ ഈ രജിസ്‌ട്രേഷന്‍ രീതിയില്‍ മാറ്റം വരുത്തി സ്വകാര്യ വിത്ത് കമ്പനികള്‍ക്കും ഉത്പാദകര്‍ക്കും ഗുണകരമാകുന്ന രീതിയില്‍ കൊണ്ടുവരാനാണ് പുതിയ ബില്ലെന്നാണ് വിമര്‍ശം. കോര്‍പറേറ്റ് താത്പര്യങ്ങള്‍ക്ക് അനുകൂലമാകുമെന്നും വിത്ത് വില ക്രമാതീതമായി ഉയരുമെന്നും ചെറിയ കമ്പനികള്‍ക്ക് മത്സരം ബുദ്ധിമുട്ടാക്കുമെന്നും കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. ക്യു ആര്‍ കോഡുകള്‍, ഓണ്‍ലൈന്‍ സമര്‍പ്പണം, തുടര്‍ച്ചയായ ട്രാക്കിംഗ് തുടങ്ങിയ വിത്തുകളുടെ ഡിജിറ്റലൈസേഷന്‍ ചെറുകിട കര്‍ഷകരെയും ഇന്റര്‍നെറ്റ് സൗകര്യങ്ങളുടെ പരിമിതിയുള്ളവരെയും സാരമായി ബാധിക്കും.

വിത്ത് ഗുണനിലവാര പരീക്ഷണങ്ങളില്‍ വലിയ കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന ഏകീകൃത ഹൈബ്രിഡ് വിത്തുകള്‍ എളുപ്പം വിജയിക്കുകയും തദ്ദേശീയവും വൈവിധ്യം നിറഞ്ഞതുമായ വിത്തുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കാനാകാതെ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്യും. വിദേശ കമ്പനികള്‍ വിദേശത്തു നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ അംഗീകാരം നല്‍കുന്ന ബില്ല് മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ജനിതക മാറ്റം വരുത്തിയതോ പേറ്റന്റ് ചെയ്തതോ ആയ വിത്തുകള്‍ ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് വഴിയൊരുക്കും. ഇത് മനുഷ്യന്റെ ആരോഗ്യത്തിനും ആവാസവ്യവസ്ഥക്കും വരുത്തുന്ന വിനകള്‍ വലുതായിരിക്കും. സ്വകാര്യ, വിദേശ സ്ഥാപനങ്ങള്‍ക്ക് വിത്തുകളെ വിലയിരുത്താനുള്ള അധികാരം നല്‍കുന്ന ബില്ല് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച്, കാര്‍ഷിക സര്‍വകലാശാലകള്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തും.
ശാന്തി ബില്ല്

നിലവിലുള്ള അറ്റോമിക് എനര്‍ജി ആക്ട് (1962), സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ലിയര്‍ ഡാമേജ് ആക്ട് (2010) എന്നിവക്ക് പകരമായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച സസ്റ്റയിനബിള്‍ ഹാര്‍നസിംഗ് ആന്‍ഡ് അഡ്വാന്‍സ്‌മെന്റ് ഓഫ് ന്യൂക്ലിയര്‍ എനര്‍ജി ഫോര്‍ ട്രാന്‍സ്‌ഫോര്‍മിംഗ് ഇന്ത്യ (ശാന്തി) ബില്ല് വിദേശ കമ്പനികള്‍ക്ക് ഇന്ത്യയുടെ ആണവോര്‍ജ പദ്ധതികളില്‍ നിക്ഷേപത്തിന് അവസരമൊരുക്കുന്നതാണ്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പരമാധികാര ഫണ്ടുകള്‍ ഇന്ത്യന്‍ ആണവോര്‍ജ മേഖലയില്‍ നിക്ഷേപിക്കാന്‍ നേരത്തേ തന്നെ താത്പര്യം പ്രകടിപ്പിക്കപ്പെട്ടിരുന്നു. ആണവ ദുരന്തമുണ്ടായാല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്ത കമ്പനികള്‍ക്ക് മേല്‍ ഉത്തരവാദിത്വം ചുമത്തുന്ന 2010ലെ നിയമത്തിലെ 17(ബി) ആയിരുന്നു അവര്‍ക്ക് മുന്നില്‍ തടസ്സമായുണ്ടായിരുന്നത്. ഇതില്‍ ഇളവ് വരുത്തി ദുരന്തങ്ങളുടെ ഉത്തരവാദിത്വം പ്ലാന്റ് ഓപറേറ്റര്‍മാരില്‍ മാത്രമായി പരിമിതപ്പെടുത്തി ഉപകരണ വിതരണക്കാരെ ഒഴിവാക്കുന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെ ശാന്തി ബില്ല്.

ആണവ നിലയങ്ങളും റിയാക്ടറുകളും നിര്‍മിക്കാനുള്ള ലൈസന്‍സ് നല്‍കാനുള്ള അവകാശം നിലവില്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയെപ്പോലെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണ്. ആ അധികാരം ഇന്ത്യന്‍ സ്വകാര്യ കമ്പനികള്‍ക്ക് വകവെച്ചു നല്‍കുന്നതാണ് ശാന്തി ബില്ല്. ആണവോര്‍ജ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള നിരവധി മേഖലകള്‍ ഈ ബില്ലിലൂടെ സ്വകാര്യവത്കരിക്കപ്പെടും. അറ്റോമിക് ധാതുക്കളുടെ പര്യവേക്ഷണം, ഖനനം, ഇന്ധന നിര്‍മാണം തുടങ്ങിയ സര്‍ക്കാറിന്റെ കുത്തകയിലുള്ള എല്ലാ മേഖലകളും വിദേശ കമ്പനികള്‍ക്കടക്കം തീറെഴുതി കൊടുക്കുന്നതാണ് പുതിയ നീക്കം.

ആണവ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ചിലരെ ഒഴിവാക്കുന്നത് ഇരകളാകുന്നവര്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തില്‍ വലിയ കുറവ് വരുത്തും. ആണവ സുരക്ഷ മുന്‍നിര്‍ത്തി 2010ല്‍ തയ്യാറാക്കിയ സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ലിയര്‍ ഡാമേജ് നിയമത്തിനെ ട്രംപിന്റെയും അമേരിക്കയുടെയും താത്പര്യത്തിനു വേണ്ടി ബലികഴിക്കുകയാണെന്നാണ് വ്യാപക വിമര്‍ശം.
റഷ്യയിലെ ചെര്‍ണോബിലുണ്ടായ ആണവ ദുരന്തത്തിന്റെയും ജപ്പാനിലെ ഫുക്കുഷിമയിലുണ്ടായ ചോര്‍ച്ചയുടെയും പശ്ചാത്തലത്തില്‍ ലോകമാകെ ആണവോര്‍ജത്തിന്റെ സുരക്ഷിതത്വം ചോദ്യചിഹ്നമാകുന്ന ഈ വേളയില്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയെയടക്കം ചോദ്യം ചെയ്യുന്ന ഈ നീക്കം കോര്‍പറേറ്റ് സേവനം മാത്രമാണ്. ചുരുക്കത്തില്‍ നിര്‍ണായകമായ ആണവോര്‍ജ മേഖലയെയും കാര്‍ഷിക മേഖലയെയും വന്‍കിട കോര്‍പറേറ്റുകള്‍ക്ക് കൈമാറി ജനജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കാനാണ് ശ്രമം.

Latest