Connect with us

International

ട്വന്റി20 ലോകകപ്പ്; ഒമാനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് സിംബാബവെ ഗംഭീര തുടക്കം കുറിച്ചു

ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ 103 റണ്‍സിന് പുറത്തായി.

Published

|

Last Updated

കൊളംബോ| ഒമാനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സിംബാബവെ ഗംഭീര തുടക്കം കുറിച്ചു. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ 103 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബവെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 13.3 ഓവറില്‍ വിജയലക്ഷ്യം മറികടന്നു.

ബ്രയാന്‍ ബെന്നറ്റ് 48 റണ്‍സോടെ പുറത്താകാതെ നിന്നപ്പോള്‍, പരിക്കേറ്റ് ക്രീസ് വിടുംമുമ്പ് ബ്രണ്ടന്‍ ടെയ്ലര്‍ 31 റണ്‍സ് നേടി സിംബാബവെയുടെ വിജയത്തിന് അടിത്തറയിട്ടു. മരുമാനി 21 റണ്‍സ് നേടി പുറത്തായപ്പോള്‍ ഡിയോണ്‍ മിയേഴ്സ് റണ്‍സ് കണ്ടെത്താനാകാതെ മടങ്ങി. ഇവരുടെ വിക്കറ്റുകളാണ് സിംബാബവെയ്ക്ക് നഷ്ടമായത്.

നേരത്തെ ടോസ് നേടിയ സിംബാബവെ ഒമാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ബ്ലെസ്സിംഗ് മുസരബാനിയും റിച്ചാര്‍ഡ് എന്‍ഗാരവയും തുടക്കത്തില്‍ തന്നെ ഒമാനെ സമ്മര്‍ദ്ദത്തിലാക്കി. നാല് ഓവറില്‍ 16 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് ഒമാന്‍ തകര്‍ന്നു.

ദയനീയമായ തുടക്കത്തിന് ശേഷം കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാന്‍ ഒമാന്‍ ബാറ്റര്‍മാര്‍ ശ്രമിച്ചു. വിനായക് ശുക്ലയും മെഹ്മൂദും ചേര്‍ന്ന് ടീമിനെ മാന്യമായ സ്‌കോറിലേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും, റിച്ചാര്‍ഡ് എന്‍ഗാരവ വിനായക് ശുക്ലയെ പുറത്താക്കിയതോടെ ആ കൂട്ടുകെട്ട് അവസാനിച്ചു. അതേ ഓവറില്‍ തന്നെ എന്‍ഗാരവ മറ്റൊരു വിക്കറ്റും സ്വന്തമാക്കി. ഒടുവില്‍ അവസാന ഓവറില്‍ ഒമാന്‍ 103 റണ്‍സിന് പുറത്തായി.

Latest