Kerala
പുതുയുഗയാത്രയിലെ തള്ള് സ്‌റേഹത്തള്ളലെന്ന് ന്യായീകരിച്ച് ഡി സി സി പ്രസിഡന്റ്
തള്ളലില്‍ ഒരാളും വീണിട്ടില്ലെന്നും പ്രവീണ്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു
കോഴിക്കോട് | പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര കുറ്റ്യാടിയില്‍ എത്തിയപ്പോഴുണ്ടായ പിടിവലി സ്‌നേഹത്തള്ളലാണെന്നു ന്യായീകരിച്ച് ഡി സി സി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍.
പ്രസംഗിക്കാന്‍ ക്ഷണിക്കാത്തതിന് ഷാഫിക്ക് ഒരു നീരസവും ഉണ്ടായിട്ടില്ലെന്നും മാധ്യമങ്ങള്‍ യാത്രയുടെ പോസിറ്റീവ് വശം ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കുറ്റ്യാടിയിലെ സ്റ്റേജില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ എത്തി. പിന്നീടുള്ള സ്റ്റേജുകളില്‍ അത് നിയന്ത്രിച്ചു. വലിയ ജനാധിപത്യ പാര്‍ട്ടില്‍ അങ്ങനെയൊക്കെ സംഭവിക്കും. തള്ളലില്‍ ഒരാളും വീണിട്ടില്ലെന്നും പ്രവീണ്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. തള്ളലിനിടെ മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വീഴുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു.
പുതുയുഗ യാത്രയില്‍ കോഴിക്കോട് കുറ്റ്യാടിയില്‍ ഷാഫി പറമ്പിലിനെ ആദ്യം സംസാരിക്കാന്‍ ക്ഷണിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഉന്തും തള്ളുമുണ്ടായത്. സ്ഥലം എംപിയായ തന്നെ ജാഥാ നായകന് മുമ്പ് സംസാരാക്കാന്‍ വിളിക്കാത്തതാണ് ഷാഫിയെ ചൊടിപ്പിച്ചത്. എം കെ രാഘവന്‍, പാറക്കല്‍ അബ്ദുള്ള, അടൂര്‍ പ്രകാശ് എന്നിവര്‍ സംസാരിച്ചതിന് പിന്നാലെ ഡി സി സി സെക്രട്ടറി വി ഡി സതീശനെ സംസാരിക്കാനായി ക്ഷണിച്ചത് മുതലാണ് തര്‍ക്കം തുടങ്ങിയത്.
ഈ സമയത്ത് ഷാഫി പറമ്പില്‍ സംസാരിക്കണമെന്ന് സദസില്‍ നിന്ന് ആവശ്യമുയര്‍ന്നു. ഇതോടെ ഷാഫിയെ ക്ഷണിക്കാന്‍ പ്രമോദ് കക്കട്ടില്‍ ശ്രമിച്ചെങ്കിലും ഷാഫി തടഞ്ഞു. സതീശന്റെ പ്രസംഗത്തിന് ശേഷം പ്രമോദ് ഷാഫിയെ ക്ഷണിക്കാനെത്തിയപ്പോഴും ഷാഫി തടയാന്‍ ശ്രമിച്ചു. ഇതിനിടെ മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ താഴെ വീണു. അധികമൊന്നും സംസാരിക്കാനില്ലെന്ന് പറഞ്ഞ ഷാഫി ഏതാനും വാക്കുകള്‍ പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചു.



