articles
അര്‍ണബാണ് ചോദിക്കുന്നത്; ഇത് ജനാധിപത്യ രാജ്യമാണോ?
രാജ്യത്തെ മാധ്യമങ്ങളെ, വാര്‍ത്തകളെ, മുഴുസമയ വാര്‍ത്താചാനലുകളില്‍ നടക്കുന്ന പ്രൈം ടൈം ചര്‍ച്ചകളെ അടുത്ത് നിന്ന് നിരീക്ഷിക്കുന്ന ഏതൊരാളും അത്ഭുതപ്പെട്ട് പോകുന്ന മാറ്റമാണ് നരേന്ദ്ര മോദി സര്‍ക്കാറിനെ എപ്പോഴും പിന്തുണച്ചു പോന്ന മുന്‍നിര മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബിന്റെ യു ടേണ്‍. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷക്കാലത്തിനിടക്ക് ഇതുവരെ സംഭവിച്ചിട്ടില്ലാത്ത മാറ്റം.
ബി ജെ പി സഖ്യകക്ഷിയില്‍ നിന്ന് എന്‍ ഡി എ സര്‍ക്കാറിന്റെ കടുത്ത വിമര്‍ശകനിലേക്ക് വഴിമാറിയ അര്‍ണബ് ഗോസ്വാമിയെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപബ്ലിക് ടി വി ചാനലിന്റെ ന്യൂസ്റൂമില്‍ കാണാന്‍ കഴിഞ്ഞത്. രാജ്യത്തെ മാധ്യമങ്ങളെ, വാര്‍ത്തകളെ, മുഴുസമയ വാര്‍ത്താചാനലുകളില്‍ നടക്കുന്ന പ്രൈം ടൈം ചര്‍ച്ചകളെ അടുത്ത് നിന്ന് നിരീക്ഷിക്കുന്ന ഏതൊരാളും അത്ഭുതപ്പെട്ട് പോകുന്ന മാറ്റമാണ് നരേന്ദ്ര മോദി സര്‍ക്കാറിനെ എപ്പോഴും പിന്തുണച്ചു പോന്ന മുന്‍നിര മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബിന്റെ യു ടേണ്‍. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷക്കാലത്തിനിടക്ക് ഇതുവരെ സംഭവിച്ചിട്ടില്ലാത്ത മാറ്റം. ദേശീയ മാധ്യമ രംഗത്തെ ഈ നയംമാറ്റത്തിന്റെ കാരണങ്ങള്‍ അന്വേഷിച്ച് മുന്നോട്ട് പോകുമ്പോള്‍ രാഷ്ട്രീയ, മാധ്യമ, നയരൂപവത്കരണ മാറ്റങ്ങളുടെ കൂടി ആനുകാലിക മാറ്റങ്ങളിലാണ് നാം ചെന്നെത്തുക.
ഡിസംബര്‍ ഇരുപതാം തീയതി രാത്രിയാണ് തന്റെ പ്രൈം ടൈം ചര്‍ച്ചയില്‍ അര്‍ണബ് ഗോസ്വാമി കേന്ദ്ര സര്‍ക്കാറിനെതിരെ തുറന്നടിച്ചത്. ഡല്‍ഹിയിലെ വായു മലിനീകരണ പ്രതിസന്ധിയായിരുന്നു ചര്‍ച്ചാ വിഷയം. ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ആരവല്ലി പര്‍വത നിരകളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല എന്നും അതാണ് വായുമലിനീകരണം ഇത്രമേല്‍ വ്യാപകമായതെന്നുമാണ് തന്റെ ഷോയില്‍ അര്‍ണബ് ഗോസ്വാമി വാദിച്ചത്. നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും ഗുരുതരമായ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയെ അവഗണിച്ചതിന് കേന്ദ്രത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരെടുത്ത് പറഞ്ഞായിരുന്നു ഈ വിമര്‍ശം. പാനല്‍ ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാറിനെ അനുകൂലിച്ച് സംസാരിച്ചവരെ, പരിസ്ഥിതി മന്ത്രാലയത്തിന്റെയും കേന്ദ്ര പരിസ്ഥിതി മന്ത്രിയുടെയും നിരുത്തരവാദ സമീപനം എടുത്ത് പറഞ്ഞാണ് അര്‍ണബ് പരിഹസിച്ചു നേരിട്ടത്. എക്കാലത്തും മോദി സര്‍ക്കാറിന് സ്തുതി പറഞ്ഞിരുന്ന അദ്ദേഹത്തിന്റെ ഭാഷയിലും ശരീര ഭാഷയിലും കേന്ദ്ര സര്‍ക്കാറിന്റെ പോരായ്മകള്‍ നിഴലിച്ചു കണ്ടു എന്നതാണ് മാധ്യമ ലോകത്തെ ഞെട്ടിച്ചത്. അപകടകരമായ വായുമലിനീകരണം ചര്‍ച്ച ചെയ്യുന്നതിന് പകരം സര്‍ക്കാര്‍ പദ്ധതികളുടെ പേര് മാറ്റത്തിനും കോര്‍പറേറ്റ് ചങ്ങാത്തത്തിനും വേണ്ടി പാര്‍ലിമെന്ററി മുന്‍ഗണനകള്‍ മാറിയതായും അര്‍ണബ് ഗോസ്വാമി ആരോപിച്ചു.
മന്ത്രിമാരുടെ ഉത്തരവാദിത്വക്കുറവ് സമയമെടുത്തു തന്നെ ചര്‍ച്ച ചെയ്തു. ഒപ്പം, മലിനീകരണ അടിയന്തരാവസ്ഥയില്‍ കേന്ദ്ര മന്ത്രിസഭയിലെ പ്രധാനപ്പെട്ട മന്ത്രിമാരുടെ അഭാവത്തെയും അദ്ദേഹം ചോദ്യം ചെയ്തു.കേന്ദ്ര സര്‍ക്കാറിനെ കടന്നാക്രമിച്ചു കൊണ്ടുള്ള അര്‍ണബ് ഗോസ്വാമിയുടെ അവതരണം അവിടം കൊണ്ട് തീര്‍ന്നില്ല. പിന്നീടുള്ള ദിവസങ്ങളിലും ന്യൂസ് റൂമിലിരുന്ന് ഇതേ രീതി തുടരാന്‍ അദ്ദേഹം മുതിരുകയുണ്ടായി. കേന്ദ്ര തൊഴിലുറപ്പ് പദ്ധതിയുടെ അട്ടിമറി, അത് അസാധാരണമായ തിടുക്കത്തില്‍ പാസ്സാക്കുന്നത്, ഗാന്ധിയുടെ പേര് നീക്കം ചെയ്യുന്നതിലെ പ്രശ്‌നങ്ങള്‍ എല്ലാം തുറന്നടിക്കുന്ന വാര്‍ത്താ അവതാരകനെയാണ് പ്രേക്ഷകര്‍ പിന്നീട് കാണുന്നത്. “ഒരു പദ്ധതിയുടെ പേര് മാറ്റാന്‍ വേണ്ടി മാത്രം അവര്‍ 48 മണിക്കൂര്‍ പാര്‍ലിമെന്റ് നടത്തി, പക്ഷേ വായുമലിനീകരണത്തെക്കുറിച്ചും അതിന്റെ അപകടങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ അവര്‍ക്ക് സമയമില്ലായിരുന്നു’- ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വിമര്‍ശം. ഇന്‍ഡിഗോ പ്രതിസന്ധി വന്ന സമയത്തും കേന്ദ്ര മന്ത്രിമാരെ കാണാതായതായും ഇത് ഒരു ജനാധിപത്യ രാജ്യം തന്നെയാണോ എന്നും അര്‍ണബ് ചോദിച്ചു.
കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും ബി ജെ പിയെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഒരു മാധ്യമ പ്രവര്‍ത്തകന് എങ്ങനെയാണ് ഈ രീതിയില്‍ മാറാന്‍ കഴിയുന്നതെന്ന് ആലോചിക്കുമ്പോഴാണ്, രാജ്യത്തെ മാധ്യമ സംവാദങ്ങളിലെ സ്വാഭാവിക പരിണതിയായി അര്‍ണബ് എന്ന പ്രതീകത്തെ വിലയിരുത്തേണ്ടി വരുന്നത്. റിപബ്ലിക് ചാനലിന്റെ റേറ്റിംഗുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ആരാവല്ലി പര്‍വത നിരകളില്‍ അദാനി ഗ്രൂപ്പ് നടത്തുന്ന ഖനനങ്ങള്‍, ബി ജെ പിക്കുള്ളില്‍ ഒരു വിഭാഗവുമായി സമീപ കാലത്തുണ്ടായ അകല്‍ച്ച, കേന്ദ്ര സര്‍ക്കാറുമായുള്ള വിലപേശല്‍, അടുത്ത തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള തന്ത്രം തുടങ്ങി ഗോഡി മീഡിയ എന്ന വിളിപ്പേര് വരെ നീണ്ടുനില്‍ക്കുന്ന കാരണങ്ങളിലേക്ക് ഈ മാറ്റത്തെ കൊണ്ടുപോകാമെങ്കിലും മാധ്യമ രംഗത്തെ സ്വാഭാവിക മാറ്റമായി ഇതിനെ കാണുന്നതാണ് അഭിലഷണീയം. അര്‍ണബ് ഗോസ്വാമിയെന്ന മാധ്യമ പ്രവര്‍ത്തകന്റെ ഉദയവും വളര്‍ച്ചയും പരിശോധിക്കുമ്പോള്‍ അതാണ് മനസ്സിലാകുന്നത്.
2014ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നതു മുതല്‍ അര്‍ണബ് ഗോസ്വാമി അദ്ദേഹത്തിന്റെ നയങ്ങളുടെ വലിയ പ്രചാരകനായിരുന്നു. ടൈംസ് നൗവിലായിരുന്നപ്പോഴും, പിന്നീട് സ്വന്തമായി റിപബ്ലിക് ടി വി തുടങ്ങിയപ്പോഴും ബി ജെ പിയുടെ പ്രത്യയശാസ്ത്രങ്ങളോട് അദ്ദേഹം ചേര്‍ന്നുനിന്നു. നോട്ടുനിരോധനം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, സി എ എ തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനങ്ങളെ അദ്ദേഹം “ദേശവിരുദ്ധം’ എന്ന് വിളിച്ചു.
റിപബ്ലിക് ചാനലിന്റെ വരവ് തന്നെ അങ്ങനെയായിരുന്നു. പാകിസ്താന്‍ വിരുദ്ധത, മുസ്‌ലിം വിരുദ്ധത, ബി ജെ പി ഭരണമില്ലാത്ത സംസ്ഥാനങ്ങളെക്കുറിച്ചുള്ള നെഗറ്റീവ് കവറേജ്, മോദി, അമിത് ഷാ, ജെയ്റ്റ്‌ലി തുടങ്ങിയവരെ മാധ്യമ വിചാരണയില്‍ നിന്ന് രക്ഷിക്കല്‍ തുടങ്ങിയ രാഷ്ട്രീയ നീക്കങ്ങള്‍ മാത്രമേ റിപബ്ലിക് ചാനലിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാവൂ എന്ന് ചാനല്‍ വരുന്നതിന് മുമ്പേ മാധ്യമ നിരൂപകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. റിപബ്ലിക് അര്‍ണബിന്റെ ചാനലാണെങ്കിലും ഐഡിയോളജി മോദിയുടേതാണെന്ന് റിപബ്ലിക്കിനെ കുറിച്ച് പലരും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതെല്ലാം അക്ഷരാര്‍ഥത്തില്‍ ശരിയാണ് എന്ന് തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു റിപബ്ലിക് ചാനലില്‍ ഓരോ ദിവസവും പുറത്തുവിടുന്ന വാര്‍ത്തകള്‍.
വസ്തുതകള്‍ അന്വേഷിക്കാനോ മാധ്യമ ധാര്‍മികത പാലിക്കാനോ നേരമില്ലാതെ അര്‍ണബ് ഓരോ വാര്‍ത്തയും മഹാകണ്ടെത്തലായി അവതരിപ്പിക്കുന്നു. വ്യക്തികളെ ആക്ഷേപിക്കുന്നു. തെറിവിളിക്കുന്നു. ചാനല്‍ കണ്ടെത്തലുകള്‍ ശുദ്ധ അസംബന്ധമാണെന്ന് പറയുന്നവരെ ദേശവിരുദ്ധരും തീവ്രവാദികളുമാക്കുന്നു. ഈ അസഹ്യമായ അധാര്‍മിക പത്രപ്രവര്‍ത്തനം കണ്ടുകൊണ്ടാണ് ഡോ. ശശി തരൂര്‍ അര്‍ണബിനെതിരെയും റിപബ്ലിക് ചാനലിനെതിരെയും നേരത്തേ സംസാരിച്ചത്. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ദുരൂഹതകള്‍ ആരോപിച്ച റിപബ്ലിക് ചാനലിനെ ശശി തരൂര്‍ വെല്ലുവിളിച്ചു. തെറ്റായ ആരോപണങ്ങളാണ് വാര്‍ത്തയിലുള്ളതെന്നും തരൂര്‍ ട്വിറ്ററിലൂടെ ആരോപിച്ചു. കോടതിയില്‍ ഇത് തെളിയിക്കാന്‍ അദ്ദേഹം അര്‍ണബ് ഗോസ്വാമിയെ വെല്ലുവിളിക്കുന്നുമുണ്ട്. ധാര്‍മികത ലവലേശമില്ലാതെയാണ് ജേര്‍ണലിസ്റ്റ് എന്ന് അവകാശപ്പെട്ട് ചിലര്‍ തെറ്റായ ആരോപണങ്ങള്‍ സംപ്രേഷണം ചെയ്തതെന്നും സ്വന്തം നേട്ടത്തിനും ചാനലിന്റെ പ്രചാരണത്തിനുമായി ഒരു ദുരന്തം ഉപയോഗിക്കുന്നതില്‍ അര്‍ണബിനോട് അതിയായ പ്രതിഷേധമുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.
അടിസ്ഥാനരഹിതമായ ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ഫരാഗോ (അവിയല്‍) ചാനലുകള്‍ പ്രൊഫഷനല്‍ പത്രപ്രവര്‍ത്തനത്തിന് തന്നെ അപമാനമാണെന്നും തരൂര്‍ തുറന്നടിച്ചിരുന്നു.
ബി ജെ പിയെ ശക്തമായി അനുകൂലിക്കുകയും ഇതര രാഷ്ട്രീയ പാര്‍ട്ടികളെ അതിശക്തമായി കടന്നാക്രമിക്കുകയും ചെയ്തിരുന്ന ഒരു മാധ്യമ പ്രവര്‍ത്തകനുണ്ടാകുന്ന ഈ മാറ്റം ശുഭ സൂചനകളാണ് നല്‍കുന്നത്. ഒരു ജനാധിപത്യ സംവിധാനത്തിനുള്ളിലെ മാധ്യമ നൈതികതയുടെ വളര്‍ച്ച കൂടി അടയാളപ്പെടുത്തുന്ന മാറ്റമായി ഇതിനെ കാണാം.



