Connect with us

Eduline

ഐ ഐ എമ്മിൽ പഠിക്കാം

അഞ്ച് വർഷത്തെ കോഴ്‌സ് ഐ ഐ എമ്മിൽ തന്നെ പഠിക്കുന്നതിനാൽ, ഐ പി എം കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് നിരവധി തൊഴിൽ സാധ്യതകളാണ് മുന്നിലുള്ളത്. വലിയ വ്യവസായ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പും പരിശീലന അവസരങ്ങളും ഈ കോഴ്‌സ് പഠിക്കുന്നവർക്ക് ലഭിക്കുന്നു.

Published

|

Last Updated

മാനേജ്മെന്റ്പഠന രംഗത്തെ ലോകോത്തര നിലവാരമുള്ള പ്രമുഖ സ്ഥാപനങ്ങളാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റു (ഐ ഐ എം) കൾ. പുതുതായി സ്ഥാപിതമാകുന്ന ഗുവാഹത്തി ഐ ഐ എം അടക്കം രാജ്യമൊട്ടാകെ 22 ഐ ഐ എമ്മുകളാണ് നിലവിലുള്ളത്. സിലബസ്സിന്റെ വൈവിധ്യം കൊണ്ടും ഫാക്കൽറ്റികളുടെ നിലവാരം കൊണ്ടും പ്ലേസ്‌മെന്റുകളുടെ സാധ്യത കൊണ്ടും ഐ ഐ എമ്മുകളോട് താരതമ്യം ചെയ്യാവുന്ന മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ത്യയിൽ വേറെ ഉണ്ടാകില്ല.

അടുത്ത കാലം വരെ ഐ ഐ എമ്മുകളിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ വിവിധ അണ്ടർ ഗ്രാജ്വേറ്റ് കോഴ്‌സുകളും ഇന്റഗ്രേറ്റഡ് കോഴ്‌സുകളും പല ഐ ഐ എമ്മുകളും ആരംഭിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും ആകർഷണീയമായ കോഴ്‌സാണ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ്(ഐ പി എം). ബി ബി എയും, എം ബി എയും ചേർന്ന ഇന്റഗ്രേറ്റഡ് കോഴ്‌സാണ് ഐ പി എം. ഇൻഡോർ, റോഹ്തക്, റാഞ്ചി, ജമ്മു, ബോധ്ഗയ, അമൃത്‌സർ, ഷില്ലോംഗ് എന്നിവിടങ്ങളിലെ ഐ ഐ എമ്മുകളാണ് ഐ പി എം കോഴ്‌സ് നടത്തുന്നത്.

രാജ്യത്തെ ഉന്നതനിലവാരമുള്ള സ്ഥാപനത്തിൽ പഠിക്കുന്നത് കൊണ്ട് മാനേജ്മന്റ് പഠന രംഗത്തെ ഏറ്റവും വിദഗ്ധരായ അധ്യാപകരുടെ മേൽനോട്ടത്തിൽ പഠനം സാധ്യമാകുന്നു. അഞ്ച് വർഷത്തെ കോഴ്‌സ് ഐ ഐ എമ്മിൽ തന്നെ പഠിക്കുന്നതിനാൽ, ഐ പി എം കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് നിരവധി തൊഴിൽ സാധ്യതകളാണ് മുന്നിലുള്ളത്.
വലിയ വ്യവസായ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പും പരിശീലന അവസരങ്ങളും ഈ കോഴ്‌സ് പഠിക്കുന്നവർക്ക് ലഭിക്കുന്നു. വിവിധ അന്താരാഷ്ട്ര വിദ്യാഭ്യാസ വ്യവസായ സ്ഥാപനങ്ങളുമായി ഐ ഐ എമ്മുകൾക്കുള്ള ബന്ധം വിദ്യാർഥികൾക്ക് പ്രയോജനപ്രദമാണ്.

പ്രവേശനം

ഐ പി എം കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള യോഗ്യത പ്ലസ് ടു ആണ്. ഇൻഡോർ, റാഞ്ചി, ഷില്ലോംഗ്, അമൃത്‌സർ എന്നീ ഐ ഐ എമ്മുകളിൽ ഐ പി എം പ്രവേശനം ലഭിക്കാൻ ഐ ഐ എം ഇൻഡോറിന്റെ ഐ പി എം. എ ടി പ്രവേശന പരീക്ഷ എഴുതണം.

ബോധ്ഗയ, ജമ്മു എന്നീ ഐ ഐ എമ്മുകളിൽ പ്രവേശനം ലഭിക്കേണ്ടവർ നാഷനൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന ജെ ഐ പി മാറ്റ് എൻട്രൻസ് പരീക്ഷയാണ് എഴുതേണ്ടത്. ഐ ഐ എം റോഹ്ത്തക്കിന് സ്വന്തമായ ഐ പി എം. എ ടി പ്രവേശന പരീക്ഷയുണ്ട്. പ്രവേശന പരീക്ഷക്ക് പുറമെ ഇന്റർവ്യൂ അടക്കം മറ്റ് കടമ്പകളും കടന്നാൽ മാത്രമേ ഈ കോഴ്‌സിൽ പ്രവേശനം സാധ്യമാകൂ.

അപേക്ഷിച്ച് തുടങ്ങാം

വിവിധ ഐ ഐ എമ്മുകൾ 2026-2031 സെഷനിലേക്ക് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു തുടങ്ങിയിട്ടുണ്ട്.

ഇൻഡോർ

ഐ ഐ എം ഇൻഡോർ പ്രവേശനത്തിന് മാർച്ച് 14 വരെ അപേക്ഷിക്കാം. ജൂലൈ 31നകം പ്ലസ് ടു വിജയിക്കുന്നവർക്കും അപേക്ഷിക്കാം. ഐ ഐ എം ഇൻഡോർ നടത്തുന്ന എൻട്രൻസ് പരീക്ഷയുടെ സ്‌കോറിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്ന മറ്റ് സ്ഥാപനങ്ങളിൽ പ്രവേശനം ആഗ്രഹിക്കുന്നവരും ഇപ്പോൾ അപേക്ഷിക്കണം. കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ മേയ് നാലിന് നടക്കും. രാജ്യമൊട്ടാകെ 39 നഗരങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും.

റോഹ്ത്തക്

റോഹ്ത്തക് ഐ ഐ എമ്മിന്റെ ഐ പി എം കോഴ്‌സിന് ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം. മേയ് പത്തിനാണ് പ്രവേശന പരീക്ഷ. മറ്റ് ഐ ഐ എമ്മുകളിലെ വിജ്ഞാപനം അടുത്ത് തന്നെ ഉണ്ടാകും. ഇതിനായി അതത് സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് ശ്രദ്ധിക്കുക

വിവിധ ഐ എം എമ്മുകളിൽ ഫീസ് ഘടന വ്യത്യസ്തമാണെങ്കിലും പൊതുവേ ഐ പി എം കോഴ്‌സിന്റെ ഫീസ് ആദ്യ മൂന്ന് വർഷത്തേക്ക് 20 ലക്ഷം രൂപയോളമുണ്ടാകും. പിന്നീടുള്ള രണ്ട് വർഷത്തേക്ക് അതത് സ്ഥാപനങ്ങളിലെ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സിന്റെ ഫീസ് നൽകണം. ഫീസും പ്രവേശനവും സംബന്ധമായ വിശദമായ വിവരങ്ങൾ അതത് ഐ ഐ എമ്മുകളുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

മറ്റ് കോഴ്സുകൾ

ഐ പി എം കോഴ്‌സ് കൂടാതെ പ്ലസ്ടുക്കാർക്കായി വ്യത്യസ്തമായ അണ്ടർ ഗ്രാജ്വേറ്റ് കോഴ്‌സുകൾ നടത്തുന്ന ഐ ഐ എമ്മുകൾ വേറെയുമുണ്ട്. ഐ ഐ എം ബെംഗളൂരു ബി എസ്‌സി ഓണേഴ്‌സ് ഇക്കണോമിക്‌സ്, ബി എസ്‌സി ഓണേഴ്‌സ് ഡാറ്റാ സയൻസ് എന്നീ കോഴ്‌സുകൾ നടത്തുന്നു. ഐ ഐ എം കോഴിക്കോട്, ഐ ഐ എം സിർമോർ എന്നീ സ്ഥാപനങ്ങൾ നടത്തുന്ന ബാച്ചിലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, ഐ ഐ എം ലക്നോ നടത്തുന്ന ബി എസ് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ബിസിനസ്സ് അനലിറ്റിക്‌സ്, ഐ ഐ എം ഉദയ്പൂർ നടത്തുന്ന ബി എസ് ഇൻ മാനേജ്മെന്റ് ആൻഡ് പബ്ലിക് പോളിസി എന്നീ കോഴ്‌സുകളും പ്ലസ് ടുക്കാർക്ക് ഐ ഐ എമ്മുകളിൽ പഠിക്കാൻ അവസരം നൽകുന്നു.

ഈ കോഴ്‌സുകൾക്കെല്ലാം വ്യത്യസ്തമായ പ്രവേശന പ്രക്രിയകളാണ് ഉണ്ടാകുക. കോഴിക്കോട് ഐ ഐ എമ്മിലെ ബി എം എസ് കോഴ്‌സിന് എസ് എസ് എൽ സിക്കു ശേഷം ഏതെങ്കിലും വിഷയത്തിൽ കേന്ദ്ര സർക്കാർ അംഗീകൃത ഡിപ്ലോമ നേടിയവർക്കും അപേക്ഷിക്കാം. എല്ലാ കോഴ്‌സുകൾക്കും പ്രവേശനത്തിന് നിയമാനുസൃതമായ സംവരണവും പ്രായ നിബന്ധനകളും ബാധകമാണ്.

കരിയർ വിദഗ്ദ്ധൻ