Articles
ദേശീയതയുടെ മാറുന്ന ഭാവങ്ങള്‍
കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യയില്‍ പ്രബലമായിക്കൊണ്ടിരിക്കുന്ന ദേശീയത സ്വാതന്ത്ര്യ സമരകാലത്ത് രൂപപ്പെട്ട ദേശീയബോധത്തിന്റെ നേര്‍വിപരീത ദിശയിലാണ് സഞ്ചരിക്കുന്നത്. ഇന്ന് രാജ്യത്ത് ശക്തിപ്പെടുന്നത് ഏകസ്വത്വത്തിലധിഷ്ഠിതമായ, ജനാധിപത്യവിരുദ്ധമായ വംശീയ ദേശീയതയാണ്. ഹിന്ദുത്വം എന്ന ആശയത്തിലൂടെ ഇതിനെ വ്യവസ്ഥാപിതമായി വളര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു
മുതലാളിത്തവും ആധുനികതയും ശക്തിപ്പെടുന്നതോടെ ദേശീയതയുടെയും വംശീയതയുടെയും സ്വാധീനം ക്രമേണ ദുര്‍ബലമാകുമെന്നായിരുന്നു സാമൂഹികശാസ്ത്ര പണ്ഡിതന്മാരുടെ ആദ്യകാല വിലയിരുത്തല്‍. എന്നാല്‍ ദേശീയത ശക്തമായൊരു സാമൂഹിക- രാഷ്ട്രീയ പ്രതിഭാസമായി തുടരുകയാണ്.
ദേശീയതയുടെ രണ്ട് മുഖങ്ങള്‍
വിശാലമായ അര്‍ഥത്തില്‍ ദേശീയതയെ രണ്ട് വിഭാഗങ്ങളായി തിരിക്കാം. പൗരദേശീയതയും (സിവിക് നാഷനലിസം) വംശീയ ദേശീയതയും (എത്നിക് നാഷനലിസം). സ്വാതന്ത്ര്യം, സമത്വം, നീതി, സാഹോദര്യം തുടങ്ങിയ പൊതുമൂല്യങ്ങളോടുള്ള ആദരവും ഭരണഘടനയിലുള്ള അചഞ്ചലമായ വിശ്വാസവുമാണ് പൗരദേശീയതയുടെ അടിത്തറ. വ്യത്യസ്ത മതവിശ്വാസങ്ങളും ഭാഷകളും സാമൂഹിക ആചാരങ്ങളും ഭക്ഷണ രീതികളും സാംസ്കാരിക പാരമ്പര്യങ്ങളുമുള്ള ജനങ്ങളെ ഒരു പൊതുവായ ദേശീയ സ്വത്വത്തിനു കീഴില്‍ ഒരുമിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഒരു പ്രത്യേക മതം, ഭാഷ, വംശം, സംസ്കാരം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ദേശീയ സ്വത്വത്തെ നിര്‍വചിക്കുന്നതാണ് വംശീയ ദേശീയത. ഒരു പ്രത്യേക സ്വത്വത്തെ രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവമായി ഉയര്‍ത്തിക്കാട്ടുകയും അതില്‍പ്പെടാത്ത മറ്റു സ്വത്വങ്ങളെ അപരവത്കരിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ രീതി. അതിനാല്‍ തന്നെ വംശീയ ദേശീയത ബഹുസ്വരതക്ക് പകരം ഏകസ്വത്വത്തിന് പ്രാധാന്യം നല്കുന്നു. ഭൂരിപക്ഷത്തിന്റെ സാംസ്കാരിക- മതപരമായ സ്വഭാവങ്ങളുമായി പൊരുത്തപ്പെടാത്ത വിഭാഗങ്ങളെ ദേശീയതയുടെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള പ്രവണതയും ഇതിനുണ്ട്.
ദേശീയതയുടെ പാരമ്പര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരകാലത്ത് രൂപംകൊണ്ട ദേശീയത അടിസ്ഥാനപരമായി പൗരദേശീയതയുടെ സ്വഭാവമുള്ളതായിരുന്നു. ഉള്‍ക്കൊള്ളലും സ്വാതന്ത്ര്യബോധവും ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും അതിന്റെ മുഖമുദ്രകളായിരുന്നു. രാജ്യം കൈവരിക്കേണ്ടത് വെറുമൊരു രാഷ്ട്രീയ സ്വാതന്ത്ര്യമല്ലെന്നും നീതി, സമത്വം, സ്വാതന്ത്ര്യം, മതനിരപേക്ഷത തുടങ്ങിയ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു സാമൂഹിക ക്രമമാണെന്നും അന്നത്തെ ദേശീയ പ്രസ്ഥാനം വിശ്വസിച്ചു. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ദേശീയതയുടെ ആദ്യകാല ചരിത്രത്തില്‍ ഒരുതരം പ്രണയാത്മകമായ ആദര്‍ശബോധം കാണാനാകും.
ഈ ദേശീയബോധത്തിന് ഭരണഘടനയുടെ ആവിര്‍ഭാവത്തോടെ കൂടുതല്‍ ശക്തമായ ജനാധിപത്യ അടിത്തറ ലഭിച്ചു. സ്വാതന്ത്ര്യസമരകാലത്ത് രൂപപ്പെട്ട ആശയങ്ങള്‍ ഭരണഘടനയിലൂടെ സ്ഥാപനവത്കരിച്ചു. മൗലികാവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യങ്ങളും ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത് ഇന്ത്യന്‍ സമൂഹത്തിന്റെ ചരിത്രപരമായ മാറ്റത്തിലെ നിര്‍ണായക വഴിത്തിരിവായിരുന്നു. ജാതിവ്യവസ്ഥ പോലുള്ള ലോകത്തിലെ ഏറ്റവും ക്രൂരമായ അടിച്ചമര്‍ത്തല്‍ സ്വഭാവമുള്ള സാമൂഹിക ഘടനകളിലൊന്നിനുള്ളില് ജനാധിപത്യപരമായ ഒരു രാഷ്ട്രസങ്കല്‍പ്പം രൂപപ്പെടാന്‍ ഇത് വഴിയൊരുക്കി.
സമകാലിക ദേശീയത
എന്നാല്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യയില്‍ പ്രബലമായിക്കൊണ്ടിരിക്കുന്ന ദേശീയത സ്വാതന്ത്ര്യ സമരകാലത്ത് രൂപപ്പെട്ട ദേശീയബോധത്തിന്റെ നേര്‍വിപരീത ദിശയിലാണ് സഞ്ചരിക്കുന്നത്. ഇന്ന് രാജ്യത്ത് ശക്തിപ്പെടുന്നത് ഏകസ്വത്വത്തിലധിഷ്ഠിതമായ ജനാധിപത്യവിരുദ്ധവുമായ വംശീയ ദേശീയതയാണ്. ഹിന്ദുത്വം എന്ന ആശയത്തിലൂടെ ഇതിനെ വ്യവസ്ഥാപിതമായി വളര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു. പൗരദേശീയതയെ വംശീയ ദേശീയതയാക്കി മാറ്റാനുള്ള സംഘടിത നീക്കങ്ങളാണ് ഇതിന്റെ പ്രധാന സവിശേഷത.
ഈ ദേശീയതയുടെ ഏറ്റവും പ്രകടമായ പ്രത്യേകത പുറന്തള്ളലാണ്. മതന്യൂനപക്ഷങ്ങള്‍, ദളിതര്‍, ആദിവാസികള്‍, സ്ത്രീകള്‍ തുടങ്ങിയ വിഭാഗങ്ങളെ ദേശീയതയുടെ മുഖ്യധാരയില്‍ നിന്ന് ക്രമേണ മാറ്റിനിര്‍ത്തുന്ന പ്രവണത കാണുന്നു. രാജ്യത്തിന്റെ സാംസ്കാരികവും രാഷ്ട്രീയവുമായ ഭാവനയില്‍ ഇവര്‍ക്ക് അര്‍ഹമായ ഇടം ലഭിക്കുന്നില്ല. പശുവിറച്ചി കഴിച്ചതിന്റെ പേരിലോ മറ്റേതെങ്കിലും ഭക്ഷണരീതിയുടെ പേരിലോ ആക്രമിക്കപ്പെടുമെന്ന ഭീതിയില്‍ കഴിയേണ്ടിവരുന്ന ജനവിഭാഗങ്ങളുടെ അനുഭവങ്ങള്‍ ഈ പുറന്തള്ളലിന്റെ ആഴം വ്യക്തമാക്കുന്നു. ഇന്ത്യയില്‍ വലതുപക്ഷ ദേശീയത മൂര്‍ച്ഛിക്കുകയാണ്. അതിന്റെ ആധിപത്യം ശക്തമാകുമ്പോള്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരും വര്‍ധിക്കുന്നു.
ദേശീയതയെ അടിച്ചമര്‍ത്തുന്നു
രാജ്യത്ത് ഉയര്‍ന്നുവരുന്ന മറ്റൊരു പ്രവണതയാണ് പ്രതിഷേധങ്ങളെയും വിയോജിപ്പുകളെയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളായി ചിത്രീകരിക്കുകയെന്നത്. വിമര്‍ശിക്കുന്നവരെ ദേശവിരുദ്ധര്‍, നഗര നക്സലുകള്‍, ദിമാഗി നക്സലുകള്‍ തുടങ്ങിയ വിശേഷണങ്ങള്‍ നല്കി മുദ്രകുത്തുന്ന രീതി ഇതിന്റെ ഉദാഹരണമാണ്. രാജ്യത്തെക്കുറിച്ച് സര്‍ഗാത്മകമായും ജനാധിപത്യപരമായും ഉള്‍ക്കൊള്ളലിന്റെ അടിസ്ഥാനത്തിലും ചിന്തിക്കാന്‍ ശ്രമിക്കുന്നവരെപ്പോലും ദേശീയതയുടെ ശത്രുക്കളായി ചിത്രീകരിക്കുന്നു.
സമാധാന ബോണ്ടുകളെക്കുറിച്ചും വ്യാപകമായ ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. സര്‍ക്കാറിന്റെ ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് കരുതുന്ന നടപടികള്‍ക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവരോട് ഇത്തരം ബോണ്ടുകളില്‍ ഒപ്പിടാന്‍ ആവശ്യപ്പെടുന്നത് പ്രതിഷേധങ്ങളെ നിശബ്ദമാക്കാനുള്ള മറ്റൊരു മാര്‍ഗമായി മാറിയിരിക്കുന്നു. വ്യത്യസ്തമായ ദേശീയസങ്കല്പ്പങ്ങളും ബദല്‍ രാഷ്ട്രീയ ഭാവനകളും മുന്നോട്ടുവെക്കാനുള്ള അവകാശത്തെപ്പോലും നിയമപരമായ നിയന്ത്രണങ്ങളിലൂടെ ഇല്ലാതാക്കാനുള്ള ശ്രമമാണിത്.






