Connect with us

Kerala

ആദ്യഭര്‍ത്താവിനെ കൊല്ലാന്‍ കൂട്ടുനിന്നു; ഒടുക്കം യുവതിയേയും കൊന്നു: ശോഭ വധക്കേസില്‍ മഞ്ജുനാഥിന് ജീവപര്യന്തം

ശോഭയുടെ രണ്ടു മക്കളേയും ഇയാള്‍ ട്രെയിനില്‍ ഇരുത്തി മുംബൈയിലേക്കു നാടുകടത്തി

Published

|

Last Updated

കണ്ണൂര്‍ | ആദ്യഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഭാര്യക്കു കൂട്ടുനിന്ന കാമുകന്‍ ഒടുക്കം യുവതിയേയും കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധിച്ച് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി. കര്‍ണാടക സ്വദേശി ശോഭയെ ഇരിട്ടിയില്‍ വെച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടാം ഭര്‍ത്താവ് മഞ്ജുനാഥിന് ജീവപര്യന്തം തടവും മൂന്നു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുക ശോഭയുടെ രണ്ട് മക്കള്‍ക്ക് നല്‍കാന്‍ ഉത്തരവിട്ടു.

ആദ്യ ഭര്‍ത്താവായ രാജുവിനെ ശോഭയും മഞ്ജുനാഥും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. ഇക്കാര്യം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തിയപ്പോളാണ് ശോഭയെ കൊലപ്പെടുത്തിയത്. ആദ്യ വിവാഹത്തിലെ രണ്ടുമക്കളേയും ശോഭയേയും കൂടെ കൂട്ടിയ മഞ്ജുനാഥ് ശോഭയെ കൊന്ന ശേഷം രണ്ടുകുട്ടികളെ നാടുകടത്തിയിരുന്നു.

ഇയാള്‍ പിടിയിലായപ്പോളാണ് ശോഭയുടെ രണ്ടു മക്കളേയും ട്രെയിനില്‍ ഉപേക്ഷിച്ച കാര്യം പോലീസിനോട് പറയുന്നത്. കൊലയ്ക്കു ശേഷം കുട്ടികളെ മുംബൈയ്ക്കുള്ള ട്രെയിനിലിരുത്തി ഭക്ഷണം വാങ്ങാനെന്ന് പറഞ്ഞ് മഞ്ജുനാഥ് പുറത്തിറങ്ങി മുങ്ങുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ അന്നത്തെ എസ് ഐ അന്‍ഷാദ് മുംബൈയിലെത്തി കുട്ടികളെ കണ്ടെത്തി നാട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. അന്‍ഷാദാണ് കുട്ടികളെ ഇപ്പോള്‍ സംരക്ഷിക്കുന്നത്.

ജീവപര്യന്തം തടവാണ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി മഞ്ജുനാഥിന് വിധിച്ചത്. പിഴത്തുകയായ മൂന്ന് ലക്ഷം രൂപ അടച്ചില്ലെങ്കില്‍ ആറു മാസം അധിക തടവും അനുഭവിക്കണം. മഞ്ജു നാഥിനെതിരെ ചുമത്തിയിരുന്ന കൊലക്കുറ്റത്തിന് പുറമേ ജെ ജെ ആക്ട് പ്രകാരമുള്ള കുറ്റങ്ങളും തെളിഞ്ഞു. കേസ് അന്വേഷണത്തില്‍ പ്രധാന പങ്ക് വഹിച്ച ഇരിട്ടി സ്റ്റേഷനിലെ പ്രൊബേഷന്‍ എസ് ഐ ആയിരുന്ന അന്‍ഷാദിന്റെ ഇടപെടലിനെ കോടതി അഭിനന്ദിച്ചു.
ശോഭ കൊല്ലപ്പെടുമ്പോള്‍ അഞ്ച് വയസ് മാത്രം പ്രായമുണ്ടായിരുന്ന മൂത്ത മകന്റെ സാക്ഷി മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. അമ്മയെ രണ്ടാനച്ഛന് മഞജുനാഥ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുമ്പോള്‍ ദൃക്‌സാക്ഷിയായിരുന്നു ആ അഞ്ചു വയസുകാരന്‍.

2017 ജനുവരി 21നായിരുന്നു ശോഭയുടെ മൃതദേഹം ഇവര്‍ താമസിച്ചിരുന്ന ഇരിട്ടിയിലെ ഷെഡിന് സമീപത്തെ കിണറ്റില്‍ കണ്ടെത്തിയത്. ശോഭയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ത്തില്‍ വ്യക്തമായി. അന്വേഷണം രണ്ടാം ഭര്‍ത്താവായ മഞ്ജുനാഥിലേക്കെത്തി. ശോഭ കൊലക്കേസാണ് ഉയിര് എന്ന സിനിമയുടെ കഥക്ക് പ്രേരകമായത്.

Content Highlights: The Thalassery Additional Sessions Court sentenced Manjunath to life imprisonment and a Rs 3 lakh fine for murdering his second wife Shobha in Iritty in 2017 after she threatened to reveal their joint killing of her first husband. The court also convicted him under the JJ Act for abandoning her two children on a Mumbai-bound train and praised investigating officer Anshad who rescued them. The testimony of Shobha’s five-year-old son who witnessed the strangulation proved crucial in the case that inspired the film Uyire.

 

 

 

 

Latest