Kerala
അമേരിക്ക ഇറാനില്‍ യുദ്ധക്കുറ്റ കൃത്യങ്ങള്‍ ചെയ്യാന്‍ സാധ്യത; ട്രംപിന്റെ ക്രൂരകൃത്യങ്ങള്‍ തടയാന്‍ ലോക രാജ്യങ്ങളോട് അഭ്യര്‍ഥിച്ച് ഇറാന്‍
ട്രംപിന്റെ പുതിയ പ്രസ്താവനകളെ യു എന്നിലെ ഇറാന്‍ ദൗത്യസംഘം അപലപിച്ചു
ടെഹ്റാന്‍ | അമേരിക്ക ഇറാനില്‍ യുദ്ധക്കുറ്റ കൃത്യങ്ങള്‍ ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ട്രംപിന്റെ ‘ക്രൂരകൃത്യങ്ങള്‍’ തടയാന്‍ ലോക രാജ്യങ്ങളോട് അഭ്യര്‍ഥിച്ച് ഇറാന്‍. ഇറാനില്‍ ആക്രമണം കടുപ്പിക്കുമെന്ന യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സംഘര്‍ഷത്തില്‍ ലോക രാഷ്ട്രങ്ങളുടെ ഇടപെടല്‍ അഭ്യര്‍ഥിച്ച് ഇറാന്‍ രംഗത്തുവന്നത്. ഇറാന് നരക തുല്യമായ അവസ്ഥയുണ്ടാകുമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുമെന്നുമുള്ള ട്രംപിന്റെ പ്രസ്താവന യുദ്ധകുറ്റം ചെയ്യുമെന്ന പ്രഖ്യാപനമാണെന്നു യു എന്നിലെ ഇറാന്‍ പ്രതിനിധി ചൂണ്ടിക്കാട്ടി.
ട്രംപിന്റെ പുതിയ പ്രസ്താവനകളെ യു എന്നിലെ ഇറാന്‍ ദൗത്യസംഘം അപലപിച്ചു. രാജ്യത്തെ സിവിലിയന്‍ ജീവിതത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഭീഷണിപ്പെടുത്തുകയാണ്. വിഷയത്തില്‍ ഇടപെടല്‍ ഉണ്ടാകണം. ഐക്യരാഷ്ട്രസഭ ശക്തമായിരുന്നെങ്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിടുമെന്ന ഭീഷണിക്ക് മുന്നില്‍ നിശബ്ദത പാലിക്കില്ലായിരുന്നു. യുദ്ധക്കൊതിയനായ അമേരിക്കന്‍ പ്രസിഡന്റ് പശ്ചിമേഷ്യന്‍ മേഖലയെ വലിയ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുകയാണ് എന്നും ഇറാന്‍ പ്രതിനിധി സംഘം പറഞ്ഞു.
ട്രംപിന്റെ ഭീഷണി സാധാരണക്കാരെ ഭയപ്പെടുത്താനുള്ള പരസ്യമായ നീക്കമാണ്. അദ്ദേഹം ഒരു യുദ്ധക്കുറ്റം ചെയ്യാന്‍ മുതിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണിത്. യുദ്ധക്കുറ്റങ്ങളുടെ ഇത്തരം ക്രൂരമായ പ്രവൃത്തികള്‍ തടയാന്‍ അന്താരാഷ്ട്ര സമൂഹത്തിനും ലോക രാഷ്ട്രങ്ങള്‍ക്കും ബാധ്യതകളുണ്ട്. അവര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കണം. നാളെ വളരെ വൈകിയാകരുത് ഇടപെടലെന്നും ഇറാന്‍ ആവശ്യപ്പെടുന്നു.
ഹോര്‍മുസ് കടലിടുക്ക് തുറന്നു കൊടുത്തില്ലെങ്കില്‍ ഇറാന്‍ നരകതുല്യമായ അവസ്ഥ നേരിടേണ്ടി വരുമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഭീഷണി. തിങ്കളാഴ്ചയ്ക്കകം കടലിടുക്ക് തുറന്നില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. വരാനിരിക്കുന്ന ചൊവ്വാഴ്ചയെ ‘പവര്‍ പ്ലാന്റ് ഡേ’, ‘ബ്രിഡ്ജ് ഡേ’ എന്നിങ്ങനെ വിശേഷിപ്പിച്ച ട്രംപ് ഇറാന്റെ ഊര്‍ജ്ജ നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്ന സൂചനയാണ് നല്‍കിയത്.



