Connect with us

Articles

ഇപ്പോൾ മഹാരാഷ്ട്രയില്‍ ബി ജെ പിക്ക് ആശങ്കകളില്ല

അജിത് പവാര്‍ കൊല്ലപ്പെട്ട വിമാനാപകടത്തിന് പിന്നിൽ എന്‍ സി പിയുടെ ലയനം തടയുക എന്ന ലക്ഷ്യമുണ്ടോ എന്ന സംശയം ചില കേന്ദ്രങ്ങള്‍ക്കുണ്ട്. ആദ്യം സംശയം പ്രകടിപ്പിച്ചത് മമതാ ബാനര്‍ജിയായിരുന്നു. മമതയുടെ സംശയം അഖിലേഷ് യാദവും പങ്കുവെക്കുകയുണ്ടായി. സുനേത്ര പവാറിന്റെ ധൃതിപിടിച്ചുള്ള സ്ഥാനാരോഹണവും തുടര്‍ന്ന് ലയന സാധ്യത തള്ളിക്കൊണ്ടുള്ള അജിത് പവാര്‍ വിഭാഗത്തിന്റെ പ്രസ്താവനയും മമതാ ബാനര്‍ജിയുടെയും മറ്റും സംശയങ്ങള്‍ക്ക് ബലം നല്‍കുന്നതാണ്.

Published

|

Last Updated

ഭര്‍ത്താവ് അജിത് പവാറിന്റെ മരണത്തെത്തുടര്‍ന്ന് സുനേത്ര പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ സാഹചര്യത്തില്‍ ഉയരുന്ന ഒരു ചോദ്യം, മഹാരാഷ്ട്രയില്‍ അജിത് പവാര്‍ വിഭാഗം എന്‍ സി പിയുടെ ഭാവിയെക്കുറിച്ചാണ്. ശരദ് പവാറിന്റെ എന്‍ സി പിയുമായി ലയിക്കാനുള്ള തീരുമാനത്തില്‍ നിന്ന് അജിത് വിഭാഗം പിന്‍വാങ്ങി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ അജിത് പവാര്‍ ജനുവരി 28നാണ് വിമാനാപകടത്തില്‍ കൊല്ലപ്പെടുന്നത്. 2023 ജൂണില്‍ വേര്‍പിരിഞ്ഞ ശരദ് പവാറും അജിത് പവാറും തങ്ങളുടെ നേതൃത്വത്തിലുള്ള ഇരു എന്‍ സി പിയുടെയും ലയനത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ഫെബ്രുവരി 18ന് ലയന പ്രഖ്യാപനം നടത്താമെന്ന് തീരുമാനിച്ചതുമായിരുന്നു. എന്നാല്‍ അജിത് പവാറിന്റെ ആകസ്മിക മരണം ലയന ചര്‍ച്ചകള്‍ തുടരുന്നതിന് തടസ്സമായി. അജിത് പവാറിന്റെ മരണാനന്തര ചടങ്ങുകള്‍ക്കു ശേഷം ഇരു പാര്‍ട്ടികളുടെയും ലയനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവരുണ്ടായിരുന്നു. എന്നാല്‍ അജിത് പവാര്‍ വഹിച്ചിരുന്ന ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭാര്യ സുനേത്ര പവാറിനെ ധൃതിപിടിച്ച് സത്യപ്രതിജ്ഞ ചെയ്യിച്ചതിലൂടെ ലയന നടപടികള്‍ക്ക് വിരാമം കുറിച്ചിരിക്കുകയാണ്. ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങുകള്‍ അവസാനിക്കുന്നതിനു മുമ്പേ, അതായത് അജിത് പവാര്‍ കൊല്ലപ്പെട്ട് 100 മണിക്കൂര്‍ തികയുന്നതിനു മുമ്പ്, സുനേത്രയെ ഉപമുഖ്യമന്ത്രിയായി നിശ്ചയിച്ചത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു. ജനുവരി 28 രാവിലെ 8.50ന് ബാരാമതിയില്‍ വെച്ചുണ്ടായ വിമാനാപകടത്തിലാണ് അജിത് പവാര്‍ കൊല്ലപ്പെടുന്നത്. ജനുവരി 31 വൈകുന്നേരം അഞ്ചിന് സുനേത്ര പവാര്‍, ഫഡ്‌നാവിസ് മന്ത്രിസഭയില്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിയമസഭാ കക്ഷിയോഗം ചേരാതെയാണ് അജിത് പവാറിന്റെ പിന്‍ഗാമിയായി സുനേത്രയുടെ പേര് നിര്‍ദേശിക്കപ്പെട്ടത്. പിന്നീട് നിയമസഭാ കക്ഷിയോഗം ചേര്‍ന്ന് ഈ തീരുമാനം അംഗീകരിക്കുകയായിരുന്നു. ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ നേതൃത്വം നല്‍കിയത് എന്‍ സി പി (അജിത്)യുടെ വര്‍ക്കിംഗ് പ്രസിഡന്റും മുന്‍ കേന്ദ്ര മന്ത്രിയുമായ പ്രഫുല്‍ പട്ടേല്‍, സംസ്ഥാന പ്രസിഡന്റ് സുനില്‍ തത്കറെ, പാര്‍ട്ടിയുടെ ഒ ബി സി മുഖമായ മന്ത്രി ഛഗന്‍ ഭുജ്ബല്‍ എന്നിവരായിരുന്നു. ഈ മൂന്ന് പേരും ബി ജെ പിയുമായി അടുപ്പമുള്ളവരാണ്. സുനേത്ര പവാറിനെ ധൃതിപിടിച്ച് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ പിന്നിലെ പ്രേരണ ബി ജെ പിയാണെന്ന് സംശയിക്കുന്നവരുണ്ട്. കാരണം ബി ജെ പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാറിന് എന്‍ സി പി (അജിത്)യുടെ പിന്തുണ ഇല്ലെങ്കിലും തുടരാനാകും. 288 അംഗ നിയമസഭയില്‍ ഭരിക്കാനാവശ്യമായ 145നേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ബി ജെ പിക്കും ഘടക കക്ഷിയായ ശിവസേന (ഷിന്‍ഡെ)ക്കും ഉണ്ട്. ഈ രണ്ട് പാര്‍ട്ടികള്‍ക്കും യഥാക്രമം 132ഉം 57ഉം സീറ്റുകളാണ് ഉള്ളത്. എന്‍ സി പി (അജിത്)ക്ക് 41 അംഗങ്ങളുണ്ട്. എന്‍ സി പി ഇരു വിഭാഗവും ഒന്നിക്കുന്നത് ബി ജെ പിക്ക് വെല്ലുവിളി സൃഷ്ടിക്കും. അത്തരമൊരു വെല്ലുവിളി ബി ജെ പി ആഗ്രഹിക്കുന്നില്ല.

അജിത് പവാര്‍ കൊല്ലപ്പെട്ട വിമാനാപകടത്തിന് പിന്നിലും എന്‍ സി പിയുടെ ലയനം തടയുക എന്ന ലക്ഷ്യമുണ്ടോ എന്ന സംശയം ചില കേന്ദ്രങ്ങള്‍ക്കുണ്ട്. ഈ സംശയം തള്ളിക്കളയാനാകില്ല. ഇതു സംബന്ധിച്ച് ആദ്യം സംശയം പ്രകടിപ്പിച്ചത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയായിരുന്നു. മമതയുടെ സംശയം സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും പങ്കുവെക്കുകയുണ്ടായി. ഒടുവിലായി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും അജിത് പവാറിന്റെ മരണത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. ഇവരെല്ലാം വിമാനാപകടത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയാണ്. സുനേത്ര പവാറിന്റെ ധൃതിപിടിച്ചുള്ള സ്ഥാനാരോഹണവും തുടര്‍ന്ന് ലയന സാധ്യത തള്ളിക്കൊണ്ടുള്ള അജിത് പവാര്‍ വിഭാഗത്തിന്റെ പ്രസ്താവനയും മമതാ ബാനര്‍ജിയുടെയും മറ്റും സംശയങ്ങള്‍ക്ക് ബലം നല്‍കുന്നതാണ്.
അജിത് പവാറിന്റെ ദാരുണാന്ത്യത്തില്‍ കുടുംബവും അനുയായികളും ദുഃഖിച്ചിരിക്കെ തിരക്കിട്ട് സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രിയാക്കിയതിന് പിന്നില്‍ ബി ജെ പിയുടെ പങ്ക് വ്യക്തമാണ്. ബി ജെ പിയുടെ ലക്ഷ്യം പവാര്‍ കുടുംബത്തിന്റെ മേല്‍ക്കോയ്മ അവസാനിപ്പിക്കുകയാണ്. എന്‍ സി പിയും ശിവസേനയും മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ രണ്ട് പ്രധാന ശക്തികളാണ്. ഈ രണ്ട് പാര്‍ട്ടികളിലും ഭിന്നിപ്പുണ്ടാക്കിയാണ് ബി ജെ പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് 2023 ജൂണില്‍ മന്ത്രിസഭ രൂപവത്കരിച്ചത്. ശിവസേനയുടെയും ബി ജെ പിയുടെയും രാഷ്ട്രീയ ലക്ഷ്യം സമാനമാണ്. ശിവസേന (ഷിന്‍ഡെ) വിഭാഗത്തില്‍ നിന്ന് എന്തെങ്കിലും ഭീഷണി ബി ജെ പി പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ എന്‍ സി പി (അജിത്) വിഭാഗത്തെ ബി ജെ പി കാണുന്നത് ആശങ്കയോടെയാണ്.

മുംബൈ നഗരസഭയിലടക്കം മഹാരാഷ്ട്രയില്‍ അടുത്തിടെ നടന്ന മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ചിലയിടങ്ങളില്‍ ഇരു വിഭാഗങ്ങളും ഒന്നിച്ചായിരുന്നു മത്സരിച്ചത്. പുണെയിലുള്‍പ്പെടെ ഇരു പാര്‍ട്ടികളും മത്സരിച്ചത് ഒരു പ്രകടനപത്രികയുടെ അടിസ്ഥാനത്തിലായിരുന്നു. ചിഹ്നവും ഒന്നായിരുന്നു, ക്ലോക്ക്. അവിഭക്ത എന്‍ സി പിയുടെ ചിഹ്നം ക്ലോക്കായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലവില്‍ ക്ലോക്ക് ചിഹ്നം അനുവദിച്ചിരിക്കുന്നത് അജിത് പവാര്‍ വിഭാഗത്തിനാണ്. ഈ തിരഞ്ഞെടുപ്പില്‍ അജിത് പവാര്‍ ബി ജെ പിക്കെതിരെ ചില അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ബി ജെ പിയുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു അജിത് പവാര്‍. ബി ജെ പിയുടെ എതിര്‍പ്പ് അവഗണിച്ച് നവാബ് മാലിക്കിനെ അജിത് കൂടെ നിര്‍ത്തി. മുഖ്യമന്ത്രി ഫഡ്‌നാവിസിന്റെ വിമര്‍ശകനായ നവാബ് മാലിക് നിലവില്‍ പാര്‍ട്ടിയുടെ മുംബൈ പ്രസിഡന്റാണ്.
മൂന്ന് വര്‍ഷത്തെ അകല്‍ച്ച അവസാനിപ്പിച്ച് ഇരു വിഭാഗങ്ങളും വീണ്ടും ഒന്നിക്കാനുള്ള ശ്രമത്തിന് തുടക്കം കുറിച്ചത് അജിത് പവാറായിരുന്നു. ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലേഖയുടെ നേതൃത്വത്തില്‍ നാല് മാസത്തോളമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണ്. എന്നാല്‍ അജിത് വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ക്ക് ലയനത്തോട് വിയോജിപ്പുണ്ടായിരുന്നു. ലയനശേഷം പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ശരദ് പവാറിന്റെ കൈയിലായിരിക്കുമെന്നും തങ്ങളുടെ സ്വാധീനം കുറയുമെന്നും അവര്‍ ഭയക്കുന്നു. ബി ജെ പിയുടെ ആശങ്കയും അതുതന്നെയായിരുന്നു. കാരണം പവാര്‍ കുടുംബം ഒന്നിച്ചാല്‍ അത് മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ വന്‍ശക്തിയായിരിക്കും. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍, പഞ്ചസാര ഫാക്ടറികള്‍, മറാഠാ ആധിപത്യമുള്ള പ്രദേശങ്ങള്‍… ഇവിടെ നിന്നൊന്നും പവാര്‍ കുടുംബത്തെ മാറ്റിനിര്‍ത്താന്‍ സാധ്യമല്ല. പവാര്‍ കുടുംബം ഒന്നിച്ചാല്‍ അവിടങ്ങളില്‍ കടന്നുകയറാന്‍ സാഹസപ്പെടേണ്ടി വരുമെന്ന് ബി ജെ പിക്കറിയാം. അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയത് പവാര്‍ കുടുംബത്തെ ഭിന്നിപ്പിക്കാനായിരുന്നു. രാഷ്ട്രീയ പാരമ്പര്യമുള്ള പ്രഫുല്‍ പട്ടേലിനെ പോലുള്ളവരെ മാറ്റിനിര്‍ത്തി രാഷ്ട്രീയത്തിലെ പുതുമുഖമായ സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രിയായി നിയമിച്ചതും ഇതേ ലക്ഷ്യത്തോടെയാണ്.

രാഷ്ട്രീയ പ്രവര്‍ത്തക എന്ന നിലയില്‍ സുനേത്ര പവാര്‍ മഹാരാഷ്ട്രക്ക് അപരിചിതയാണ്. സാമൂഹിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട സുനേത്രയെ പാര്‍ട്ടി 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബാരാമതിയില്‍ സ്ഥാനാര്‍ഥിയാക്കി. സുനേത്ര ആദ്യമായി രാഷ്ട്രീയ കുപ്പായം അണിയുന്നത് ആ തിരഞ്ഞെടുപ്പിലാണ്. അജിത് പവാര്‍ ഭാര്യയെ മത്സരത്തിനിറക്കിയത് തന്റെ പിതൃസഹോദരനും രാഷ്ട്രീയ ഗുരുവുമായ ശരദ് പവാറിന്റെ മകള്‍ സുലേഖക്കെതിരെയായിരുന്നു. തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ സുലേഖ തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ രണ്ട് മാസത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ അജിത് പവാര്‍ ഭാര്യക്ക് രാജ്യസഭാ സീറ്റ് നല്‍കി ജയിപ്പിച്ചു. സുനേത്ര ഉപമുഖ്യമന്ത്രിയായത് രാജ്യസഭാംഗത്വം രാജിവെച്ചാണ്. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് സുനേത്ര പവാര്‍ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും, അവര്‍ നേരിടുന്ന വെല്ലുവിളി മന്ത്രിസഭയിലെ ഉത്തരവാദിത്വം മാത്രമല്ല. അജിത് പവാറിന്റെ “നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ്’ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഉത്തരവാദിത്വവും അവര്‍ ഏറ്റെടുക്കേണ്ടതുണ്ട്. പാര്‍ട്ടിയില്‍ മുതിര്‍ന്ന നേതാക്കള്‍ പലരും ഉണ്ടെങ്കിലും പവാര്‍ കുടുംബത്തില്‍ നിന്ന് പുറത്തുള്ളവര്‍ പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കുന്നത് പ്രവര്‍ത്തകര്‍ക്ക് സ്വീകാര്യമാകില്ല. അതുകൊണ്ട് പാര്‍ട്ടി നേതൃത്വവും സുനേത്ര ഏറ്റെടുക്കേണ്ടി വരും. ഇത് അവരെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള കാര്യമല്ല. പാര്‍ട്ടിയില്‍ ദീര്‍ഘകാല രാഷ്ട്രീയ പരിചയമുള്ള പ്രഫുല്‍ പട്ടേല്‍, സുനില്‍ തത്കറെ, ഛഗന്‍ ഭുജ്ബല്‍, ഹസന്‍ മുശ്‌റിഫ്, ദിലീപ് വാല്‍സെ പാട്ടീല്‍, ധനഞ്ജയ് മുണ്ടെ തുടങ്ങിയവരുണ്ട്. ഇവര്‍ക്ക് മുകളില്‍ പറക്കാനുള്ള രാഷ്ട്രീയ പരിചയം സുനേത്ര പവാറിനില്ല എന്നത് ആ പാര്‍ട്ടി നേരിടുന്ന വലിയ വെല്ലുവിളിയായിരിക്കും.

അജിത് പവാര്‍ കൈകാര്യം ചെയ്തിരുന്ന മറ്റു വകുപ്പുകള്‍ നല്‍കിയിട്ടും സുനേത്ര പവാറിന് ധനകാര്യ വകുപ്പ് മുഖ്യമന്ത്രി നല്‍കാതിരുന്നത് അവരുടെ പരിചയക്കുറവ് കണക്കിലെടുത്താണ്. ധനകാര്യം മുഖ്യമന്ത്രി ഏറ്റെടുത്തിരിക്കുകയാണ്. മൂത്ത മകന്‍ പാര്‍ഥ് പവാറിനെ തന്റെ പിന്‍ഗാമിയാക്കാന്‍ അജിത് പവാര്‍ ഒരിക്കല്‍ ശ്രമം നടത്തിയിരുന്നെങ്കിലും അത് വിജയിച്ചില്ല. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാവലില്‍ മത്സരിപ്പിക്കുകയുണ്ടായി. അന്നത്തെ പാര്‍ട്ടി നേതാവായ ശരദ് പവാറിന്റെ വിയോജിപ്പ് മറികടന്നാണ് അജിത് പവാര്‍ മകനെ സ്ഥാനാര്‍ഥിയാക്കിയത്. പ്രസ്തുത തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ പാര്‍ഥ് പവാര്‍ രാഷ്ട്രീയമോഹം ഉപേക്ഷിക്കുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ പാര്‍ഥ് പവാര്‍ രാഷ്ട്രീയത്തില്‍ തിരിച്ചുവന്നേക്കാം. സുനേത്ര പവാര്‍ ഒഴിഞ്ഞ രാജ്യസഭാ സീറ്റില്‍ പാര്‍ട്ടി പരിഗണിക്കുക പാര്‍ഥ് പവാറിനെയായിക്കും. പാര്‍ട്ടി നിലനില്‍ക്കണമെങ്കില്‍ മുന്നില്‍ നിര്‍ത്താന്‍ പവാര്‍ കുടുംബങ്ങളില്‍ നിന്നുള്ളവര്‍ ആവശ്യമെന്ന് പ്രഫുല്‍ പട്ടേല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് അറിയാം.

---- facebook comment plugin here -----

Latest