articles
മലേറിയ: കളി ഇനി കാലാവസ്ഥയോട്
2022 മുതല്‍ 2025 വരെ ഏകദേശം 160 ജില്ലകളില്‍ ഒരു മലേറിയ കേസ് പോലും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഈ വിജയത്തില്‍ അമിതമായി ആത്മവിശ്വാസം പാടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
2015 മുതല്‍ 2025 വരെയുള്ള കാലയളവില്‍ രാജ്യത്ത് മലേറിയ കേസുകളും മരണങ്ങളും ഏകദേശം 80 ശതമാനം കുറഞ്ഞു. മെച്ചപ്പെട്ട ആരോഗ്യ സംവിധാനവും നേരത്തേയുള്ള രോഗനിര്‍ണയവും ഫലപ്രദമായ ചികിത്സയും ശാസ്ത്രീയമായ കൊതുക് നിയന്ത്രണ പരിപാടികളും ജനങ്ങളില്‍ വര്‍ധിച്ച അവബോധവും ഒരുമിച്ചപ്പോഴാണ് ഈ നേട്ടം സാധ്യമായത്. ഒരു കാലത്ത് മലേറിയ കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്തിരുന്ന ജില്ലകളുടെ എണ്ണം 155ല്‍ നിന്ന് 33 ആയി ചുരുങ്ങി. അതിലും ശ്രദ്ധേയമായ മറ്റൊരു കണക്കുണ്ട്. 2022 മുതല്‍ 2025 വരെ ഏകദേശം 160 ജില്ലകളില്‍ ഒരു മലേറിയ കേസ് പോലും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഈ വിജയത്തില്‍ അമിതമായി ആത്മവിശ്വാസം പാടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കാരണം, ഇനിയുള്ള പോരാട്ടം കൊതുകിനോട് മാത്രമല്ല, മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയോട് കൂടിയാണ്.
കാലാവസ്ഥ എങ്ങനെ ഭീഷണിയാകുന്നു
മലേറിയക്ക് കാരണം പ്ലാസ്മോഡിയം എന്ന പരാന്നഭോജിയാണ്. രോഗം ബാധിച്ച പെണ് അനോഫിലിസ് കൊതുക് കടിക്കുമ്പോഴാണ് ഈ പരാന്നഭോജി മനുഷ്യശരീരത്തിലെത്തുന്നത്. കൊതുകിന്റെ ജീവിതചക്രം പൂര്‍ണമായും കാലാവസ്ഥയെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. താപനില ഉയരുന്നതും ക്രമം തെറ്റിയ മഴയും മാറുന്ന കാലാവസ്ഥയും കൊതുകുകളുടെ പ്രജനനത്തെയും അതിജീവനത്തെയും നേരിട്ട് സ്വാധീനിക്കുന്നു. കനത്ത മഴയും വെള്ളപ്പൊക്കവും വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിനില്ക്കാന് കാരണമാകുന്നു. കെട്ടിനില്‍ക്കുന്ന വെള്ളം കൊതുകുകള്‍ക്ക് പെരുകാന്‍ ഏറ്റവും അനുയോജ്യമായ ഇടമായി മാറുന്നു. കൂടാതെ, കാലാവസ്ഥാ മാറ്റം കൊതുകുകളുടെ ഭൂമിശാസ്ത്രപരമായ വ്യാപനത്തെയും ബാധിക്കുന്നു. മുമ്പ് മലേറിയ ഇല്ലാതിരുന്ന പുതിയ പ്രദേശങ്ങളിലേക്കും ഉയര്‍ന്ന പ്രദേശങ്ങളിലേക്കും കൊതുകുകള്‍ എത്താന്‍ ഇത് കാരണമായേക്കാം. അതുകൊണ്ട് തന്നെ, നേട്ടം നിലനിര്‍ത്താന്‍ തുടര്‍ച്ചയായ നിരീക്ഷണവും പ്രതിരോധ നടപടികളും അനിവാര്യമാണ്.
ലക്ഷണങ്ങള്‍ തിരിച്ചറിയാം
രോഗം ബാധിച്ച കൊതുക് കടിച്ചതിന് ശേഷം സാധാരണയായി പത്ത് മുതല്‍ 15 ദിവസത്തിനുള്ളിലാണ് മലേറിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. പരാന്നഭോജിയുടെ തരം അനുസരിച്ച് ഈ സമയം വ്യത്യാസപ്പെടാം. തുടക്കത്തില്‍ സാധാരണ പനി പോലെ തോന്നുന്നതിനാല്‍ പലരും മലേറിയയെ അവഗണിക്കാറുണ്ട്. അതാണ് അപകടം. പെട്ടെന്നുണ്ടാകുന്ന ഉയര്‍ന്ന പനി, വിറയലോടെയുള്ള തണുപ്പും തുടര്‍ന്നുള്ള വിയര്‍പ്പും, കടുത്ത തലവേദന, പേശി വേദനയും ശരീരവേദനയും, അമിതമായ വിയര്‍പ്പ്, മനംപുരട്ടലും ഛര്‍ദിയും, നിരന്തരമായ ക്ഷീണവും തളര്‍ച്ചയും പ്രധാന രോഗലക്ഷണങ്ങളാണ്.
രോഗനിര്‍ണയവും ചികിത്സയും
ലക്ഷണങ്ങള്‍ കൊണ്ട് മാത്രം മലേറിയ ഉറപ്പിക്കാന്‍ കഴിയില്ല. രക്തപരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. രക്തസാമ്പിളിന്റെ മൈക്രോസ്കോപ്പ് പരിശോധനയും റാപിഡ് ഡയഗ്നോസ്റ്റിക് ടെസ്റ്റുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഏത് തരം പരാന്നഭോജിയാണ് ബാധിച്ചിരിക്കുന്നത്, രോഗത്തിന്റെ ഗൗരവം എത്രയാണ്, രോഗിയുടെ ആരോഗ്യസ്ഥിതി എന്താണ് എന്നതിനനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. ഡോക്ടര്‍ നിര്‍ദേശിക്കുന്ന മലേറിയ വിരുദ്ധ മരുന്നുകള്‍ കൃത്യമായി കഴിച്ചാല്‍ രോഗം പൂര്‍ണമായും ഭേദമാക്കാം.
സംരക്ഷണത്തിനുള്ള വഴികള്‍
കൊതുകുകടി ഒഴിവാക്കുകയും കൊതുകുകള്‍ പെരുകുന്നത് തടയുകയും ചെയ്യുക എന്നതാണ് മലേറിയ തടയാനുള്ള പ്രധാന മാര്‍ഗം. ദൈനംദിന ജീവിതത്തില്‍ ശ്രദ്ധിച്ചാല്‍ തന്നെ വലിയൊരു പരിധിവരെ രോഗത്തെ അകറ്റി നിര്‍ത്താം. മലേറിയ വ്യാപനമുള്ള പ്രദേശങ്ങളില്‍ ഉറങ്ങുമ്പോള്‍ കൊതുകുവല നിര്‍ബന്ധമാക്കുക. കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കുക. ശരീരം മൂടുന്ന വസ്ത്രം ധരിക്കുക. കെട്ടിനില്‍ക്കുന്ന വെള്ളം ഒഴിവാക്കുക.
2030ഓടെ ലക്ഷ്യത്തിലേക്ക്
2030ഓടെ മലേറിയ ഇല്ലാതാക്കുക എന്നതാണ് ഇന്ത്യയുടെ പ്രഖ്യാപിത ലക്ഷ്യം. കഴിഞ്ഞ പത്ത് വര്‍ഷത്തെ 80 ശതമാനം കുറവ് ആ ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെപ്പാണ്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനവും ക്രമം തെറ്റിയ മഴയും നഗരവത്കരണവും കീടനാശിനി പ്രതിരോധവും മലേറിയ നിയന്ത്രണ ശ്രമങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കും. അതുകൊണ്ട് ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, രോഗനിരീക്ഷണം മെച്ചപ്പെടുത്തുക, പൊതുജന അവബോധം വര്‍ധിപ്പിക്കുക എന്നിവ ഇനിയും തുടരേണ്ടതുണ്ട്. മലേറിയ തടയാവുന്നതും ചികിത്സിക്കാവുന്നതുമായ രോഗമാണ്. എന്നാല്‍ ലക്ഷണങ്ങളെ അവഗണിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.
Content Highlights: India saw malaria cases and deaths drop by about 80 percent between 2015 and 2025, with high-burden districts falling from 155 to 33 and around 160 districts reporting zero cases from 2022 to 2025. Experts warn that rising temperatures, erratic rain, flooding, and urbanization could expand mosquito habitats and challenge the 2030 elimination target. Early blood testing, timely antimalarial treatment, and mosquito prevention remain essential to keep progress on track.




