Kerala
സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ്: രണ്ടാം എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രകടന പത്രികയില്‍ നല്‍കിയ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കിയെന്നു മുഖ്യമന്ത്രി
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ കണക്ക് അവതരിപ്പിക്കുന്നത് ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു
കണ്ണൂര്‍ | രണ്ടാം എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രകടന പത്രികയില്‍ നല്‍കിയ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ് മുഖ്യമന്ത്രി അവതരിപ്പിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ കണക്ക് അവതരിപ്പിക്കുന്നത് ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിയും വീടും ജനങ്ങള്‍ക്ക് യാഥാര്‍ഥ്യമാക്കി. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ അഞ്ചു ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി. നാലര ലക്ഷം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി. ശാക്തീകരണത്തിനും മുന്‍ഗണന നല്‍കിയ സര്‍ക്കാര്‍ 16 ലക്ഷത്തിലധികം സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമായി മാറ്റാന്‍ നടപടികള്‍ കൈക്കൊണ്ടു. ഭരണസേവനങ്ങള്‍ ലളിതമാക്കി. 82 ലക്ഷം അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കി. പി എസ് സി വഴി 3,13,202 നിയമനങ്ങള്‍ നടത്തി. 2,66,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുനര്‍ഗേഹം പദ്ധതി വഴി മത്സ്യത്തൊഴിലാളികള്‍ക്ക് 2,682 വീടുകള്‍ യാഥാര്‍ഥ്യമാക്കി, 738 കുടുംബങ്ങള്‍ക്ക് ഫ്‌ലാറ്റുകള്‍ ഒരുക്കി. അതിദാരിദ്യത്തെ കേരളത്തില്‍ നിന്ന് തുടച്ചു നീക്കാനായതും ഈ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളില്‍ പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.



