Connect with us

International

ട്വന്റി20 ലോകകപ്പ്: നിലപാട് മാറ്റി പാകിസ്താൻ; ഇന്ത്യ–പാക് മത്സരം നടക്കും

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഇടപെടലും സഹആതിഥേയരായ ശ്രീലങ്ക ഉൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങളുടെ ശക്തമായ സമ്മർദവുമാണ് പാകിസ്താനെ നിലപാട് മാറ്റാൻ പ്രേരിപ്പിച്ചത്.

Published

|

Last Updated

ലാഹോര്‍ |ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന നിലപാട് പാകിസ്താൻ പിൻവലിച്ചു. ഫെബ്രുവരി 15ന് കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീമിന് സർക്കാർ ഔദ്യോഗിക അനുമതി നൽകി. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഇടപെടലും സഹആതിഥേയരായ ശ്രീലങ്ക ഉൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങളുടെ ശക്തമായ സമ്മർദവുമാണ് പാകിസ്താനെ നിലപാട് മാറ്റാൻ പ്രേരിപ്പിച്ചത്.

ലാഹോറില്‍ ഐസിസി, പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി), സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവര്‍ക്കിടയില്‍ മണിക്കൂറുകളോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് അനുകൂല തീരുമാനം ഉണ്ടായത്. ബഹുരാഷ്ട്ര ചര്‍ച്ചകളുടെയും സൗഹൃദ രാജ്യങ്ങളുടെ അഭ്യര്‍ത്ഥനയുടെയും അടിസ്ഥാനത്തില്‍ ഫെബ്രുവരി 15ന് നടക്കുന്ന ട്വന്റി20 ലോകകപ്പ് മത്സരത്തില്‍ പങ്കെടുക്കാന്‍ പാകിസ്താന്‍ ടീമിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുകയാണെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. ക്രിക്കറ്റിന്റെ അന്തസ്സും ആഗോള മത്സരങ്ങളുടെ തുടര്‍ച്ചയും ഉറപ്പാക്കുന്നതിനാണ് തീരുമാനമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

ബംഗ്ലാദേശ്, യുഎഇ ക്രിക്കറ്റ് ബോര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ പാകിസ്താന്‍ നിലപാട് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഐസിസി പ്രതിനിധികള്‍, പിസിബി ചെയര്‍മാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്വി, ഐസിസി ഡെപ്യൂട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖാജ, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് അമിനുല്‍ ഇസ്ലാം എന്നിവരുടെ സാന്നിധ്യത്തില്‍ ലാഹോറില്‍ നടന്ന മാരത്തണ്‍ യോഗമാണ് നിര്‍ണായകമായത്. തുടര്‍ന്ന് പ്രധാനമന്ത്രി ഷഹബാസ് ശരീഫുമായി മൊഹ്‌സിന്‍ നഖ്വി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്.

ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്ന മത്സരങ്ങളിലൊന്നായ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം എന്തുവിലകൊടുത്തും നടത്തണമെന്ന നിലപാടാണ് പിസിബിയിലെ ഒരു വിഭാഗത്തിനുള്ളത്. മത്സരം ഒഴിവാക്കുന്നത് വലിയ സാമ്പത്തിക നഷ്ടത്തിലേക്കും അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനത്തിലേക്കും നയിക്കുമെന്ന ആശങ്കയും നിലനിന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാകിസ്താന്‍ ഇന്ത്യക്കെതിരായ ബഹിഷ്‌കരണ തീരുമാനം പിന്‍വലിച്ചത്.

 

Latest