Kerala
ക്യാപ്റ്റൻ പിണറായി തന്നെ; സി പി എം. പി ബിയിൽ തീരുമാനം
കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരുമെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി
ന്യൂഡല്‍ഹി| വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇടത് മുന്നണിയെ നയിക്കും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ ന്യൂഡൽഹിയിൽ ചേർന്ന സി പി എം പി ബി യോഗത്തിലാണ് നിർണായകമായ ഈ ധാരണയുണ്ടായത്. കേരളത്തിൽ എൽ ഡി എഫ് സർക്കാർ ഭരണത്തുടർച്ച നേടുമെന്ന് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു.
മാർച്ച് ആദ്യവാരത്തോടെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. പതിവ് രീതി പിന്തുടർന്ന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂട്ടി പ്രഖ്യാപിക്കുന്ന രീതി സി പി ഐ എമ്മിന് ഇല്ലെങ്കിലും പിണറായി വിജയന്റെ നേതൃത്വത്തിലാകും തെരഞ്ഞെടുപ്പിനെ നേരിടുക. സ്ഥാനാർത്ഥി നിർണയത്തിനുള്ള മാനദണ്ഡങ്ങളിൽ ആവശ്യമെങ്കിൽ പുതുക്കലുകൾ വരുത്തും.
അടുത്ത അഞ്ചു ദിവസത്തിനുള്ളിൽ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് വിശദമായ ചർച്ചകൾ പൂർത്തിയാക്കി അന്തിമ ധാരണയിലെത്താനാണ് പാർട്ടി തീരുമാനം. സിറ്റിംഗ് സീറ്റുകളിലെ മാറ്റങ്ങൾ, പുതുമുഖങ്ങൾക്കുള്ള പ്രാതിനിധ്യം എന്നിവ പരിശോധിച്ച ശേഷമാകും പ്രഖ്യാപനം. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്നും വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നുമാണ് പി ബി വിലയിരുത്തൽ.
പോളിറ്റ് ബ്യൂറോ യോഗത്തിൽ പിണറായി വിജയൻ വീണ്ടും മത്സരരംഗത്തുണ്ടാകണമെന്നും പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്നും കേരള ഘടകം നിലപാടെടുക്കുകയായിരുന്നു. നിലവിൽ 75 വയസ്സ് പിന്നിട്ട സാഹചര്യത്തിൽ പ്രത്യേക ഇളവുകൾ നൽകിയാണ് പിണറായി വിജയനെ പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും നിലനിർത്തിയിരുന്നത്. ഇതേ മാതൃകയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും അദ്ദേഹത്തിന് ഇളവ് നൽകണമെന്നാണ് കേരള ഘടകം ആവശ്യപ്പെട്ടത്. ഇത് പി ബി യോഗം അംഗീകരിക്കുകയായിരുന്നു.



