Connect with us

National

സമാധാന പ്രതിനിധി സംഘത്തിന്റെ ഭാഗമായി എപ്‌സ്റ്റീനെ മൂന്നോ നാലോ തവണ കണ്ടിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി

ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ പി ഐ) പ്രതിനിധി സംഘത്തിന്റെ ഭാഗമായാണ് താൻ ജെഫ്രി എപ്‌സ്റ്റീനെ കണ്ടതെന്നും തന്റെ പ്രൊഫഷണൽ ജീവിതവുമായി ബന്ധമില്ലാത്ത കാര്യങ്ങളിലേക്ക് തന്നെ വലിച്ചിഴയ്ക്കരുതെന്നും മന്ത്രി

Published

|

Last Updated

ന്യൂഡൽഹി | വിവാദമായ എപ്‌സ്റ്റീൻ ഫയലുകളിൽ തന്റെ പേര് പരാമർശിച്ചെന്ന രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ പി ഐ) പ്രതിനിധി സംഘത്തിന്റെ ഭാഗമായാണ് താൻ ജെഫ്രി എപ്‌സ്റ്റീനെ കണ്ടതെന്നും തന്റെ പ്രൊഫഷണൽ ജീവിതവുമായി ബന്ധമില്ലാത്ത കാര്യങ്ങളിലേക്ക് തന്നെ വലിച്ചിഴയ്ക്കരുതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോക്സഭയിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് തൊട്ടുപിന്നാലെയായിരുന്നു മന്ത്രിയുടെ വിശദീകരണം.

ഐ പി ഐയിലെ തന്റെ മേധാവിയായിരുന്ന ടെർജെ റോഡ് ലാർസൻ വഴിയാണ് എപ്‌സ്റ്റീനെ പരിചയപ്പെട്ടതെന്നും പരമാവധി മൂന്നോ നാലോ തവണ മാത്രമേ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ളൂ എന്നും പുരി വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ അംബാസഡറായിരുന്ന കാലയളവിലെ വിവരങ്ങൾ അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. മൂന്ന് ദശലക്ഷത്തിലധികം ഇമെയിൽ രേഖകളിൽ വെറും രണ്ട് തവണ മാത്രമാണ് തന്റെ പേര് പരാമർശിച്ചിട്ടുള്ളതെന്നും തന്റെ ഭാഗത്തുനിന്നുള്ള ഇമെയിൽ വിനിമയങ്ങൾ ഇന്ത്യയിലെ ഇന്റർനെറ്റ് അധിഷ്ഠിത സാമ്പത്തിക സാധ്യതകളെക്കുറിച്ചായിരുന്നുവെന്നും മന്ത്രി വിശദീകരിച്ചു.

എപ്‌സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ചോ അദ്ദേഹത്തിന്റെ അധാർമികമായ പ്രവർത്തനങ്ങളെക്കുറിച്ചോ തനിക്ക് അറിവില്ലായിരുന്നുവെന്നും അത്തരം കാര്യങ്ങളിൽ തനിക്ക് താൽപ്പര്യമില്ലാത്തതിനാൽ തന്നെ ‘രണ്ടു മുഖമുള്ളവൻ’ എന്നാണ് എപ്‌സ്റ്റീൻ വിളിച്ചിരുന്നതെന്നും മന്ത്രി വെളിപ്പെടുത്തി. എപ്‌സ്റ്റീന്റെ കുറ്റകൃത്യങ്ങളും അതിലെ ഇരകളും ആരാണെന്ന് രാഹുൽ ഗാന്ധി ശരിയായി പഠിക്കണമെന്നും വെറുതെ പേര് പരാമർശിച്ചതുകൊണ്ട് ഒരാൾ കുറ്റവാളിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകനേതാക്കൾ ഉൾപ്പെട്ട എപ്‌സ്റ്റീൻ ഫയലുകളിൽ കേന്ദ്രമന്ത്രിയുടെ പേരും ഉണ്ടെന്നായിരുന്നു രാഹുൽ ഗാന്ധി സഭയിൽ ആരോപിച്ചത്.

---- facebook comment plugin here -----

Latest