Connect with us

Articles

വീണ്ടും പിളരുമോ സുഡാന്‍?

സുഡാനെ കൂട്ടക്കുരുതിയുടെയും പലായനത്തിന്റെയും ശൈഥില്യത്തിന്റെയും ഇടമായി മാറ്റുന്നത് രണ്ട് നേതാക്കളുടെ അധികാരപ്രമത്തതയും ധനമോഹവുമാണ്. ആ മണ്ണില്‍ അവശേഷിക്കുന്ന സ്വര്‍ണമാണ് പ്രശ്‌നം. പക്ഷം പിടിച്ച് നേട്ടമുണ്ടാക്കാന്‍ പുറത്തുള്ളവര്‍ കാത്തിരിക്കുമ്പോള്‍ സര്‍വ നാശമല്ലാതെ ഒന്നും പ്രതീക്ഷിക്കുക വയ്യ

Published

|

Last Updated

കേരളത്തിലെ സെവന്‍സ് ഫുട്‌ബോള്‍ ഇഷ്ടക്കാര്‍ക്ക് സുഡാന്‍ കളിക്കളത്തിലെ ചടുലവേഗമായ “സുഡു’ക്കളുടെ നാടാണ്. ഏത് ആഫ്രിക്കന്‍ രാജ്യത്ത് നിന്നുള്ള കളിക്കാരനും സുഡുവാണ്. സുഡാനി ഫ്രം നൈജീരിയ എന്നാണല്ലോ സിനിമയുടെ പേര്. പ്രവാസി സുഹൃത്തുക്കള്‍ക്ക് ഒപ്പം ജോലി ചെയ്ത സുഡാനി മനുഷ്യരുടെ മുഖമാണ് ആ രാജ്യത്തിന്. ലോകവിശേഷങ്ങളില്‍ താത്പര്യമുള്ളവര്‍ക്ക് പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായ, ആഫ്രിക്കയിലെ മാത്രമല്ല, ലോകത്തെ തന്നെ വമ്പന്‍ സാമ്പത്തിക ശക്തിയാകാന്‍ കെല്‍പ്പുള്ള സുവര്‍ണ നാടാണ് സുഡാന്‍. ഇപ്പോള്‍ ഈ നാട് വാര്‍ത്തകളില്‍ അടയാളപ്പെടുന്നത് ആയിരക്കണക്കിന് മനുഷ്യരുടെ ചോരകൊണ്ടാണ്. ലക്ഷക്കണക്കിനാളുകള്‍ പലായനം ചെയ്യുന്നു. കുഞ്ഞുങ്ങളെ കൊന്നു തള്ളുന്നു. കൊല്ലുന്നത് എന്തിനെന്ന് കൊല്ലുന്നവര്‍ക്കോ, മരിക്കുന്നത് എന്തിനെന്ന് മരിക്കുന്നവര്‍ക്കോ അറിയാത്ത സ്ഥിതി. യഥാര്‍ഥവും വ്യാജവുമായ ചിത്രങ്ങളിലും ദൃശ്യങ്ങളിലും നിറയുന്ന സുഡാന്‍. അവിടെ നിന്ന് ലോകം ഭീതിയോടെ പ്രതീക്ഷിക്കുന്ന വാര്‍ത്ത “സുഡാൻ വീണ്ടും പിളര്‍ന്നു’വെന്നാണ്.
ദാര്‍ഫൂര്‍ മേഖലയിലെ അല്‍ഫാശിര്‍ മേഖല പൂര്‍ണമായി വിമത അര്‍ധ സൈനിക വിഭാഗമായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സി(ആര്‍ എസ് എഫ്)ന് കീഴൊതുങ്ങുകയും ഔദ്യോഗിക സൈന്യം അവിടെ നിന്ന് പിന്‍വാങ്ങുകയും ചെയ്തിരിക്കുന്നു. 18 മാസമായി രൂക്ഷ ഏറ്റുമുട്ടലാണ് സുഡാന്‍ ആംഡ് ഫോഴ്‌സും (എസ് എ ഫ്) ആര്‍ എസ് എഫും തമ്മില്‍ നടന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ തുടങ്ങിയ ചോരക്കളി അതിന്റെ പാരമ്യത്തിലെത്തുകയായിരുന്നു. സ്വര്‍ണ ഖനികളാലും മറ്റ് ഖനിജങ്ങളാലും സമ്പന്നമായ ഈ പ്രദേശത്തെ എല്ലാ നഗരങ്ങളും ഇപ്പോള്‍ നിയന്ത്രിക്കുന്നത് ആര്‍ എസ് എഫാണ്. ജബല്‍ അമീര്‍ അടക്കമുള്ള സ്വര്‍ണ ഖനികള്‍ ഈ വിമത സൈന്യം കൈകാര്യം ചെയ്യുന്നു. സൈന്യം ഒഴിഞ്ഞു പോയതോടെ ഇക്കൂട്ടര്‍ സിവിലിയന്മാര്‍ക്ക് നേരെ ക്രൂരമായ ആക്രമണമാണത്രേ നടത്തുന്നത്. ഔദ്യോഗിക സൈന്യത്തെ സഹായിച്ചുവെന്നാരോപിച്ച് സാധാരണ മനുഷ്യരെ തെരുവില്‍ വിചാരണ ചെയ്യുകയും ശിക്ഷ നടപ്പാക്കുകയും ചെയ്യുന്നുവെന്നാണ് വിവരം. സാധാരണക്കാരെ കസ്റ്റഡിയിലെടുക്കുകയും, മോചനദ്രവ്യം സ്വീകരിച്ചതിനു ശേഷം മാത്രം അവരെ വിട്ടയക്കുകയും ചെയ്തതായും വിവരമുണ്ട്. പതിനായിരങ്ങള്‍ പലായനം ചെയ്യുകയാണ്. ലോകത്തെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രതിസന്ധിയെന്നാണ് യു എന്‍ വിലയിരുത്തുന്നത്.
“വിവരമുണ്ട്’, “ആണത്രേ’ തുടങ്ങിയ വാചകാവസാനങ്ങള്‍ ബോധപൂര്‍വം തന്നെയാണ് പ്രയോഗിച്ചിരിക്കുന്നത്. വേറെ വഴിയില്ല. അന്താരാഷ്ട്ര മധ്യമ പ്രവര്‍ത്തകര്‍ക്ക് ദാര്‍ഫൂറിലേക്ക് പ്രവേശനമില്ല. അല്‍ഫാശിറിലുള്ളവരുമായി ഒരു മാധ്യമ പ്രവര്‍ത്തകനും സംസാരിക്കാന്‍ സാധിച്ചിട്ടുമില്ല. അതിക്രമങ്ങളെക്കുറിച്ച് പറയപ്പെടുന്ന മിക്ക കാര്യങ്ങളും വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് വെളിച്ചത്തുവന്നത്. അവക്ക് ഒരു ആധികാരികതയും അവകാശപ്പെടാനാകില്ല. മിക്കവയും ആര്‍ എസ് എഫ് ചിത്രീകരിച്ചതാകാം. സ്വന്തം ക്രൗര്യം അഭിമാനപൂര്‍വം ലോകത്തെ കാണിക്കാന്‍ മാത്രം മൗഢ്യം നിറഞ്ഞവരാണ് ഈ മിലീഷ്യ അംഗങ്ങള്‍. അച്ചടക്കമോ പരിശീലനമോ സിദ്ധിച്ച സൈനിക വിഭാഗമല്ല ഇവര്‍. പല തരം താത്പര്യങ്ങളുടെ പേരില്‍ ആയുധമെടുത്ത കൂലിപ്പട്ടാളക്കാരോ ക്രിമിനലുകളോ ആണ് ഭൂരിഭാഗവും. ദാര്‍ഫൂറില്‍ എന്ത് നടക്കുന്നു എന്നറിയാന്‍ ശ്രമം നടത്തിയവരില്‍ കുറച്ചെങ്കിലും പരിഗണനീയമായത് യേല്‍ സര്‍വകലാശാലയുടെ ഹ്യുമാനിറ്റേറിയന്‍ റിസര്‍ച്ച് ലാബ് മാത്രമാണ്. റുവാണ്ടന്‍ കൂട്ടക്കൊലയുടെ ആദ്യ 24 മണിക്കൂറിന് തുല്യമാണ് അക്രമത്തിന്റെ തോതെന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ വിശകലനം ചെയ്ത് അവര്‍ പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നത്. സമീപ പട്ടണമായ തവിലയിലേക്ക് രക്ഷപ്പെട്ടവരില്‍ നിന്നുള്ള സാക്ഷ്യങ്ങള്‍ കൂടി യേല്‍ ലാബ് വിശകലനത്തിന് ഉപയോഗിച്ചിട്ടുണ്ട്.
“അല്‍ഫാശിറില്‍ തിരഞ്ഞുപിടിച്ച് നിര്‍ബന്ധിത നാടുകടത്തല്‍ നടക്കുന്നുണ്ട്. അറബേതര സമൂഹങ്ങളെ വംശീയമായി ഉന്മൂലനം ചെയ്യുന്നതിന്റെ വ്യവസ്ഥാപിതവും മനഃപൂര്‍വവുമായ പ്രക്രിയയാണ് നടക്കുന്നത്. വംശശുദ്ധീകരണം എന്ന് വിശേഷിപ്പിക്കാവുന്ന നിലയിലാണ് മനുഷ്യക്കുരുതി. കൂട്ടിയിട്ട മൃതദേഹങ്ങള്‍ ഉപഗ്രഹ ചിത്രങ്ങളിലുണ്ടായിരുന്നു. ചോരവീണ് ചുവന്ന പ്രദേശങ്ങളും കാണപ്പെട്ടു. ലോകത്തെ ഏറ്റവും വ്യാപകമായ കൂട്ടക്കൊലയാണ് ആര്‍ എസ് എഫ് നടത്തുന്നതെന്ന് നിസ്സംശയം വ്യക്തമാക്കുന്നതാണ് ഈ വസ്തുതകളെല്ലാം’- യേല്‍ റിപോര്‍ട്ടില്‍ പറയുന്നു. അതിര്‍ത്തികളടച്ച് മിലീഷ്യകള്‍ കാവല്‍ നില്‍ക്കുന്നതിനാല്‍ അത്യാവശ്യ വസ്തുക്കള്‍ വരാത്ത സ്ഥിതിയുണ്ട്. പട്ടിണി മരണങ്ങളിലേക്ക് മേഖല കൂപ്പുകുത്തുകയാണ്.
ആരാണ് ആര്‍ എസ് എഫ്? എന്താണ് അവരുടെ ലക്ഷ്യം? നിരവധി സായുധ ഗ്രൂപ്പുകള്‍ നിലനില്‍ക്കുകയും അവര്‍ക്കെല്ലാം അകത്ത് നിന്നും പുറത്ത് നിന്നും നിര്‍ബാധം ആയുധങ്ങള്‍ ലഭിക്കുകയും ചെയ്യുന്ന തികച്ചും ദുര്‍ബലമായ ക്രമസമാധാനനില തുടരുന്ന സുഡാന്റെ കഴിഞ്ഞ മുപ്പത്തിയാറ് വര്‍ഷത്തെ ചരിത്രമെങ്കിലും വിശകലനം ചെയ്താലേ ഇപ്പോഴത്തെ പ്രതിസന്ധിയുടെ അര്‍ഥം പിടികിട്ടുകയുള്ളൂ. 1989 മുതല്‍ രാജ്യത്തെ സ്വേച്ഛാധിപത്യപരമായി നയിച്ചിരുന്നത് ഉമര്‍ അല്‍ബശീറായിരുന്നു. 2011ല്‍ തെക്കന്‍ സുഡാനായി മാറിയ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയില്‍ നിന്നും പടിഞ്ഞാറന്‍ സുഡാനില്‍ നിന്നും അദ്ദേഹത്തിനെതിരെ ഉയര്‍ന്നു വന്ന പ്രക്ഷോഭങ്ങളെയും സായുധ നീക്കങ്ങളെയും നേടിരാന്‍ ബശീര്‍ ഇളക്കിവിട്ട സ്വകാര്യ സേനയാണ് ജന്‍ജാവീദ്. ഈ ഗ്രൂപ്പിന്റെ തലപ്പത്ത് വന്നയാളാണ് ഇന്ന് ആര്‍ എസ് എഫിനെ നിയന്ത്രിക്കുകയും സുഡാനെ പിളര്‍ത്താന്‍ മാത്രം ശക്തനായി തീരുകയും ചെയ്ത മുഹമ്മദ് ഹംദാന്‍ ദഗാലോ മൂസ (ഹമേദ്തി). ഒട്ടക കച്ചവടക്കാരായിരുന്നു ഹംദാന്റെ മഹാരിയ ഗോത്രം. ഒട്ടകക്കച്ചവടത്തില്‍ നിന്നുള്ള വരുമാനം മതിയായില്ല ഹംദാന്. പണം സമ്പാദിക്കാന്‍ വേണ്ടിയാണ് ജന്‍ജാവീദിന്റെ ഭാഗമായി ഹംദാന്‍ മാറുന്നത്. അധികാരവും പണവും ഒരു പോലെ നേടാന്‍ അത് സുവര്‍ണാവസരമാണെന്ന് അയാള്‍ അതിവേഗം തിരിച്ചറിഞ്ഞു. ഉമര്‍ അല്‍ബശീറിന്റെ അടുത്തയാളായി. സ്വര്‍ണ ഖനനത്തിലും വില്‍പ്പനയിലുമെത്താന്‍ ഈ ബാന്ധവം സഹായിച്ചു. ശതകോടീശ്വരനാകാന്‍ അധികകാലം വേണ്ടിവന്നില്ല. ഇങ്ങനെ സമ്പാദിച്ച പണം കൂടുതല്‍ ശമ്പളം നല്‍കി കരുത്തരെ സമാന്തര സേനയില്‍ കൊണ്ടുവരാന്‍ ഉപയോഗിച്ചു. വിദേശത്ത് നിന്ന് അത്യാധുനിക ആയുധങ്ങളെത്തി. സ്വര്‍ണ ഖനികള്‍ക്ക് ചുറ്റും നടന്ന ചെറുത്തുനില്‍പ്പുകളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ഈ ആയുധങ്ങള്‍ അയാളെ പ്രാപ്തനാക്കി. എതിര്‍ ഗ്രൂപ്പുകളെ മുഴുവന്‍ തകര്‍ത്ത് മുന്നേറുന്ന ജന്‍ജാവീദ് ഗ്രൂപ്പ്, 2013ല്‍ റാപിഡ് സപോര്‍ട്ട് ഗ്രൂപ്പായി മാറുന്നതും സൈന്യത്തിന്റെ ഭാഗമായിത്തീരുന്നതും ഉമര്‍ അല്‍ബശീറിന്റെ ആശീര്‍വാദത്തോടെയാണ്. പിന്നെ, യമനിലും ലിബിയയിലുമൊക്കെ ഈ സംഘത്തെ ഉപയോഗിച്ചു. റഷ്യയിലെ വാഗ്നര്‍ ഗ്രൂപ്പിന് വരെ ആളെ സപ്ലൈ ചെയ്ത് ഹംദാന്‍ പണവും സ്വാധീനവുമുറപ്പിച്ചു. ഈ ഘട്ടത്തിലാണ് യു എ ഇയും സഊദിയുമായി ബന്ധം സ്ഥാപിച്ചെന്ന ഇന്നത്തെ ആരോപണങ്ങളുടെ തായ്്വേര് കിടക്കുന്നത്.

ആയുധം, സ്വര്‍ണം, അധികാരം ഈ സമവാക്യം ബശീറിനെയും ഹംദാനെയും ഇഴപിരിയാത്ത ബന്ധത്തിലെത്തിച്ചു. എന്നാല്‍, പുതിയ ബിസിനസ്സ് അവസരങ്ങള്‍ തേടിക്കൊണ്ടേയിരുന്ന ഹംദാന് മനസ്സിലായി ഉമര്‍ അല്‍ബശീറിന് രാജ്യത്തനകത്തും പുറത്തും വിലയിടിയുകയാണെന്ന്. മുല്ലപ്പൂ വിപ്ലവമെന്ന് വിളിക്കപ്പെട്ട ഭരണവിരുദ്ധ പ്രക്ഷോഭ കൊടുങ്കാറ്റ് സുഡാനിലും ആഞ്ഞ് വീശിയപ്പോള്‍ ഹംദാന്‍ മെല്ലെ ചുവടുമാറ്റിത്തുടങ്ങി. സുഡാന്‍ ആംഡ് ഫോഴ്‌സ് തലവന്‍ ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാനുമായി കൈകോര്‍ക്കുന്നതാണ് പിന്നെ കണ്ടത്. 2019ല്‍ ബശീറിന്റെ പതനം സംഭവിച്ചതോടെ താത്കാലികമായി അധികാരം കൈയാളിയ ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ബുര്‍ഹാന്റെ നേതൃത്വത്തിലുള്ള സൈന്യം പക്ഷേ, അധികാരം വിട്ടൊഴിയാനോ ട്രാന്‍സിഷന്‍ സര്‍ക്കാറിന് അധികാരം കൈമാറാനോ തയ്യാറായില്ല. ഇത് പിന്നെയും പ്രക്ഷോഭത്തിന് വഴിവെച്ചു. സിവിലിയന്‍ നേതൃത്വവും സൈന്യവും തമ്മില്‍ അധികാരം പങ്കുവെക്കുന്ന ഒരു കരാര്‍ അതിനിടക്ക് ഒപ്പുവെച്ചെങ്കിലും അതില്‍ ജനറല്‍ ബുര്‍ഹാന്‍ ഉറച്ച് നിന്നില്ല. പ്രക്ഷോഭം ഒരു വശത്ത് തുടരുമ്പോള്‍ സൈന്യം കൂടുതല്‍ അധികാരം കേന്ദ്രീകരിക്കുന്നതാണ് പിന്നീട് കണ്ടത്. ബുര്‍ഹാന്‍- ഹംദാന്‍ കൂട്ടുകെട്ട് അധികാരം പിടിക്കുകയും ബശീര്‍ സ്ഥാനഭ്രഷ്ടനാകുകയും ചെയ്തപ്പോള്‍ മുല്ലപ്പൂ വിപ്ലവം സുഡാനിലും പിഴച്ചുവെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. അമിതാധികാരത്തിനെതിരെ തെരുവിലിറങ്ങിയ സുഡാന്‍ ജനതക്ക് കിട്ടിയത് അധികാരവും കച്ചവടവും അന്തര്‍ദേശീയ നിഗൂഢബന്ധങ്ങളും കൂട്ടിക്കുഴച്ച വിചിത്ര സഖ്യമായിരുന്നു.

അപ്പോഴേക്കും ബുര്‍ഹാനുമായി മുഹമ്മദ് ഹംദാന്‍ തെറ്റിപ്പിരിഞ്ഞിരുന്നു. ആര്‍ എസ് എഫ് അര്‍ധ സൈന്യമായി തുടരില്ല, സൈന്യത്തില്‍ ലയിക്കണമെന്ന ആവശ്യം ബുര്‍ഹാന്‍ ഉയര്‍ത്തിയതാണ് അടിസ്ഥാന കാരണം. ഭരണത്തില്‍ രണ്ടാം നിരയില്‍ നിന്ന ഹംദാന് കൂടുതല്‍ അധികാരം വേണമെന്ന മോഹമുദിച്ചതും കാരണമാണ്. ഒറ്റയടിക്ക് ‘ജനപക്ഷ’ത്തേക്ക് ചാഞ്ഞ ഹംദാന്‍ അധികാര മാറ്റത്തിനായി വാദിച്ചു തുടങ്ങി. അദ്ദേഹം പറയുന്ന ഭരണ മാറ്റത്തിന്റെ അര്‍ഥം ബുര്‍ഹാനെ പുറത്താക്കുക എന്ന് മാത്രമാണ്. അല്ലാതെ സിവിലിയന്‍ സര്‍ക്കാര്‍ വരണമെന്നല്ല. ഈ വടംവലിയാണ് 2023 ഏപ്രില്‍ മുതല്‍ രൂക്ഷമായ ആഭ്യന്തര യുദ്ധത്തിലേക്ക് കൂപ്പുകുത്തിയത്. ദാര്‍ഫൂര്‍ മേഖല കേന്ദ്രീകരിച്ച് ആര്‍ എസ് എഫും കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് എസ് എ എഫും. രൂക്ഷമായ ഏറ്റുമുട്ടല്‍. മൂന്ന് ലക്ഷം പേര്‍ മരിച്ചുവെന്നാണ് യു എന്‍ കണക്ക്. ഒടുവില്‍ അല്‍ഫാശിര്‍ മേഖല ആര്‍ എസ് എഫ് പിടിച്ചെടുത്തതോടെ രാജ്യം മറ്റൊരു പിളര്‍പ്പിന്റെ വക്കിലെത്തിയിരിക്കുന്നു. സുഡാനെ ലോകത്തിന്റെ സുവര്‍ണ ഭൂമിയാക്കി മാറ്റിയ പ്രദേശമാണ് പടിഞ്ഞാറന്‍ മേഖല. ദ. സുഡാന്‍ വേര്‍പ്പെട്ടു പോകുകയും എണ്ണപ്പാടങ്ങൾ രാജ്യത്തിന് നഷ്ടമാകുകയും ചെയ്തു. ഇനി അവശേഷിക്കുന്ന ആത്മവിശ്വാസമാണ് പടിഞ്ഞാറൻ മേഖലയിലെ സ്വർണ ഖനികൾ. ഇവിടെ നിന്ന് ഔദ്യോഗിക സൈന്യം പിന്‍വാങ്ങിയെന്നത് ആ രാജ്യത്തിന്റെ ദുരവസ്ഥ കൃത്യമായി വ്യക്തമാക്കുന്നുണ്ട്.

ചെങ്കടല്‍, സഹേല്‍ മേഖല, ഹോണ്‍ ഓഫ് ആഫ്രിക്ക എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന അസ്ഥിര മേഖലയെന്ന നിലയില്‍ സുഡാന് തന്ത്രപരമായ സ്ഥാനമാണുള്ളത്. എത്യോപ്യ, ചാഡ്, ദക്ഷിണ സുഡാന്‍ എന്നിവയുള്‍പ്പെടെ നിരവധി അയല്‍രാജ്യങ്ങളെ സുഡാനിലെ സംഘര്‍ഷം ബാധിക്കും. റഷ്യ, യു എസ്, സഊദി അറേബ്യ, യു എ ഇ തുടങ്ങി സുഡാനില്‍ ഇടപെടുന്ന എല്ലാവര്‍ക്കും സ്വന്തമായി താത്പര്യങ്ങളുണ്ട്. തീവ്ര ഗ്രൂപ്പുകള്‍ തലപൊക്കുന്നത് തടയുകയാണ് അറബ് രാജ്യങ്ങളുടെ പ്രഖ്യാപിത ലക്ഷ്യമെങ്കില്‍ പാശ്ചാത്യ ശക്തികളുടെ ആശങ്ക ചെങ്കടലില്‍ റഷ്യന്‍ സ്വാധീനം കൂടുമോയെന്നതാണ്. ജനറല്‍ ബുര്‍ഹാന് റഷ്യയുമായി ചില നീക്കുപോക്കുകളുണ്ടെന്ന് അവര്‍ കരുതുന്നു. ഈജിപ്തും തുര്‍ക്കിയയും അദ്ദേഹത്തെ സഹായിക്കുന്നുണ്ട്. യു എ ഇയാണ് ആര്‍ എസ് എഫ് കടത്തിക്കൊണ്ടുപോകുന്ന സ്വര്‍ണം മുഴുവന്‍ വാങ്ങുന്നതെന്ന് ജനറല്‍ ബുര്‍ഹാന്‍ ആരോപിച്ചിരുന്നു. ആഭ്യന്തര സംഘര്‍ഷത്തില്‍ യു എ ഇയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുഡാന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നല്‍കിയ ഹരജി തള്ളുകയാണുണ്ടായത്. ഇത് മുന്‍നിര്‍ത്തി യു എ ഇ എല്ലാ ആരോപണങ്ങളും നിഷേധിക്കുകയും അല്‍ഫാശിര്‍ മേഖലക്ക് നല്‍കുന്നത് മാനുഷിക സഹായം മാത്രമാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു.

പരസ്പരം പോരടിക്കുന്ന രണ്ട് സായുധ ഗ്രൂപ്പുകള്‍ക്കും ആയുധം നല്‍കുന്നത് പാശ്ചാത്യ ശക്തികളാണെന്നോര്‍ക്കണം. ക്രിസ്ത്യന്‍ ഭൂരിപക്ഷ ദക്ഷിണ സുഡാന്‍ ഉണ്ടാക്കാന്‍ കുത്തിത്തിരിപ്പ് നടത്തിയവരാണ് ഈ ശക്തികള്‍. സുഡാന്റെ ഭാവിയില്‍ ഇവര്‍ക്കുള്ള ആശങ്ക മേഖലയിലെ തങ്ങളുടെ താത്പര്യങ്ങളെ ബാധിക്കുമോയെന്നത് മാത്രമാണ്. സ്വന്തം പൗരന്മാരെ കലാപ കലുഷിത സുഡാനില്‍ നിന്ന് രക്ഷിച്ചു കൊണ്ടുവന്ന ശേഷം ഈ ആഫ്രിക്കന്‍ ജനത തമ്മില്‍ തല്ലി ചാവുന്നതില്‍ ആര്‍ക്കും വേദനയുണ്ടാകില്ല. പണ്ട് ഈ പ്രദേശമെല്ലാം പാശ്ചാത്യ കോളനികളായിരുന്നുവല്ലോ. സുഡാന്‍ ഒരിക്കല്‍ കൂടി പിളരുകയും നിതാന്ത സംഘര്‍ഷം തുടരുകയും ചെയ്താല്‍ മാത്രമാണല്ലോ വിഭവ കൊള്ള നിര്‍ബാധം തുടരാനാകൂ. സമാധാന ശ്രമങ്ങള്‍ക്ക് അര്‍ഥവത്തായ മുന്‍കൈ ഇല്ലാതെ പോകുന്നതിന്റെ കാരണവുമതാണ്.
സുഡാനെ കൂട്ടക്കുരുതിയുടെയും പലായനത്തിന്റെയും ശൈഥില്യത്തിന്റെയും ഇടമായി മാറ്റുന്നത് രണ്ട് നേതാക്കളുടെ അധികാരപ്രമത്തതയും ധനമോഹവുമാണ്. ആ മണ്ണില്‍ അവശേഷിക്കുന്ന സ്വര്‍ണമാണ് പ്രശ്‌നം. സ്വന്തം ജനതയോട് ഉത്തരവാദിത്വമില്ലാത്ത യുദ്ധപ്രഭുക്കളുണ്ടാകുകയും പക്ഷം പിടിച്ച് നേട്ടമുണ്ടാക്കാന്‍ പുറത്തുള്ളവര്‍ കൗശലപൂര്‍വം കാത്തിരിക്കുകയും ചെയ്യുമ്പോള്‍ സര്‍വ നാശമല്ലാതെ ഒന്നും പ്രതീക്ഷിക്കുക വയ്യ. ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിലെ പരന്ന വെളിച്ചത്തില്‍, ഗോളടിച്ച ശേഷം കാണികളെ അഭിവാദ്യം ചെയ്യുന്ന “സുഡു’വിനെ ഓര്‍മ വരുന്നു. ആ ജനതയെയോര്‍ത്ത് വേദനിക്കുന്നു.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest