Connect with us

Kerala

പത്മകുമാറിനെ വിശ്വസിച്ചാണ് രേഖകളില്‍ ഒപ്പിട്ടത്; എന്‍ വിജയകുമാറിന്റെ റിമാന്റ് റിപ്പോര്‍ട്ട് പുറത്ത്

സമ്മര്‍ദ്ധം സഹിക്കാന്‍ വയ്യാതെ ജീവനൊടുക്കാന്‍ വരെ തോന്നി. ബന്ധുക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് കീഴടങ്ങാന്‍ തീരുമാനിച്ചത്

Published

|

Last Updated

തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ
മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാറിന്റെ റിമാന്റ് റിപ്പോര്‍ട്ട് പുറത്ത്. എല്ലാം പത്മകുമാര്‍ പറഞ്ഞിട്ടാണ് ചെയ്തത്. പത്മകുമാറിനെ വിശ്വസിച്ച് വായിച്ചു പോലും നോക്കാതെയാണ് രേഖകളില്‍ ഒപ്പിട്ടത്. മറ്റു കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നില്ലെന്നുമാണ് വിജയകുമാറിന്റെ മൊഴി. സമ്മര്‍ദ്ധം സഹിക്കാന്‍ വയ്യാതെ ജീവനൊടുക്കാന്‍ വരെ തോന്നി. ബന്ധുക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് കീഴടങ്ങാന്‍ തീരുമാനിച്ചതെന്നും വിജയകുമാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

ദേവസ്വം ബോര്‍ഡിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് എസ്‌ഐടി കോടതിയില്‍ വ്യക്തമാക്കിയത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ അതിരുവിട്ട് സഹായിക്കാന്‍ ദേവസ്വം മാന്വല്‍ തിരുത്തി, മാന്വല്‍ തിരുത്തിയതില്‍ പത്മകുമാറിനും വിജയകുമാറിനും ശങ്കരദാസിനും പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. മിനിറ്റ്‌സിലെ തിരുത്തല്‍ പത്മകുമാര്‍ രണ്ടുപേരെയും അറിയിച്ചിരുന്നു. മൂവരും അറിഞ്ഞുകൊണ്ടാണ് സ്വര്‍ണപാളികള്‍ പോറ്റിക്ക് കൊടുത്തുവിട്ടത്. സാമ്പത്തിക ലാഭം ആഗ്രഹിച്ച് വിജയകുമാറും ശങ്കരദാസും പത്മകുമാറിന് കൂട്ടുനിന്നെന്നുമാണ് എസ്‌ഐടിയുടെ വെളിപ്പെടുത്തല്‍.

 

Latest