Kerala
കൊടുങ്ങല്ലൂരില് പ്രായപൂര്ത്തിയാകാത്ത ആണ്കുട്ടി ജീവനൊടുക്കിയ സംഭവം; സംസ്ഥാന ബാലാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തു
തൃശ്ശൂര് ജില്ലാ പൊലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസര് എന്നിവരോട് കമ്മീഷന് റിപ്പോര്ട്ട് ആവശ്യപ്പെട്ടു
തൃശ്ശൂര് | കൊടുങ്ങല്ലൂര് എറിയാട് പ്രായപൂര്ത്തിയാവാത്ത കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില് സംസ്ഥാന ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു.ഇത് സംബന്ധിച്ച മാധ്യമ വാര്ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന് സ്വമേധയാ കേസെടുത്തത്. തൃശ്ശൂര് ജില്ലാ പൊലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസര് എന്നിവരോട് കമ്മീഷന് റിപ്പോര്ട്ട് ആവശ്യപ്പെട്ടു
കുട്ടിയുടെ മരണത്തില് കൊടുങ്ങല്ലൂര് പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ് നൗഷാദ് രംഗത്തെത്തിയതിന് പിറകെയാണ് നടപടി. പ്രണയത്തിന്റെ പേരില് മകനെ കള്ളക്കേസില് കുടുക്കി ക്രൂരമായ ശാരീരിക, മാനസിക പീഡനങ്ങള്ക്ക് ഇരയാക്കിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പിതാവിന്റെ ആരോപണം
അനുജനെ പൊലീസ് ഉപദ്രവിക്കുന്നത് സഹിക്കാനാവാതെ കുട്ടിയുടെ ജ്യേഷ്ഠന് കുറ്റം ഏറ്റുപറഞ്ഞുവെന്നും മൂന്നു ദിവസത്തോളം കസ്റ്റഡിയില് വച്ച ശേഷമാണ് പ്രായപൂര്ത്തിയായ മകനെ കോടതിയിലും പ്രായപൂര്ത്തിയാവാത്ത കുട്ടിയെ ജൂവനൈല് ജസ്റ്റിസ് ബോര്ഡ് മുമ്പാകെയും ഹാജരാക്കിയതെന്ന് പിതാവ് വെളിപ്പെടുത്തിയിരുന്നു. ഒബ്സര്വേഷന് ഹോമില് നിന്ന് പുറത്തിറങ്ങിയ കുട്ടി ജയിലിലായിരുന്ന ജേഷ്ഠനെ സന്ദര്ശിച്ച് മടങ്ങിയ ശേഷമാണ് ജീവനൊടുക്കിയത് എന്നും റിപ്പോര്ട്ടുകളുണ്ടായിരുന്നു
Content Highlights: The Kerala Child Rights Commission registered a case over the suicide of a minor in Kodungallur. Reports were sought from the Thrissur police chief and child protection officer. The action follows allegations by the father that police torture and false charges led to his son’s suicide.




