Connect with us

Articles

കർഷകരുടെ കഴുത്തറുക്കും

ഇന്ത്യന്‍ കര്‍ഷകരുടെ പ്രതിമാസ വരുമാനം 6,000 രൂപയില്‍ താഴെയാണെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോഴാണ്, ഫെഡറല്‍ സബ്‌സിഡിയുടെ പിന്‍ബലത്തോടെ വിപണിയിലേക്ക് വരുന്ന അമേരിക്കന്‍ കാര്‍ഷിക ഉത്പന്നങ്ങളെ തീരുവകളില്‍ നിന്ന് ഒഴിവാക്കിയും തീരുവകള്‍ കുറച്ചും ഇന്ത്യന്‍ വിപണിയിലേക്ക് മോദി സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നത്.

Published

|

Last Updated

സാമന്ത രാജ്യങ്ങളുടെ മേല്‍ അധിനിവേശ രാജ്യങ്ങള്‍ കപ്പം ചുമത്തുന്ന പതിവ് മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നു. യു എസ്- ഇന്ത്യ വ്യാപാര കരാറിന്റെ ഭാഗമായി പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ റഷ്യന്‍ എണ്ണ ഇടപാടിനെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഒന്നുമില്ല. എന്നാല്‍ നേരിട്ടോ പരോക്ഷമായോ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യില്ലെന്ന ഉറപ്പിലാണ് അധിക തീരുവയായ 25 ശതമാനം പിന്‍വലിക്കുന്നതെന്നാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പറയുന്നത്. ഇന്ത്യ ഏതെങ്കിലും തരത്തില്‍ എണ്ണ വാങ്ങുന്നുണ്ടോ എന്ന് നിരീക്ഷിക്കുമെന്നും വാക്ക് പാലിച്ചില്ലെങ്കില്‍ നടപടി എടുക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട് ഈ ഉത്തരവില്‍ എന്നും കാണാം. യുക്രൈന്‍ അധിനിവേശത്തിന്റെ ഭാഗമായാണ് റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. അവരുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ക്കും പിഴത്തീരുവ എന്നതും അതിന്റെ ഭാഗമാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഇന്ത്യക്ക് 25 ശതമാനം പിഴത്തീരുവ ചുമത്തിയത് ഇതിന്റെ ഭാഗമായാണ്. ഊര്‍ജോത്പന്നങ്ങള്‍ ഇന്ത്യ അമേരിക്കയില്‍ നിന്ന് തന്നെ വാങ്ങണം. കരാറിലെ ഒരു കക്ഷി എവിടെ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങാം, വാങ്ങാന്‍ പാടില്ല എന്നൊക്കെ മറുകക്ഷി നിശ്ചയിക്കുന്നത് കേവലം ഒരു വ്യാപാരക്കരാറല്ല. അത് ലംഘിച്ചാല്‍ ശിക്ഷിക്കും എന്ന വ്യവസ്ഥ അതിലേറെ അപകടകരമാണ്. സാമ്രാജ്യത്വ അധിനിവേശത്തിന്റെ പുതിയ രൂപം തന്നെയാണിത്.

എണ്ണ മാത്രമല്ല പ്രശ്‌നം
ഇന്ത്യയുടെ ദീര്‍ഘകാല സുഹൃത്തായ റഷ്യയുമായുള്ള സഹകരണം തീര്‍ത്തും ഇല്ലാതാക്കാന്‍ അമേരിക്ക നടത്തുന്ന ശ്രമങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് വൈറ്റ് ഹൗസ്. ഇത് ഇന്ത്യക്ക് നല്‍കുന്ന മുന്നറിയിപ്പ് തന്നെയാണ്. ഇക്കാര്യം പാലിക്കുന്നു എന്നുറപ്പാക്കാന്‍ ഇന്ത്യ എന്ന പരമാധികാര രാഷ്ട്രത്തിനെ നിരീക്ഷിക്കും എന്നും അവര്‍ തുറന്നു തന്നെ പറയുന്നു. ഇത് നാട്ടിലെ ജനങ്ങളോടും പാര്‍ലിമെന്റിനോടും തുറന്നു പറയാനുള്ള ധൈര്യം നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കില്ല എന്നതിനാലാണ് അവര്‍ ഉരുണ്ട് കളിക്കുന്നത്. റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങുമോ എന്ന പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ മറുപടി (ഫെബ്രുവരി 5), “അക്കാര്യം വാണിജ്യ മന്ത്രാലയത്തിനാണ് വിശദീകരിക്കാന്‍ കഴിയുക’ എന്നായിരുന്നു. ഇതേ ചോദ്യം കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിനോട് ചോദിച്ചപ്പോള്‍ (ഫെബ്രുവരി 7) നല്‍കപ്പെട്ട മറുപടി, “വിദേശ മന്ത്രാലയത്തിന് ഇക്കാര്യത്തെക്കുറിച്ച് സ്പഷ്ടത നല്‍കാന്‍ കഴിയും’ എന്നുമായിരുന്നു. രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന സുപ്രധാനമായ ഒരു കരാറിനെ സംബന്ധിച്ച് ഈ വ്യാപാര ചര്‍ച്ചകളില്‍ പങ്കാളികളായ രണ്ട് സുപ്രധാന വകുപ്പുകളുടെ തലവന്മാര്‍ നല്‍കിയ മറുപടി അങ്ങേയറ്റം നിരുത്തരവാദപരവും ധാര്‍ഷ്ട്യം നിറഞ്ഞതും ആയിരുന്നു. അതേസമയം വൈറ്റ് ഹൗസ് പുറത്തുവിട്ട ഇടക്കാല വ്യാപാര കരാറിന്റെ ചട്ടക്കൂട് സംബന്ധിച്ച സംയുക്ത പ്രസ്താവനയില്‍, ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിക്കുന്നതില്‍ നിന്ന് പിന്‍വാങ്ങും എന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.
അമേരിക്ക കൈയേറി പിടിച്ച വെനസ്വേലയില്‍ നിന്ന് ഇന്ത്യക്ക് എണ്ണ വാങ്ങാം എന്ന ഉദാര വാഗ്ദാനവും അമേരിക്ക നല്‍കുന്നുണ്ട്. പ്രശ്‌നം രാഷ്ട്രീയം മാത്രമല്ല കോര്‍പറേറ്റുകളുടേതുമാണ്. വെനസ്വേല അമേരിക്ക പിടിച്ചത് തന്നെ എണ്ണക്ക് വേണ്ടിയാണ്. അമേരിക്കന്‍ ഭീമന്മാരായ എണ്ണക്കമ്പനികളാകും ഇനി അവിടെ ഖനനവും സംസ്‌കരണവും നടത്തുക. അവരുടെ ലാഭം ഉറപ്പാക്കലും അമേരിക്കയുടെ മുഖ്യലക്ഷ്യങ്ങളില്‍ ഒന്നാണല്ലോ. യൂറോപ്യന്‍ രാഷ്ട്രങ്ങളുമായി ഇന്ത്യ അടുക്കുന്നതില്‍ വേവലാതി പൂണ്ടതിനാലാണ് തിടുക്കത്തില്‍ ഇങ്ങനെ ഒരു കരാറില്‍ എത്തിയതെന്ന കാര്യവും രഹസ്യമല്ല. അമേരിക്കയുടെ ഒന്നാം നമ്പര്‍ ശത്രുവായ ഇറാനില്‍ നിന്ന് ഏറ്റവും കുറഞ്ഞ വിലക്ക് പ്രകൃതി വാതകം വാങ്ങാനുള്ള ഇന്ത്യയുടെ ശ്രമം അമേരിക്ക തടയുകയാണ്. ഒട്ടനവധി ഉത്പന്നങ്ങള്‍ ഇനി അമേരിക്ക പറയുന്ന രാജ്യങ്ങളില്‍ നിന്ന് മാത്രം ഇന്ത്യ വാങ്ങേണ്ടി വരും.

ആരെ വിശ്വസിക്കണം?
ഭരണകര്‍ത്താക്കളെ ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നു എന്നതാണ് പ്രധാന പ്രശ്‌നം. അമേരിക്കയില്‍ നിന്നുള്ള ഡിസ്റ്റിലേഴ്‌സ് ധാന്യങ്ങള്‍ക്ക് (ഡി ഡി ജി എസ്) ഇന്ത്യ തീരുവ കുറയ്ക്കുമെന്നാണ് സംയുക്ത പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്. അതനുസരിച്ച്, ഇന്ത്യയിലേക്ക് പ്രതിവര്‍ഷം 70,000 ടണ്‍ ഡ്രൈ ഡിസ്റ്റിലേഴ്സ് ധാന്യങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള പദ്ധതിക്കാണ് യു എസ് ഗ്രെയിന്‍സ് കൗണ്‍സില്‍ കോപ്പുകൂട്ടുന്നതെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. ആഭ്യന്തര വിപണിയില്‍ ഇതിനകം തന്നെ വില കുറഞ്ഞു കഴിഞ്ഞ ഡ്രൈ ഡിസ്റ്റിലേഴ്സ് ധാന്യ ഉത്പന്നങ്ങളെ, പ്രത്യേകിച്ചും മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ കര്‍ഷകരെ, ഈ കരാര്‍ എങ്ങനെ ബാധിക്കും എന്ന് ഒരു നിമിഷമെങ്കിലും വാണിജ്യ മന്ത്രി ആലോചിക്കുമോ?

സംയുക്ത പ്രസ്താവനയില്‍ സൂചിപ്പിക്കുന്ന മറ്റൊരു കാര്യം “പുതിയതും സംസ്‌കരിച്ചതുമായ പഴങ്ങള്‍’ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ അനുമതി നല്‍കിയിട്ടുണ്ടെന്നതാണ്. ആപ്പിള്‍, ഓറഞ്ച് എന്നിവയാണ് ഈ പഴങ്ങള്‍ എന്നത് വ്യക്തമാണ്. ഹിമാചലിലെയും കശ്മീരിലെയും കര്‍ഷകര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രക്ഷിക്കണമെന്ന് അപേക്ഷിച്ചുകൊണ്ടിരിക്കുന്ന വിളകളാണിത്. അവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സംരക്ഷണം ഉറപ്പുനല്‍കുന്നതിന് പകരം അവയെ അമേരിക്കന്‍ കാര്‍ഷിക വിപണിക്കുള്ള സൗജന്യ തീരുവ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തുകയാണ് മന്ത്രിയും സര്‍ക്കാറും ചെയ്തിരിക്കുന്നത്.
വാണിജ്യ മന്ത്രാലയത്തിന്റെ പ്രചാരണ പ്രസ്താവനയില്‍ “അധിക ഉത്പന്നങ്ങള്‍’ എന്ന് അവ്യക്തമായി പരാമര്‍ശിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാനുള്ള അവകാശം ഈ നാട്ടിലെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് കര്‍ഷകര്‍ക്ക്, ഉണ്ട്. അവരെ അവ്യക്തതയുടെ ഇരുളില്‍ നിര്‍ത്തുക മാത്രമാണ് നിങ്ങളുടെ പ്രചാരണ തന്ത്രങ്ങള്‍ ചെയ്യുന്നത്.

കര്‍ഷകര്‍ക്ക് വീണ്ടും
സമരം ചെയ്യേണ്ടി വരും
പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ കര്‍ഷക യൂനിയനുകള്‍ ഈ കരാറിനെതിരെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ താത്പര്യങ്ങള്‍ക്കനുസരിച്ച് കാര്‍ഷിക, ക്ഷീര മേഖല തുറന്നിടുന്നത് ഇന്ത്യന്‍ കര്‍ഷകരുടെ നാശത്തിനാകുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിദേശ ഇറക്കുമതി അനുവദിച്ചാല്‍ ആഭ്യന്തര ക്ഷീര കര്‍ഷകരുടെ വാര്‍ഷിക നഷ്ടം 1.03 ലക്ഷം കോടി രൂപ ആയിരിക്കുമെന്ന് എസ് ബി ഐയുടെ ഒരു പഠനം വ്യക്തമാക്കുന്നു. “ക്ഷീര മേഖലയുടെ സംരക്ഷണം’ എന്ന പ്രചാരണ വാചകത്തിനപ്പുറത്തേക്ക് വ്യക്തതയോടെ കാര്യങ്ങള്‍ പറയാന്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് മടിക്കുന്നത്? ഇന്ത്യന്‍ ജനതക്ക് യു എസ് വക്താക്കളുടെ പത്രസമ്മേളനങ്ങളില്‍ നിന്നും അമേരിക്കന്‍ ലോബി ഗ്രൂപ്പുകളില്‍ നിന്നും വിശദാംശങ്ങള്‍ അറിയേണ്ടി വരുന്നതെന്തുകൊണ്ടാണ്?
ഇന്ത്യന്‍ കര്‍ഷകരുടെ പ്രതിമാസ വരുമാനം 6,000 രൂപയില്‍ താഴെയാണെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോഴാണ്, ഫെഡറല്‍ സബ്‌സിഡിയുടെ പിന്‍ബലത്തോടെ വിപണിയിലേക്ക് വരുന്ന അമേരിക്കന്‍ കാര്‍ഷിക ഉത്പന്നങ്ങളെ തീരുവകളില്‍ നിന്ന് ഒഴിവാക്കിയും തീരുവകള്‍ കുറച്ചും ഇന്ത്യന്‍ വിപണിയിലേക്ക് മോദി സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നത്. യഥാര്‍ഥത്തില്‍ ഈ കരാര്‍ ആരുടെ ആവശ്യമാണ്? ഒരു പക്ഷേ അതി സമ്പന്നരുടെയും ഉയര്‍ന്ന മധ്യവര്‍ഗക്കാരുടെയുമാണെന്ന് പറയാം. ഇന്ത്യന്‍ സാമ്പത്തിക ഘടനയുടെ അടിത്തറയാകുന്ന കാര്‍ഷിക ഗ്രാമീണ മേഖലയുടെ തകര്‍ച്ച സര്‍ക്കാറുകള്‍ക്ക് ഒരു പ്രശ്‌നമേയാകുന്നില്ല. ഈ സമ്പന്നരുടെ വളര്‍ച്ച കൊണ്ട് തന്നെ രാജ്യം സാമ്പത്തിക ശക്തിയാകും എന്നവര്‍ കരുതുന്നു. ഇവിടെ പരാജയപ്പെടുന്നത് കാര്‍ഷിക മേഖല മാത്രമല്ല ജനാധിപത്യം കൂടിയാണ്.

---- facebook comment plugin here -----

Latest