state cabinet
സപ്ലൈകോയ്ക്ക് 253.06 കോടി; കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിന് 1016.24 കോടി രൂപ വായ്പയെടുക്കാൻ അനുമതി
സ്ത്രീപക്ഷ നവകേരളം ലക്ഷ്യമിട്ട് 'വനിതാ നയം 2026' മന്ത്രിസഭ അംഗീകരിച്ചു.
തിരുവനന്തപുരം | കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനായുള്ള വായ്പാനുമതി, നെല്ല് സംഭരണത്തിലെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കൽ, പുതിയ വനിതാ നയം തുടങ്ങി നിർണ്ണായക തീരുമാനങ്ങളുമായി സംസ്ഥാന മന്ത്രിസഭാ യോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിവിധ വികസന പദ്ധതികൾക്കും സാമൂഹ്യക്ഷേമ നയങ്ങൾക്കും അംഗീകാരം നൽകി.
കൊച്ചി മെട്രോയും വികസന പദ്ധതികളും
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിനായി ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽ നിന്നും 1016.24 കോടി രൂപ വായ്പയെടുക്കാൻ കെ എം ആർ എൽ. ന് അനുമതി നൽകി. ജെ എൽ എൻ. സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള പാതയാണിത്. കൂടാതെ, വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ (കെ പി പി എൽ.) 741 കോടി രൂപയുടെ വിപുലീകരണ പദ്ധതിക്കും അംഗീകാരമായി. 24 മാസത്തിനുള്ളിൽ പൂർത്തിയാക്കുന്ന ഈ പദ്ധതിയിലൂടെ സ്ഥാപനത്തിന്റെ വിറ്റുവരവ് 1500 കോടി രൂപയായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. കൊല്ലം, ബേപ്പൂർ തുറമുഖങ്ങളെ പി പി പി. മാതൃകയിൽ വികസിപ്പിക്കാനും യോഗം തീരുമാനിച്ചു.
നെല്ല് സംഭരണവും കാർഷിക മേഖലയും
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സപ്ലൈകോയ്ക്ക് ഉണ്ടായ 253.06 കോടി രൂപയുടെ സാമ്പത്തിക ബാധ്യത സർക്കാർ അനുവദിച്ചു. കേന്ദ്ര സർക്കാർ ഔട്ട് ടേൺ റേഷ്യോ കുറയ്ക്കാത്തതിനെ തുടർന്ന് 2019 മുതൽ 2022 വരെയുള്ള കാലയളവിൽ ഉണ്ടായ ബാധ്യതയാണിത്. കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടത്തിനായി വികസന ഏകോപന കൗൺസിലിന്റെ ഘടനയിൽ മാറ്റം വരുത്തി. ചീഫ് സെക്രട്ടറി കൺവീനറായി പുതിയ സമിതികൾ രൂപീകരിക്കും. മലയോര വികസനത്തിനായി മുഖ്യമന്ത്രി അധ്യക്ഷനായി എംപവേർഡ് കമ്മിറ്റിയും നിലവിൽ വരും. വന്യജീവി ആക്രമണത്തിൽ വിളനാശം സംഭവിക്കുന്ന കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.
പുതിയ വനിതാ നയവും വയോജന നയവും
സ്ത്രീപക്ഷ നവകേരളം ലക്ഷ്യമിട്ട് ‘വനിതാ നയം 2026’ മന്ത്രിസഭ അംഗീകരിച്ചു. സുരക്ഷ, തൊഴിൽ അവകാശങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകിയാണ് പരിഷ്കരിച്ച നയം. മുതിർന്ന പൗരന്മാരുടെ അന്തസ്സും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള സംസ്ഥാന നയം 2026-ന്റെ കരടിനും അംഗീകാരം ലഭിച്ചു. വയോജന സൗഹൃദ സമൂഹത്തെ വളർത്തിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മറ്റ് പ്രധാന തീരുമാനങ്ങൾ
തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ എൻ ഡി പി എസ്. കേസുകളുടെ വിചാരണയ്ക്കായി നാല് പുതിയ പ്രത്യേക കോടതികൾ സ്ഥാപിക്കും. വിവിധ അപകടങ്ങളിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം അനുവദിച്ചു. കാട്ടാക്കട കള്ളിക്കാട് വില്ലേജിൽ വെറ്ററിനറി സർവ്വകലാശാലയുടെ ഡയറി സയൻസ് കോളേജിനായി 16 ഏക്കർ ഭൂമി കൈമാറാനും തീരുമാനമായിട്ടുണ്ട്.




