Connect with us

National

അഞ്ചാംപനി വ്യാപനം രൂക്ഷം: 26 വര്‍ഷത്തിന് ശേഷം യു എസിന് മുക്ത പദവി നഷ്ടമായി; ഇന്ത്യയിലും കേസുകള്‍ ഇരട്ടിയായി വര്‍ധിക്കുന്നു

യു എസിന് പുറമെ മെക്‌സിക്കോ, ബൊളീവിയ എന്നീ രാജ്യങ്ങള്‍ക്കും രോഗമുക്ത പദവി നഷ്ടമായിട്ടുണ്ട്. 2026ഓടെ രോഗം പൂര്‍ണമായി തുടച്ചുനീക്കാന്‍ ലക്ഷ്യമിടുന്ന ഇന്ത്യയിലും കേസുകള്‍ ഇരട്ടിയിലധികമായി വര്‍ധിക്കുന്നത് വലിയ ആശങ്ക ഉയര്‍ത്തുന്നുണ്ട്

Published

|

Last Updated

വാഷിംഗ്ടണ്‍ | ലോകമെമ്പാടും അഞ്ചാംപനി രോഗബാധ വീണ്ടും ശക്തമാകുന്ന പശ്ചാത്തലത്തില്‍, കഴിഞ്ഞ 26 വര്‍ഷമായി നിലനിര്‍ത്തിപ്പോന്ന അഞ്ചാംപനി മുക്ത രാജ്യം എന്ന പദവി അമേരിക്കയ്ക്ക് നഷ്ടമായി. തുടര്‍ച്ചയായി 12 മാസത്തിലേറെയായി ഒരേ വൈറസ് വകഭേദം രാജ്യത്ത് തടസ്സമില്ലാതെ പടര്‍ന്നുപിടിക്കുന്നുവെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷനാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. യു എസിന് പുറമെ മെക്‌സിക്കോ, ബൊളീവിയ എന്നീ രാജ്യങ്ങള്‍ക്കും രോഗമുക്ത പദവി നഷ്ടമായിട്ടുണ്ട്. 2026ഓടെ രോഗം പൂര്‍ണമായി തുടച്ചുനീക്കാന്‍ ലക്ഷ്യമിടുന്ന ഇന്ത്യയിലും കേസുകള്‍ ഇരട്ടിയിലധികമായി വര്‍ധിക്കുന്നത് വലിയ ആശങ്ക ഉയര്‍ത്തുന്നുണ്ട്.

2000 മുതല്‍ അഞ്ചാംപനി മുക്ത പദവി നിലനിര്‍ത്തിയിരുന്ന യു എസില്‍ രോഗവ്യാപനം വീണ്ടും സ്ഥിരമായ നിലയിലേക്ക് എത്തിച്ചേര്‍ന്നതാണ് ഈ തിരിച്ചടിക്ക് കാരണമായത്. യു എസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കുകള്‍ പ്രകാരം 2026 നവംബര്‍ 24 വരെ 6,039 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 2025ല്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത 2,289 കേസുകളേക്കാള്‍ ഇരട്ടിയിലധികമാണിത്. കിന്റര്‍ഗാര്‍ട്ടന്‍ കുട്ടികളിലെ എം എം ആര്‍ വാക്‌സിനേഷന്‍ കവറേജ് 2019-20 അധ്യയന വര്‍ഷത്തിലെ 95.2 ശതമാനത്തില്‍നിന്ന് 2025-26ല്‍ 92.4 ശതമാനമായി കുറഞ്ഞതാണ് രോഗവ്യാപനം വര്‍ധിക്കാന്‍ ഇടയാക്കിയത്. ഇതിലൂടെ ഏകദേശം 2,80,000 കുട്ടികള്‍ രോഗസാധ്യതയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അഞ്ചാംപനിയും റുബെല്ലയും തുടച്ചുനീക്കുന്നതിനായി നാഷണല്‍ സീറോ മീസില്‍സ് റുബെല്ല എലിമിനേഷന്‍ കാമ്പയിന്‍ 2025-26 വഴി ഇന്ത്യ മുന്നോട്ട് വെച്ച 2026 ലക്ഷ്യം വലിയ പ്രതിസന്ധിയിലാണ്. ലോകാരോഗ്യ സംഘടനയുടെ താല്‍ക്കാലിക നിരീക്ഷണ കണക്കുകള്‍ പ്രകാരം, 2026 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ 28,605 അഞ്ചാംപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2025ലെ ഇതേ കാലയളവില്‍ ഇത് 12,313 മാത്രമായിരുന്നു.

ഇന്ത്യയില്‍ ഇപ്പോഴും അഞ്ചാംപനി വ്യാപനം തുടരുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ റീജിയണല്‍ വെരിഫിക്കേഷന്‍ കമ്മീഷന്‍ വിലയിരുത്തുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ അഞ്ചാംപനി വാക്‌സിനേഷന്‍ കവറേജ് ഒന്നാം ഡോസിന് 93.7 ശതമാനവും രണ്ടാം ഡോസിന് 92.2 ശതമാനവുമാണ്. എല്ലാ ജില്ലകളിലും രണ്ട് ഡോസിലും 95 ശതമാനത്തിലധികം കവറേജ് കൈവരിക്കുകയാണ് ലക്ഷ്യമെങ്കിലും വാക്‌സിന്‍ എടുക്കുന്നതിലെ വിമുഖതയും പ്രതിരോധ പരിപാടികളിലെ തടസ്സങ്ങളും വെല്ലുവിളിയായി തുടരുന്നു.

വായുവിലൂടെ അതിവേഗം പകരുന്ന അഞ്ചാംപനി ബാധിച്ച ഒരാളില്‍നിന്ന് പ്രതിരോധശേഷിയില്ലാത്ത 18 പേരിലേക്ക് വരെ രോഗം പകരാം. രോഗപ്രതിരോധം ഉറപ്പാക്കാനും രോഗപ്പകര്‍ച്ച തടയാനും ജനസംഖ്യയിലെ 95 ശതമാനം ആളുകള്‍ക്കെങ്കിലും രണ്ട് ഡോസ് വാക്‌സിന്‍ നല്‍കേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ആഗോളതലത്തില്‍ 2024ല്‍ മാത്രം അഞ്ചാംപനി ബാധിച്ച് 95,000 പേര്‍ മരിച്ചതായാണ് കണക്ക്. ഇതില്‍ ഭൂരിഭാഗവും വാക്‌സിന്‍ ലഭിക്കാത്ത അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളാണ്. അതേസമയം, 2000 മുതല്‍ 2024 വരെയുള്ള കാലയളവില്‍ കൃത്യമായ വാക്‌സിനേഷനിലൂടെ ലോകമെമ്പാടുമായി ഏകദേശം 5.9 കോടി മരണങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചിട്ടുണ്ട്.

Content Highlights: The US lost its 26-year measles-free status after sustained transmission for over a year, alongside Mexico and Bolivia. India reported 28,605 cases between January and September 2026, more than double the previous year’s count. Declining immunization coverage threatens global elimination goals.

Latest