സൂര്യൻ വീണ്ടും രൗദ്രഭാവം പൂണ്ടതോടെ ഭൂമിയിൽ വാർത്താവിനിമയ സംവിധാനങ്ങൾ തടസ്സപ്പെടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. അതിശക്തമായ സൗരജ്വാലകൾ പുറപ്പെട്ടതിനെത്തുടർന്ന് ഐ എസ് ആർ ഒ ഉൾപ്പെടെയുള്ള ആഗോള ബഹിരാകാശ ഏജൻസികൾ അതീവ ജാഗ്രതയിലാണ്. സൂര്യനിൽ നിന്നുണ്ടാകുന്ന ഈ കാന്തിക സ്ഫോടനങ്ങൾ ഉപഗ്രഹങ്ങളെയും ടെലിവിഷൻ സിഗ്നലുകളെയും റഡാറുകളെയും ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് ബഹിരാകാശ ഏജൻസികൾ പറയുന്നത്. നിലവിൽ ഇന്ത്യയുടെ 50-ലധികം പ്രവർത്തനക്ഷമമായ ഉപഗ്രഹങ്ങൾ ഐ എസ് ആർ ഒയുടെ നിരന്തര നിരീക്ഷണത്തിലാണ്. റേഡിയോ ബ്ലാക്ക്ഔട്ടിന് വലിയ സാധ്യതയുണ്ടെന്നും ഏത് തകരാറും ഉടൻ പരിഹരിക്കാൻ സജ്ജമാണെന്നും ഐ എസ് ആർ ഒയുടെ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് ഡയറക്ടർ എ കെ അനിൽ കുമാർ അറിയിച്ചു. ഗ്രൗണ്ട് സ്റ്റേഷനുകൾ ഇതിനോടകം തന്നെ മിഷൻ കൺട്രോൾ സെന്ററുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
---- facebook comment plugin here -----





