Ongoing News
മൂന്നാം ടെസ്റ്റില്‍ 82 റണ്‍സ് ജയം; ആഷസ് പരമ്പര ആസ്‌ത്രേലിയക്ക്
ആദ്യ മൂന്നു മത്സരങ്ങളിലും വിജയം നേടിയാണ് ആസ്‌ത്രേലിയ പരമ്പര തങ്ങളുടേതാക്കിയത്. മൂന്നാം ടെസ്റ്റില്‍ 82 റണ്‍സിനാണ് ഓസീസ് ജയം.
അഡ്‌ലെയ്ഡ് | ആഷസ് ക്രിക്കറ്റ് പരമ്പര ആസ്‌ത്രേലിയക്ക്. ആദ്യ മൂന്നു മത്സരങ്ങളിലും വിജയം നേടിയാണ് ആസ്‌ത്രേലിയ പരമ്പര തങ്ങളുടേതാക്കിയത്. മൂന്നാം ടെസ്റ്റില്‍ 82 റണ്‍സിനാണ് ഓസീസ് ജയം.
ആസ്‌ത്രേലിയ മുന്നോട്ട് വച്ച 435 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 352 റണ്‍സിന് പുറത്താവുകയായിരുന്നു. ആസ്‌ത്രേലിയക്കായി രണ്ടാമിന്നിങ്‌സില്‍ മിച്ചല്‍ സ്റ്റാര്‍ക്, പാറ്റ് കമ്മിന്‍സ്, നേതന്‍ ലിയോണ്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. സ്‌കോര്‍: ആസ്‌ത്രേലിയ- 371, 349. ഇംഗ്ലണ്ട്- 286, 352.
ആറു വിക്കറ്റിന് 207 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് അഞ്ചാംദിനം ബാറ്റിങ് ആരംഭിച്ചത്. നാല് വിക്കറ്റ് മാത്രം കൈയിലിരിക്കെ 228 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. ഇംഗ്ലണ്ടിനു വേണ്ടി ജാമി സ്മിത്തും വില്‍ ജാക്‌സും പൊരുതി. അവസാന ദിനത്തില്‍ ഇരുവരും അര്‍ധശതക കൂട്ടുകെട്ടുണ്ടാക്കി. പിന്നാലെ, ജാമി സ്മിത്ത് (60) പുറത്തായി.
ബ്രൈഡന്‍ കാഴ്‌സുമായി ചേര്‍ന്ന് ജാക്‌സ് ടീമിനെ 300 കടത്തി. 47 റണ്‍സെടുത്ത താരത്തെ സ്റ്റാര്‍ക് മടക്കി. മൂന്ന് റണ്‍സെടുത്ത ജൊഫ്ര ആര്‍ച്ചറിനെ മിഷേല്‍ സ്റ്റാര്‍കും ജോഷ് ടങ്കിനെ സ്‌കോട്ട് ബോളണ്ടും പുറത്താക്കി.




