Kerala
പേരാമ്പ്ര വിവാദ അനൗണ്‍സ്‌മെന്റ്; സ്ഥാനാര്‍ഥി ടി പി രാമകൃഷ്ണന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കി
മതം പറഞ്ഞ് വോട്ടുതേടിയെന്ന എല്‍ ഡി എഫ് പരാതിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹ്്‌ലിയ ഇന്ന് വിശദീകരണം നല്‍കും
കോഴിക്കോട് | പേരാമ്പ്രയിലെ സ്ഥാനാര്‍ഥിയുടെയോ മുന്നണിയുടെയോ അറിവോടെ അല്ല വിവാദ അനൗണ്‍സ്‌മെന്റ് നടന്നത് എന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ഥി ടി പി രാമകൃഷ്ണന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കി.
തെറ്റ് കണ്ടപ്പോള്‍ ഉടന്‍ അനൗണ്‍സ്മെന്റ് നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. മതവിദ്വേഷ പ്രചാരണം എല്‍ ഡി എഫ് നയം അല്ല. പെരുമാറ്റ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും വരണാധികാരിയ്ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു. മതം പറഞ്ഞ് വോട്ടുതേടിയെന്ന എല്‍ ഡി എഫ് പരാതിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹ്്‌ലിയ ഇന്ന് വിശദീകരണം നല്‍കും.
സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന മൂന്നു വ്യക്തികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫാത്തിമ തെഹ്ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. ‘ഖൗമിലെ കുട്ടിയെ വിജയിപ്പിക്കണമെന്ന് മുസ്ലിം ലീഗുകാര്‍ വീടുകളില്‍ കയറി പറയുന്നു’ എന്നതായിരുന്നു എല്‍ ഡി എഫ് അനൗണ്‍സ്‌മെന്റിലെ ഉള്ളടക്കം എന്നതായിരുന്നു യു ഡി എഫ് ആരോപണം. റെക്കോര്‍ഡ് ചെയ്ത അനൗണ്‍സ്‌മെന്റ് കൃത്യമായ ആസൂത്രണത്തോടെ ഉള്ളതാണെന്നാണ് യുഡിഎഫിന്റെ ആരോപണം.
അനൗണ്‍സ്‌മെന്റ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ അടക്കം നല്‍കി മൈക്ക് പെര്‍മിഷന്‍ എടുത്തതാണ് പ്രധാന തെളിവായി യു ഡി എഫ് മുന്നോട്ട് വെക്കുന്നത്. മതം പറഞ്ഞു വോട്ടു പിടിക്കുന്ന രീതി തങ്ങള്‍ക്കില്ലെന്നാണ് മുസ്്‌ലിം ലീഗ് നേതാക്കള്‍ പ്രതികരിച്ചത്.





