Connect with us

Articles

വ്യാപാരക്കരാര്‍ ചട്ടക്കൂട് ആര്‍ക്ക് വേണ്ടി?

ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ വളര്‍ച്ചയാണത്രെ ഈ കരാറിന്റെ ലക്ഷ്യം. ഇന്ത്യ ഇറക്കുമതി തീരുവ പൂജ്യം ശതമാനമാക്കുകയാണ്. ഇന്ത്യയിലേക്ക് 500 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് അമേരിക്ക ആവശ്യപ്പെടുന്നത്. അതും ഒരു രൂപ പോലും ഇറക്കുമതി തീരുവ ഇല്ലാതെ. അമേരിക്കയിലുള്ള വന്‍കിട കര്‍ഷകരുടെ ഉത്പന്നങ്ങള്‍ കുത്തൊഴുക്ക് നടത്തുമ്പോള്‍ രാജ്യത്തെ കര്‍ഷക സമൂഹം പാപ്പരാകും.

Published

|

Last Updated

ഇന്ത്യയും യു എസും തമ്മിലുള്ള ഇടക്കാല വ്യാപാരക്കരാര്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിലെ ചരിത്രപരമായ നാഴികക്കല്ലെന്നാണ് ഇന്ത്യയുടെ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പറയുന്നത്. അതിന്റെ വിശദമായ അവലോകനത്തിലേക്ക് കടക്കുന്നതിനു മുമ്പ് ഒരു ചോദ്യമുണ്ട്. ഇന്ത്യയുടെ പാര്‍ലിമെന്റ് സമ്മേളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഇത്ര നിര്‍ണായകമായ ഒരു തീരുമാനം സഭക്ക് പുറത്ത് പ്രഖ്യാപിക്കുന്നത് ശരിയാണോ എന്നതാണ് ആ ചോദ്യം. ഇന്ത്യയുടെ സാമ്പത്തിക, വ്യാപാര, കാര്‍ഷിക മേഖലകളെ സാരമായി ബാധിക്കുന്ന ഒന്നാണിത് എങ്കില്‍ എന്തുകൊണ്ട് ജനസഭയില്‍ ഇത് ആദ്യമായി പറഞ്ഞില്ല? അവിടെ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാറിന് താത്പര്യമില്ല എന്നാണോ? അതോ അത്തരത്തിലുള്ള ഒരു ചര്‍ച്ചയില്‍ ഇതിന്റെ ദോഷവശങ്ങള്‍ പുറത്ത് വരുമെന്ന ഭയം കൊണ്ടാണോ? ഈ വ്യാപാര ചട്ടക്കൂട് ഇനിയും വികസിതമായ രൂപത്തില്‍ ഉണ്ടാകേണ്ടതുണ്ട്. എങ്കിലും ലഭ്യമായ വിവരങ്ങള്‍ വെച്ചുകൊണ്ടാണ് ഇപ്പോള്‍ വിലയിരുത്താന്‍ ശ്രമിക്കുന്നത്.

ആരുടെ ഉദാരത?
ഈ കരാറിന്റെ അടിസ്ഥാന പ്രമാണമായി പറയുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വര്‍ധിപ്പിക്കുന്നതിനായി പരസ്പരമുള്ള ഇറക്കുമതി തീരുവകള്‍ ഗണ്യമായി കുറക്കുന്നു എന്നതാണ്. മാര്‍ച്ചില്‍ നടപ്പാക്കാന്‍ പോകുന്ന ഈ കരാറിലൂടെ ഇപ്പോള്‍ തന്നെ ഏറ്റവുമധികം ഭീഷണി നേരിടുന്ന കാര്‍ഷിക മേഖലയുടെ അവസ്ഥ എന്താകും എന്ന അനിശ്ചിതത്വമുണ്ട്. ഇവര്‍ അവകാശപ്പെടുന്നത് പോലെ അമേരിക്ക ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ തീരുവയില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടോ എന്നതാണ് ആദ്യ ചോദ്യം. ട്രംപ് അധികാരമേല്‍ക്കുന്നതിനു മുമ്പ് ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന തീരുവ കേവലം 3.3 ശതമാനം മാത്രമായിരുന്നു. പകരം ഇന്ത്യ ചുമത്തിയിരുന്നത് 17 ശതമാനവും. ട്രംപ് വന്നപ്പോള്‍ ചുങ്കം 3.3 എന്നത് 25 ശതമാനമാക്കി ഉയര്‍ത്തി. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നു എന്നതിന്റെ പേരില്‍ പിഴച്ചുങ്കമായി 25 ശതമാനം കൂടിയാക്കി. ഇതില്‍ വിറളി പൂണ്ട ഇന്ത്യ കീഴടങ്ങാന്‍ തയ്യാറായി എന്നതാണ് സത്യം. ഇന്ത്യന്‍ ചരക്കു കയറ്റുമതിയുടെ 18 ശതമാനവും അന്നാട്ടിലേക്കാണല്ലോ. ഉത്സവക്കാല റിബേറ്റ് വില്‍പ്പനക്കാരനെ പോലെ ഈ 50 ശതമാനമാണിപ്പോള്‍ 18 ആയി മൈ ഫ്രണ്ട് എന്ന് പ്രധാനമന്ത്രി വിളിക്കുന്ന ട്രംപ് ‘കുറച്ചത്’. എന്തൊരു ഉദാരത?

ഇതില്‍ ചില ഉത്പന്നങ്ങളുടെ തീരുവ കുറച്ചേക്കും എന്നാണ് പിയൂഷ് ഗോയല്‍ എന്ന വാണിജ്യ മന്ത്രി പറയുന്നത്. അതില്‍ രത്നങ്ങളും സ്വര്‍ണവും കൊണ്ടുള്ള ആഭരണങ്ങള്‍ പെടുമത്രേ. ഇപ്പോള്‍ തന്നെ മൊബൈല്‍ ഫോണ്‍, മരുന്നുകള്‍ എന്നിവക്ക് നികുതിയില്ല. കാരണം ഇത് അവിടെ ധാരാളം ആവശ്യമുള്ള വിലകുറഞ്ഞ ഉത്പന്നങ്ങളാണ്. തന്നെയുമല്ല ഇതിനിടയില്‍ ഒരു രാഷ്ട്രീയ നിബന്ധനയും ട്രംപ് വെച്ചിട്ടുണ്ട്. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങരുത് എന്നതാണത്. അങ്ങനെ വാങ്ങിയാല്‍ ഈ ചുങ്കം 25 ശതമാനം കൂടി വര്‍ധിക്കും. അതായത് ഇത് കേവലം ഒരു വ്യാപാര കരാര്‍ മാത്രമല്ല ഒരു രാഷ്ട്രീയ അടിമത്ത കരാര്‍ കൂടിയാണ്. ഒരു പരമാധികാര രാജ്യമായ ഇന്ത്യ ആരില്‍ നിന്ന് എന്തൊക്കെ വാങ്ങരുത് എന്ന് നിര്‍ബന്ധിക്കുകയാണിവിടെ ചെയ്യുന്നത്.

ഇന്ത്യക്ക് താങ്ങാനാകുമോ?
കേന്ദ്ര സര്‍ക്കാറും പിയൂഷ് ഗോയലും പറയുന്നത് പോലെ 500 ബില്യണ്‍ ഡോളര്‍ (30 ലക്ഷം കോടി രൂപ) ഇറക്കുമതി താങ്ങാനുള്ള കരുത്ത് ഇന്ത്യന്‍ കാര്‍ഷിക മേഖലക്ക് ഇപ്പോഴില്ല. ഇപ്പോള്‍ നമ്മുടെ ഇറക്കുമതി എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളതും ക്രൂഡ് ഓയില്‍ അടക്കമുള്ളതും എല്ലാം ചേര്‍ത്ത് വെച്ചാല്‍ പോലും ഏകദേശം 900 ബില്യണ്‍ ഡോളര്‍ ആണ്. അതില്‍ ഏകദേശം 150 ബില്യണ്‍ ഡോളര്‍ ക്രൂഡ് ഓയിലിനാണ്. ബാക്കിയുള്ള ഡിഫന്‍സ് മുതല്‍ കമ്പ്യൂട്ടര്‍, മൊബൈല്‍ എല്ലാം ചേര്‍ന്ന് 750 ബില്യണ്‍ ഡോളര്‍ ആണ്. കാര്‍ഷിക ഉത്പന്നങ്ങളില്‍ ഭക്ഷ്യ എണ്ണയുടെ 75 ബില്യണ്‍ ഡോളര്‍ ഒഴിച്ചാല്‍ ഇന്ത്യ ഭക്ഷ്യ വസ്തുക്കളും കാര്‍ഷിക ഉത്പന്നങ്ങളും കാര്യമായി ഇറക്കുമതി ചെയ്യുന്നില്ല. അതുകൊണ്ട് ഇതുവരെ ഇന്ത്യന്‍ കര്‍ഷക സമൂഹം ഇറക്കുമതി ഭീഷണിയില്‍ നിന്ന് ഒരു വിധത്തില്‍ രക്ഷപ്പെട്ട് നില്‍ക്കുകയായിരുന്നു. പക്ഷേ, ട്രംപ് പറയുന്ന പൂജ്യം താരിഫ് വെച്ച് കാര്‍ഷിക ഉത്പന്നങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്യേണ്ടി വരും.

ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ വളര്‍ച്ചയാണത്രെ ഈ കരാറിന്റെ ലക്ഷ്യം. ഇന്ത്യ ഇറക്കുമതി തീരുവ പൂജ്യം ശതമാനമാക്കുകയാണ്. ഇന്ത്യയിലേക്ക് 500 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് അമേരിക്ക ആവശ്യപ്പെടുന്നത്. അതും ഒരു രൂപ പോലും ഇറക്കുമതി തീരുവ ഇല്ലാതെ. ഈ 500 ബില്യണ്‍ ഡോളര്‍ ഇറക്കുമതിയില്‍ ന്യൂക്ലിയര്‍, ഹൈ എന്‍ഡ് ടെക്നോളജി എല്ലാം അമേരിക്ക കയറ്റുമതി ചെയ്യുന്നത് അപ്പപ്പോഴത്തെ ആവശ്യങ്ങള്‍ക്കനുസരിച്ചായിരിക്കും. മാത്രമല്ല ആയുധങ്ങളും ടെക്‌നോളജിയും കാലഹരണപ്പെടുകയോ അടുത്ത ലെവലില്‍ എത്തുകയോ ചെയ്യുമ്പോള്‍ മാത്രമേ അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യക്ക് കൈമാറൂ. കൂടാതെ അവയൊക്കെ അമേരിക്കന്‍ കമ്പനികളുടെ 100 ശതമാനം സബ്‌സിഡിയറി വഴി ആകാനും സാധ്യതയുണ്ട്. ഇതെല്ലം വെച്ച് നോക്കുമ്പോള്‍ ഈ 500 ബില്യണില്‍ ഓപണ്‍ ജനറല്‍ ലൈസന്‍സ് വഴി അമേരിക്കന്‍ ഗോതമ്പും പാല്‍ ഉത്പന്നങ്ങളും സോയാ ബീനും കശുവണ്ടിപ്പരിപ്പും വാള്‍നട്ടും എല്ലാം അമേരിക്ക ഡംപ് ചെയ്യാനാണ് സാധ്യത. അമേരിക്കയിലുള്ള വന്‍കിട കര്‍ഷകരുടെ ഉത്പന്നങ്ങള്‍ കുത്തൊഴുക്ക് നടത്തുമ്പോള്‍ രാജ്യത്തെ കര്‍ഷക സമൂഹം പാപ്പരാകും. ഇവിടെയാണ് കാര്‍ഷിക സമൂഹത്തിന്റെ യാഥാര്‍ഥ്യബോധത്തോടെയുള്ള ആശങ്കകള്‍ ഉയര്‍ന്നുവരുന്നത്.

ന്യായീകരണക്കാരുടെ അബദ്ധങ്ങള്‍
നോട്ടുനിരോധനം പോലെയുള്ള മരമണ്ടന്‍ നടപടികളില്‍ എന്ന പോലെ മോദി സര്‍ക്കാറിന്റെ ന്യായീകരണത്തൊഴിലാളികളായി വരുന്നവര്‍ പറയുന്നതിലെ വൈരുധ്യങ്ങള്‍ പ്രകടമാണ്. ഇന്ത്യ- യു എസ് ഇടക്കാല വ്യാപാരക്കരാറിന്റെ ചട്ടക്കൂടുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന ഇന്നലെ വൈറ്റ് ഹൗസ് പുറത്തുവിട്ടതോടെ ഇന്ത്യയുടെ വാണിജ്യ മന്ത്രാലയം പുതിയൊരു പ്രചാരണ യുദ്ധം ആരംഭിച്ചിരിക്കുകയാണ്. അമേരിക്കയുമായുള്ള ഇടക്കാല വ്യാപാര കരാറിന്റെ വിശദാംശങ്ങള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നുവെന്നത് കൊണ്ട് തന്നെ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണ യുദ്ധത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലും സംഘവും. ‘ഇന്ത്യന്‍ കര്‍ഷകരുടെ താത്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്’ എന്നാണ് വാണിജ്യ മന്ത്രാലയം മനോഹരങ്ങളായ ഇന്‍ഫോഗ്രാഫിക് ഇമേജുകളുടെ അകമ്പടിയോടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ‘പച്ചക്കറികള്‍ക്ക് പ്രവേശനമില്ല’ എന്നാണ് ഇന്ത്യന്‍ വാണിജ്യ മന്ത്രാലയത്തിന്റെ ഒരു പ്രചാരണം. എന്നാല്‍, ‘പുതിയതും സംസ്‌കരിച്ചതുമായ പഴങ്ങള്‍, സോയാബീന്‍ എണ്ണ, ഡി ഡി ജി എസ്, വൈന്‍ ആന്‍ഡ് സ്പിരിറ്റുകള്‍, അധിക ഉത്പന്നങ്ങള്‍ എന്നിവയുടെ’ ഇറക്കുമതി തീരുവ ഇന്ത്യ ‘ഒഴിവാക്കുകയോ കുറയ്ക്കുകയോ’ ചെയ്യുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവന വ്യക്തമായി പറയുന്നുണ്ട്. ഇത് ഇന്ത്യന്‍ വാണിജ്യ മന്ത്രാലയത്തിന്റെ ‘ഇളവുകളില്ല’ എന്ന അവകാശവാദത്തെ പൂര്‍ണമായും നിരാകരിക്കുന്നതാണ്. അതോടൊപ്പം, സി എന്‍ ബി സിയുമായുള്ള അഭിമുഖത്തില്‍, യു എസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീര്‍, ‘വൈന്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയ്ക്കുള്ള താരിഫ് ഇല്ലാതാക്കും’ എന്ന് വ്യക്തമാക്കുന്നു.

ഗോയലിന്റെ മറ്റൊരു പ്രചാരണ പോസ്റ്ററിലെ അവകാശവാദം ‘കര്‍ഷകരെ പൂര്‍ണമായും സംരക്ഷിക്കുന്നു’ എന്നതാണ്. രാജ്യത്തെ സോയാബീന്‍ കര്‍ഷകരുടെ കഴിഞ്ഞകാല അനുഭവം ഒന്ന് വിശകലനം ചെയ്യുന്നത് ഈ അവകാശവാദത്തിന് പിന്നിലെ വസ്തുതകള്‍ മനസ്സിലാക്കാന്‍ സഹായിക്കും. 2024-25 വര്‍ഷത്തില്‍ ഇന്ത്യ ഇറക്കുമതി ചെയ്ത സോയാബീന്‍ എണ്ണയുടെ അളവ് ഏകദേശം 4,748 ലക്ഷം ടണ്‍ ആണെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഏകദേശം 42,000 കോടി രൂപ വിലമതിക്കുന്നതാണ് ഈ ഇറക്കുമതി. കുറഞ്ഞ തീരുവയിന്മേലുള്ള ഈ ഇറക്കുമതി ആഭ്യന്തര എണ്ണക്കുരു കര്‍ഷകരെ വലിയ തോതില്‍ പ്രതികൂലമായി ബാധിക്കുകയുണ്ടായി. കര്‍ഷകര്‍ക്ക് മിനിമം സപ്പോര്‍ട്ട് വിലക്ക് താഴെ സോയാബീന്‍ വില്‍ക്കേണ്ടി വന്നു എന്നതായിരുന്നു ഇതിന്റെ ഫലം. ഇതേ രീതിയില്‍ ബദാം, വാല്‍നട്ട് തുടങ്ങിയ ട്രീനട്ടുകളുടെ പരിപ്പുകള്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 1.12 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് ഈ മേഖലയില്‍ മാത്രമായി നടന്നിട്ടുള്ളത്. ബദാം, വാല്‍നട്ട് എന്നിവയുടെ തീരുവ കുറയ്ക്കണമെന്ന് യു എസ് ശക്തമായി സമ്മര്‍ദം ചെലുത്തുകയും ഇടക്കാല കരാറില്‍ എഴുതിച്ചേര്‍ക്കുകയും ചെയ്യുന്നു. മേല്‍പ്പറഞ്ഞ കാര്‍ഷിക ഉത്പന്നങ്ങളുടെ തീരുവ പൂജ്യം ആയിരിക്കുമെന്ന് ഗ്രീര്‍ പരസ്യമായി പ്രഖ്യാപിക്കുന്നു.
(തുടരും)

 

Latest