Kerala
ശബരിമല: താല്‍ക്കാലിക ജീവനക്കാരുടെ പണമിടപാടുകള്‍ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു
ഇവര്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ 14 ലക്ഷത്തിലധികം രൂപ പോസ്റ്റ് ഓഫീസ് വഴി മാത്രം പണം കൈമാറ്റം നടന്നിരുന്നു എന്നാണ് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്
കൊച്ചി | മണ്ഡല-മകരവിളക്ക് കാലയളവില്‍ ശബരിമലയില്‍ ജോലി ചെയ്തിരുന്ന താല്‍ക്കാലിക ജീവനക്കാരുടെ പണമിടപാടുകള്‍ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ സംശയകരമെന്ന സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്.
ഇവര്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ 14 ലക്ഷത്തിലധികം രൂപ പോസ്റ്റ് ഓഫീസ് വഴി മാത്രം പണം കൈമാറ്റം നടന്നിരുന്നു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. രണ്ട് ജീവനക്കാര്‍ ഒരു ലക്ഷത്തിലധികം രൂപയും മറ്റ് മൂന്ന് പേര്‍ 25,000 രൂപയിലധികവും അയച്ചു. ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഹാജരായില്ല. വിഷയത്തില്‍ സ്ഥിരം-താല്‍ക്കാലിക ജീവനക്കാര്‍ സംശയനിഴലിലാണ്.
പ്രതിദിനം 650 രൂപയ്ക്ക് മണ്ഡല മകരവിളിക്ക് സീസണിലേക്കാണ് താല്‍ക്കാലിക ജീവനക്കാരെ ബോര്‍ഡ് തെരഞ്ഞെടുക്കുന്നത്. സീസണ്‍ കഴിയുമ്പോഴാണ് ശമ്പളം അക്കൗണ്ടിലേക്ക് മൊത്തമായി നല്‍കുന്നത്. എന്നാല്‍ തീര്‍ഥാടന കാലത്ത് ചില താല്‍ക്കാലിയ ജീവനക്കാര്‍ പോസ്റ്റ് ഓഫീസ് വഴി മണിയോഡറായും രണ്ട് ബാങ്കുകള്‍ വഴിയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പണം ഇടയ്ക്കടക്ക് കൈമാറുന്നത് ദേവസ്വം വിജിലന്‍സ് ശ്രദ്ധിച്ചു. ഇതേക്കുറിച്ചുള്ള അന്വേഷണത്തിനായി അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ് ഒരു ലക്ഷം രൂപ വരെ ചില താല്‍ക്കാലിക്കാര്‍ കൈമാറിയത് കണ്ടെത്തിയത്.
ഇത് ശബരിമലയില്‍ നിന്ന് അനധികൃതമായി തരപ്പെടുത്തിയ പണമെന്നാണ് വിജിലന്‍സ് പറയുന്നത്. 2025, 26 കാലത്തെ ക്രമക്കേടാണ് അന്വേഷിക്കുക. സന്നിധാനത്തെ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നടന്ന എല്ലാ ഇടപാടുകളും പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. മണ്ഡലകാലത്ത് സന്നിധാനത്ത് ജോലി ചെയ്തിരുന്ന മുഴുവന്‍ ജീവനക്കാരുടെയും വിവരങ്ങള്‍ ശേഖരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. സ്‌പെഷ്യല്‍ കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ദേവസ്വം വിജിലന്‍സ് എസ്പിയാണ് ക്രമക്കേട് ആദ്യം കണ്ടെത്തിയത്.



