Connect with us

Kerala

പരീക്ഷാപിഴവുകള്‍ തുടര്‍ച്ചയാവുന്നു; വിദ്യാര്‍ഥികള്‍ പരീക്ഷണ വസ്തുക്കളാവരുത്: എസ് എസ് എഫ് ഹ്യുമന്‍ ലൈബ്രറി

വിദ്യാര്‍ഥികളുടെ കരിയര്‍ വളര്‍ച്ചയ്ക്ക് ആവശ്യമായ നൈപുണ്യ വികസനവും പ്രൊഫഷണല്‍ പഠനകാലത്തെ മാനസിക സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള ആത്മവിശ്വാസവും പകര്‍ന്നുനല്‍കിയാണ് കൊല്ലത്ത് സംഘടിപ്പിച്ച 'ഹ്യൂമന്‍ ലൈബ്രറി' സമാപിച്ചത്.

Published

|

Last Updated

കൊല്ലം | വിദ്യാര്‍ഥികളുടെ ഭാവിനിര്‍ണയിക്കുന്ന മത്സരപരീക്ഷകളില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന ചോദ്യപ്പേപ്പര്‍ ചോര്‍ച്ചകളും ക്രമക്കേടുകളും പരീക്ഷാ റദ്ദാക്കലുകളും രാജ്യത്തിന്റെ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയെ ഗുരുതരമായി തകര്‍ത്തിരിക്കുകയാണെന്ന് എസ് എസ് എഫ് ഹ്യൂമന്‍ ലൈബ്രറിയില്‍ പ്രമേയം. നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷം പരീക്ഷയെഴുതുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയെ ഭരണപരമായ വീഴ്ചകള്‍ക്ക് വിട്ടുകൊടുക്കുന്ന സാഹചര്യം അതീവ ആശങ്കാജനകമാണെന്ന് സംഗമം വിലയിരുത്തി. വിദ്യാര്‍ഥികളുടെ കരിയര്‍ വളര്‍ച്ചയ്ക്ക് ആവശ്യമായ നൈപുണ്യ വികസനവും പ്രൊഫഷണല്‍ പഠനകാലത്തെ മാനസിക സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള ആത്മവിശ്വാസവും പകര്‍ന്നുനല്‍കിയാണ് കൊല്ലത്ത് സംഘടിപ്പിച്ച ‘ഹ്യൂമന്‍ ലൈബ്രറി’ സമാപിച്ചത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി ഇ ഒ അനൂപ് അംബിക പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ആധുനിക ലോകത്ത് കരിയര്‍ വിജയത്തിന് അക്കാദമിക യോഗ്യതകള്‍ക്കൊപ്പം പ്രായോഗിക നൈപുണ്യങ്ങള്‍ വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അനൂപ് അംബിക ഓര്‍മിപ്പിച്ചു. കരിയര്‍ വെല്ലുവിളികളെയും പ്രൊഫഷണല്‍ പഠനകാലത്തെ മാനസിക സമ്മര്‍ദ്ദങ്ങളെയും വിദ്യാര്‍ഥികള്‍ ഒറ്റയ്ക്ക് ചുമലിലേറ്റേണ്ടതില്ലെന്നും, ഒരു മികച്ച ലേണേഴ്സ് കൂട്ടായ്മയിലൂടെ അതിനെയെല്ലാം വിജയകരമായി മറികടക്കാന്‍ സാധിക്കുമെന്നും ബോധ്യപ്പെടുത്തുന്നതായിരുന്നു ഹ്യൂമന്‍ ലൈബ്രറിയിലെ വിവിധ സെഷനുകള്‍.

എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബാസിം നൂറാനി സ്വാഗതം ആശംസിച്ച ചടങ്ങില്‍ എന്‍ ഐ ടി കാലിക്കറ്റിലെ റിസര്‍ച്ച് സ്‌കോളര്‍ സ്വാബിര്‍ സഖാഫി ആമുഖഭാഷണം നടത്തി. വിദ്യാര്‍ഥികളുമായി സംവദിക്കാനും അവര്‍ക്ക് വഴികാട്ടാനുമായി വിസ്ഡം എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ ഡോ. മുഹമ്മദ് നിയാസ് കെ, ഷമീര്‍ കൊല്ലം, ആഷിക് അഹ്‌സനി എന്നിവര്‍ സംസാരിച്ചു. കരിയര്‍ ഗൈഡന്‍സ്, വ്യക്തിത്വ വികസനം, മെന്റല്‍ വെല്‍നസ് എന്നിവ മുന്‍നിര്‍ത്തി വിദഗ്ധര്‍ നയിച്ച സംവാദങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പുതിയ കാഴ്ചപ്പാടുകള്‍ സമ്മാനിച്ചു. മൂസ നവാസ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി. പരിപാടിയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി കാമ്പസ് വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

:

Content Highlights: The SSF Human Library in Kollam passed a resolution against recurring exam leaks. Kerala Startup Mission CEO Anoop Ambika inaugurated the event and emphasized developing practical skills. The conference provided expert-led sessions on career guidance and managing academic mental stress.

 

Latest