From the print
"മുനാഫിഖ്' പരാമര്‍ശത്തില്‍ തട്ടി കാസര്‍കോട്ടെ തിരഞ്ഞെടുപ്പ് പ്രചാരണം
കഴിഞ്ഞ ദിവസം മുള്ളേരിയയില്‍ യു ഡി എഫ് സംഘടിപ്പിച്ച കുടുംബ യോഗത്തില്‍ പ്രസംഗിക്കവെയാണ് വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആഇഷത്ത് ഫര്‍സാന ഷാനവാസ് പാദൂരിനെ "കപട വിശ്വാസി' എന്നര്‍ഥം വരുന്ന മുനാഫിഖ് എന്ന് വിളിച്ച് ആക്ഷേപിച്ചത്.
കാസര്‍കോട് | എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഷാനവാസ് പാദൂരിനെതിരെ വനിതാ ലീഗ് നേതാവ് നടത്തിയ വിദ്വേഷ പരാമര്‍ശം കാസര്‍കോട്ടെ പോര്‍ക്കളത്തെ ചൂട് പിടിപ്പിക്കുന്നു. തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ “മുനാഫിഖ്’ പരാമര്‍ശമാണ് ഇപ്പോള്‍ കാസര്‍കോട്ടെ ചര്‍ച്ച. കഴിഞ്ഞ ദിവസം മുള്ളേരിയയില്‍ യു ഡി എഫ് സംഘടിപ്പിച്ച കുടുംബ യോഗത്തില്‍ പ്രസംഗിക്കവെയാണ് വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആഇഷത്ത് ഫര്‍സാന ഷാനവാസ് പാദൂരിനെ “കപട വിശ്വാസി’ എന്നര്‍ഥം വരുന്ന മുനാഫിഖ് എന്ന് വിളിച്ച് ആക്ഷേപിച്ചത്.
പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാവിലെ ഒരു കൊടിയും ഉച്ചക്ക് മറ്റൊരു കൊടിയും വൈകിട്ട് വേറൊരു കൊടിയും പിടിച്ചുനടന്ന് മുനാഫിഖിന്റെ പണിയെടുത്താണ് ഷാനവാസ് പാദൂര്‍ എത്തുന്നതെന്നായിരുന്നു പൊതുജനമധ്യത്തിലുള്ള ഫര്‍സാനയുടെ പരാമര്‍ശം. മുഖ്യമന്ത്രി പിണറായി വിജയന്‍ പണ്ട് പറഞ്ഞത് പോലെ ഇത്തരക്കാരോട് കടക്ക് പുറത്ത് എന്ന് പറയാന്‍ കാസര്‍കോടിന് അറിയാമെന്നും അവര്‍ പരാമര്‍ശിച്ചു.
പരാമര്‍ശത്തില്‍ പ്രതികരണവുമായി ഷാനവാസ് പാദൂര്‍ രംഗത്തെത്തി. തനിക്കെതിരെ മുസ്‌ലിം ലീഗ് നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ വര്‍ഗീയ കാര്‍ഡ് ഇറക്കി വോട്ട് പിടിക്കുന്നത് ലീഗിന്റെ പതിവ് രീതിയാണെന്നും ഷാനവാസ് പറഞ്ഞു. താന്‍ സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണ്. സാധാരണയായി മുസ്‌ലിം സ്ത്രീകളെ തിരഞ്ഞെടുപ്പ് സമയത്ത് മറ്റൊരു രീതിയിലേക്ക് വഴി തിരിച്ചുവിടുന്നതിനും ബ്രെയിന്‍വാഷ് ചെയ്യുന്നതിനുമായി ചില മുന്നണികള്‍ ഇത്തരം രീതികള്‍ ഉപയോഗിക്കാറുണ്ട്. ഇത്തരമൊരു വിദ്വേഷ പ്രചാരണം തിരഞ്ഞെടുപ്പ് ചട്ടലംഘനമായതിനാല്‍ എല്‍ ഡി എഫ് ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥിയുടെ ഇലക്ഷന്‍ ഏജന്റ് കെ എ മുഹമ്മദ് ഹനീഫാണ് പരാതി നല്‍കിയത്.
“മുനാഫിഖ്’ എന്ന അറബിക് വാക്ക് ഉപയോഗിച്ചത് ഷാനവാസ് പാദൂരിനെ വ്യക്തിഹത്യ നടത്താനാണെന്ന് പരാതിയില്‍ പറയുന്നു. സാമുദായിക ധ്രുവീകരണമുണ്ടാക്കാനും മതസ്പര്‍ദ്ധ വളര്‍ത്താനുമാണ് ലീഗ് നേതാവ് ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. വോട്ട് നേടുന്നതിനായി സ്ഥാനാര്‍ഥിയെ വ്യക്തിഹത്യ നടത്തുകയും സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുകയും ചെയ്ത ആഇഷത്ത് ഫര്‍സാനക്കെതിരെ നടപടിയെടുക്കണമെന്നും പെരുമാറ്റച്ചട്ട ലംഘനത്തിന് കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍, പറഞ്ഞതില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മോശമായ അര്‍ഥത്തിലല്ല ആ വാക്ക് ഉപയോഗിച്ചതെന്നും ആഇഷത്ത് ഫര്‍സാന മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സ്ഥാനമോഹത്തിന് വിവിധ കൊടികള്‍ പിടിക്കുന്നുവെന്നാണ് ഉദ്ദേശിച്ചതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
സാമൂഹിക മാധ്യമങ്ങളിലൂടെ ആഇഷത്ത് ഫര്‍സാനക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണുയരുന്നത്. ഷാനവാസ് പാദൂരിനെതിരായ “മുനാഫിഖ്’ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് എല്‍ ഡി എഫ്. വ്യക്തിഹത്യ നടത്താന്‍ മനപ്പൂർവമുള്ള പ്രസംഗമാണെന്നാണ് എല്‍ ഡി എഫ് നിലപാട്. നിയമ നടപടി തുടരുന്നതിനൊപ്പം പരാമര്‍ശം ചൂണ്ടിക്കാട്ടി യു ഡി എഫിനെതിരെ പ്രചാരണം കടുപ്പിക്കാനുമാണ് ഇടതുമുന്നണിയുടെ നീക്കം.



