National
റണ്‍മല താണ്ടാന്‍ ഇന്ത്യക്കായില്ല; അണ്ടര്‍ 19 ഏഷ്യാ കപ്പ് പാകിസ്താന്
പാക് ടീം ഉയര്‍ത്തിയ 348 റണ്‍സ് മറികടക്കാനായി ബാറ്റെടുത്ത ഇന്ത്യയുടെ പോരാട്ടം 26.2 ഓവറില്‍ 156 റണ്‍സില്‍ ഒതുങ്ങി
ദുബൈ | അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യ പകിസ്താനോട് 191 റണ്‍സിന് പരാജയപ്പെട്ടു. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച വെച്ച ഇന്ത്യന്‍ കൗമാര നിര പാകിസ്താന്‍ ഉയര്‍ത്തിയ ഉയര്‍ത്തിയ കൂറ്റന്‍ ണ്‍മലയ്ക്കു മുന്നില്‍ കീഴടങ്ങുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് പാക് ടീം ഉയര്‍ത്തിയ 348 റണ്‍സ് മറികടക്കാനായി ബാറ്റെടുത്ത ഇന്ത്യയുടെ പോരാട്ടം 26.2 ഓവറില്‍ 156 റണ്‍സില്‍ ഒതുങ്ങി
191 റണ്‍സിന്റെ വമ്പന്‍ ജയത്തോടെ പാക് യുവനിര ഏഷ്യാ കപ്പ് കിരീടമണിഞ്ഞു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചിരുന്നു.നാലു വിക്കറ്റ് വീഴ്ത്തിയ അലി റാസയാണ് ഇന്ത്യക്ക് വലിയ പ്രഹരമേല്‍പ്പിച്ചത്.
വൈഭവ് സൂര്യവംശി, ക്യാപ്റ്റന്‍ ആയുഷ് മാത്രെ, കനിഷ്‌ക് ചൗഹാന്‍, ദീപേഷ് ദേവേന്ദ്രന്‍ എന്നിവരാണ് അലി റാസയുടെ പന്തില്‍ പുറത്തായത്. 14-കാരന്‍ വൈഭവ് സൂര്യവംശി ആദ്യ പന്തില്‍ തന്നെ സിക്സറടിച്ച് തുടങ്ങിയെങ്കിലും ഇന്നിങ്സ് അധികം നീണ്ടില്ല. മൂന്നാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ആയുഷ് മാത്രെയെ (2) ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നാലെ മലയാളി കൂടിയായ ആരോണ്‍ ജോര്‍ജ് (16) പുറത്തായി. 10 പന്തില്‍ നിന്ന് 26 റണ്‍സുമായി വൈഭവും മടങ്ങിയതോടെ ഇന്ത്യ പതറി. വിഹാന്‍ മല്‍ഹോത്ര (7), വേദാന്ത് ത്രിവേദി (9), ടൂര്‍ണമെന്റില്‍ ഇരട്ട സെഞ്ചുറി കുറിച്ച് റെക്കോഡിട്ട അഭിഗ്യാന്‍ കുണ്ഡു (13) എന്നിവരെല്ലാം തന്നെ ഫോമിലെത്താന്‍ കഴിയാതെ വന്നതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു



