International
ടി20 ലോകകപ്പ്: അവസാന ഓവറില്‍ നാടകീയ ജയം; നെതര്‍ലന്‍ഡ്‌സിനെ കീഴടക്കി പാകിസ്ഥാന്‍
അവസാന നിമിഷം വരെ കടുത്ത പോരാട്ടം നടത്തിയ ഡച്ച് ടീമിനെ ഫഹീം അഷ്‌റഫിന്റെ (29) തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്.
കൊളംബോ | ട്വന്റി-20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ പാകിസ്ഥാന്‍ ജയം സ്വന്തമാക്കി. അവസാന നിമിഷം വരെ കടുത്ത പോരാട്ടം നടത്തിയ ഡച്ച് ടീമിനെ ഫഹീം അഷ്‌റഫിന്റെ (29) തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്.
148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ ഒരു ഘട്ടത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ തകര്‍ച്ച നേരിട്ടു. എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ ഫഹീം അഷ്‌റഫ് അവസാന ഓവറില്‍ ടീമിനെ വിജയ തീരത്തെത്തിച്ചു. മത്സരത്തിന്റെ വഴിത്തിരിവായി ഫഹീമിന്റെ ക്യാച്ച് ഡച്ച് ഫീല്‍ഡര്‍ കൈവിട്ടതും മാറി.
ഓപ്പണര്‍മാരായ സാഹിബ്‌സാദ ഫര്‍ഹാന്‍ (47) സയിം അയൂബ് (24) എന്നിവര്‍ ചേര്‍ന്ന് പാകിസ്ഥാനെ മികച്ച തുടക്കത്തിലേക്ക് നയിച്ചു. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ഡച്ച് ബൗളര്‍മാര്‍ മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തി. സല്‍മാന്‍ അലി ആഗ നയിച്ച മധ്യനിരയ്ക്ക് സ്ഥിരത കൈവരിക്കാനായില്ല. 12 പന്തില്‍ നിന്ന് എട്ട് റണ്‍സുമായി ഷദാബ് ഖാന്‍ പുറത്തായതോടെ പാകിസ്ഥാന്‍ തോല്‍വിയുടെ വക്കിലെത്തി.
പാകിസ്ഥാന്‍ മത്സരം കൈവിട്ടുപോകുമെന്ന് തോന്നിച്ച നിമിഷത്തിലാണ് ഷഹീന്‍ അഫ്രീദിയെ കൂട്ടുപിടിച്ച് ഫഹീം അഷ്‌റഫ് വെടിക്കെട്ട് പ്രകടനം നടത്തിയത്. 19-ാം ഓവറില്‍ ലോഗന്‍ വാന്‍ ബീക്കിനെതിരെ തുടര്‍ച്ചയായ സിക്‌സറുകള്‍ പറത്തി ഫഹീം മത്സരം പാകിസ്ഥാന്റെ നിയന്ത്രണത്തിലാക്കി.
മുമ്പ് ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സിനെ സ്പിന്‍ ആക്രമണത്തിലൂടെ കുരുക്കി 147 റണ്‍സിന് ഓള്‍ഔട്ടാക്കിയ പാകിസ്ഥാന്‍ മത്സരത്തില്‍ തുടക്കത്തില്‍ തന്നെ മേല്‍ക്കൈ നേടിയിരുന്നു. എന്നാല്‍ മറുപടി ബാറ്റിംഗിലെ തകര്‍ച്ച മത്സരം അപകടത്തിലാക്കിയെങ്കിലും, അവസാന നിമിഷത്തിലെ അസാധാരണ പോരാട്ടം പാകിസ്ഥാന്‍ വിജയമായി മാറ്റുകയായിരുന്നു.


