National
ടി20 ലോകകപ്പ്: ഇന്ത്യയുമായുള്ള മത്സരം കളിക്കാൻ പാകിസ്താൻ മുന്നോട്ടുവെച്ചത് മൂന്ന് നിബന്ധനകൾ
മത്സരത്തിന് ശേഷം താരങ്ങൾ പരസ്പരം ഹസ്തദാനം നൽകുന്ന 'ഹാൻഡ്‌ഷേക്ക് പ്രോട്ടോക്കോൾ' കർശനമായി നടപ്പിലാക്കണമെന്നത് ഒരു നിബന്ധന
ലാഹോർ | ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ പോരാട്ടം അനിശ്ചിതത്വത്തിൽ. ഇന്ത്യക്കെതിരായ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെങ്കിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് (ഐ സി സി) മുന്നിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി സി ബി) മൂന്ന് പ്രധാന നിബന്ധനകൾ വെച്ചു. ഞായറാഴ്ച ലാഹോറിൽ നടന്ന ഉന്നതതല ചർച്ചയിലാണ് പി സി ബി നിലപാട് വ്യക്തമാക്കിയത്. ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചും അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പാകിസ്താൻ സർക്കാർ പ്രഖ്യാപിച്ചത്.
ഐ സി സി വരുമാനത്തിൽ പി സി ബി.ക്ക് കൂടുതൽ വിഹിതം നൽകുക, ഇന്ത്യയുമായുള്ള ഉഭയകക്ഷി പരമ്പരകൾ പുനരാരംഭിക്കുക, മത്സരത്തിന് ശേഷം താരങ്ങൾ പരസ്പരം ഹസ്തദാനം നൽകുന്ന ‘ഹാൻഡ്‌ഷേക്ക് പ്രോട്ടോക്കോൾ’ കർശനമായി നടപ്പിലാക്കുക എന്നിവയാണ് പാകിസ്താന്റെ പ്രധാന ആവശ്യങ്ങൾ. കഴിഞ്ഞ വർഷം ഏഷ്യ കപ്പ് മത്സരത്തിനിടെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ താരങ്ങൾ പാക് താരങ്ങൾക്ക് കൈകൊടുക്കാൻ വിസമ്മതിച്ചിരുന്നു. ഇതാണ് പുതിയ നിബന്ധനയിലേക്ക് പാകിസ്താനെ പ്രേരിപ്പിച്ചത്.
ഐ സി സി ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖ്വാജ, സി ഇ ഒ. സഞ്ജോഗ് ഗുപ്ത എന്നിവരടങ്ങുന്ന സംഘം പി സി ബി. ചെയർമാൻ മൊഹ്സിൻ നഖ്‌വിയുമായാണ് ചർച്ച നടത്തിയത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബി സി ബി) പ്രസിഡന്റ് അമിനുൽ ഇസ്ലാം ബുൾബുളും യോഗത്തിൽ പങ്കെടുത്തു. നിലവിൽ ഐ സി സി വരുമാനത്തിന്റെ 5.75 ശതമാനമാണ് പാകിസ്താൻ കൈപ്പറ്റുന്നത്. ഇന്ത്യയുമായുള്ള ഉഭയകക്ഷി പരമ്പരകളുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഇരു രാജ്യങ്ങളിലെയും സർക്കാരുകളാണെന്ന് ഐ സി സി. ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാകിസ്താൻ സർക്കാർ പച്ചക്കൊടി കാട്ടിയാൽ മാത്രമേ ഫെബ്രുവരി 15-ലെ ആവേശപ്പോരാട്ടം നടക്കുകയുള്ളൂ.





